2025 മാർച്ച് 03 ചൊവ്വ 1199 കുംഭം 20
വാർത്തകൾ
🗞️👉 സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET), പാലാ മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. 2026 മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന സമ്മിറ്റിൽ കാർഷികം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും വിദഗ്ധർ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും.
🗞️👉 ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്ക് വളർന്നുവരുന്ന ഭീഷണിയാണ്. ഇറാനെതിരായ ആക്രമണത്തിൽ എല്ലാവരും തങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചു. സൈനിക നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
🗞️👉 മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ചില വിമാനസർവീസുകൾ ആരംഭിച്ചതായി ദുബായ് എയർപോർട്ട്സ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂo വിമാനത്താവളത്തിൽ നിന്നുമുള്ള പരിമിതമായ സർവീസുകൾ ഉണ്ടാകും. നേരിട്ട് ഫോൺ വരാതെ ആരും എയർപോർട്ടിലേക്ക് വരരുതെന്നും ദുബായ് എയർപോർട്ട് നിർദേശം നൽകി.
🗞️👉 ഇറാനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ. യുഎസും ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കാൻ തയാറാണെന്ന് തുർക്കി പ്രസിഡന്റ് സന്നദ്ധത അറിയിച്ചു. “ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും, കണ്ണുനീർ ഒഴുകുന്നത് നിർത്തണമെന്നും, വർഷങ്ങളായി നമ്മുടെ പ്രദേശം അത് ആഗ്രഹിച്ചിരുന്ന ശാശ്വത സമാധാനം കൈവരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,”എർദോഗൻ പറഞ്ഞു.
🗞️👉 ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ പദ്ധതിയില്ലെന്ന് നാറ്റോ. ഇറാനെതിരെയുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും സൈനിക നടപടിയെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രശംസിച്ചു. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം അനിവാര്യമാണെന്നും ഇറാന്റെ നിരായുധീകരണം ആവശ്യമാണെന്നും നാറ്റോ പ്രതികരിച്ചു. എന്നാൽ സഖ്യമെന്ന നിലയ്ക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ പങ്കുചേരില്ലെന്ന് നാറ്റോ വ്യക്തമാക്കി.
🗞️👉 പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെ നന്ദി അറിയിച്ചുവെന്നും നെതന്യാഹു. ഇസ്രയേലിലെ ബെയ്ത്ത് ഷെമേഷിൽ വെച്ച് മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.
🗞️👉 ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ 10 പേർക്ക് കൂടി പരുക്ക്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 68 ആയി. ഇന്ന് 148 ഡ്രോൺ ആക്രമണങ്ങൾ നടന്നു. 9 ബാലിസ്റ്റിക് മിസൈലുകളും, 6 ക്രൂയിസ് മിസൈലുകളും യു.എ.ഇയിലെത്തി. ഇറാന്റെ രണ്ട് ഫൈറ്റർ ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ഖത്തർ. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വീഴ്ത്തിയെന്നും അഞ്ച് ഡ്രോണുകൾ തടഞ്ഞെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🗞️👉 ബോധ്യങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ്. ഭയമോ പക്ഷപാതമോ കൂടാതെയാണ് ജൂഡിഷ്യൽ ഓഫിസർ ജോലി ചെയ്തിട്ടുള്ളത്. സത്യസന്ധതയെ ഒരു തരത്തിലും ബാധിക്കാതെ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും ഹണി എം വർഗീസ് പറഞ്ഞു. എറണാകുളം ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ജഡ്ജിയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിലെ ഹണി എം വർഗീസിന്റെ വിധിക്കെതിരെ വിമർശനം ഉയർന്നിരുന്നു.
🗞️👉 യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിക്കൊപ്പം മകളും മരുമകനും കൊല്ലപ്പെട്ടിരുന്നു.
🗞️👉 രാമപുരം: ‘രക്ത ദാനം മഹാദാനം’ ഈ സന്ദേശം ഓര്മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു. രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള , വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.













