പാലാ വിഷൻ ന്യൂസ്
ജൂൺ 6, 2023 ചൊവ്വ 1198 ഇടവം 23
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
🍅🍅🍅🍅🍅🍅🍅🍅🍅🍅
വാർത്തകൾ
🗞🏵 ദിവസങ്ങൾ നീണ്ട ശാന്തതയ്ക്കൊടുവിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ ഇംഫാലിൽ കുക്കി – മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാംഗ്ചുപ് മേഖലയിൽ നടന്ന സംഘർഷത്തിലാണ് നാല് പേർ മരിച്ചത്.
🗞🏵 മണിപ്പുര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോണ്‍ഗ്രസ്-എം എംപി തോമസ് ചാഴികാടന്. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പൂര്‍ ഡിസ്ട്രിക് ക്രിസ്റ്റ്യന്‍സ് ഗുഡ്വില് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ മെയ് പത്തുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 121 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടത്.
🗞🏵 നാറ്റോ സേനയ്ക്ക് പിന്തുണയുമായി തുർക്കി സൈന്യം ബാൾക്കൻ രാജ്യമായ കൊസോവോയിലെത്തി. നാറ്റോയുടെ നേതൃത്വത്തിലുള്ള സമാധാന സേനയെ ശക്തിപ്പെടുത്താനാണ് 500 തുർക്കിഷ് കമാൻഡോ ബറ്റാലിയൻ എത്തിയത്.സെർബുകൾ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ അൽബേനിയൻ വിഭാഗം വിജയിച്ചതിന് ശേഷമാണ് അക്രമം വ്യാപിച്ചത്.
🗞🏵 അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമാകും.
🗞🏵 എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങൾ ഞായർ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാൽ തിങ്കൾ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 2023ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാം. നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്. കേരള പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ ഒരു കാരണവശാലും പരിഗണിക്കില്ല.
🗞🏵 എല്‍കെജി , യുകെജി , പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷന്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 സർവ്വകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
🗞🏵 സോളാർ അന്വേഷണ കമ്മീഷനെതിരേ സിപിഐ നേതാവ് സി. ദിവാകരൻ ഉന്നയിച്ച ആക്ഷേപം ഗുരുതരമേറിയതാണെന്നും ഈ സാഹചര്യത്തിൽ സോളാർ വിവാദത്തിൽ ജുഡീഷൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും ചാണ്ടി ഉമ്മൻ. സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും വീണ്ടും അന്വേഷിക്കണം ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
🗞🏵 സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പട്ടികജാതി, പട്ടിക വർഗ, ഒഇസി വിഭാഗം വിദ്യാർഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ഈ മാസം 15 നകം തുക വിതരണം ചെയ്യും.
🗞🏵 അമൽജ്യോതി എൻജിനിയറിംഗ് കോളജ് രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിക്കുന്നത് വേദനാജനകമാണെന്ന് കോളജ് അധികൃതർ. സുതാര്യമായ അന്വേഷണത്തിലൂടെ കാരണങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് കത്ത് സമർപ്പിച്ചതായും കോളജ് അധികൃതർ അറിയിച്ചു.
🗞🏵 ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് ചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റ് സേവനദാതാക്കള്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.
🗞🏵 നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്നും സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്നും ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി. തന്റെ അർധനഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമർശം.
🗞🏵 മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ വിദഗ്ധ അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുളള അന്വേഷണ കമ്മീഷനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. അജയ് ലാംബയ്ക്ക് പുറമേ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, വിരമിച്ച ഐപിഎസ് ഓഫീസർ അലോഗ പ്രഭാകർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.
🗞🏵 അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. 3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.ഡ്രോണിൻ്റെ ശബ്ദം കേട്ട അതിർത്തി സംരക്ഷണ സേന വെടിയുതിർക്കുകയായിരുന്നു
🗞🏵 ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി.അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും.
🗞🏵 ഡല്‍ഹിയില്‍ നടക്കുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധ സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്‍മാറി. വടക്കന്‍ റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥയായ അവര്‍ അവിടെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ച ഫലപ്രദമായില്ലങ്കിലും ചില ഗുസ്തിതാരങ്ങള്‍ പ്രതിഷേധ സമരത്തില്‍ നിന്നും പിന്‍മാറുമെന്ന് അപ്പോള്‍ തന്നെ സൂചനയുണ്ടായിരുന്നു
🗞🏵 വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേന പന്ത്രണ്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെർവർ റൂമിലാണ് തീപിടുത്തം ഉണ്ടായത്.
🗞🏵 ബിഹാറില്‍ ഗംഗാനദിയ്ക്ക് കുറുകെ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്ത്. പാലത്തിന്റെ രൂപകൽപ്പനയിൽ വിദഗ്ധര്‍ ഗുരുതരപിഴവുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലം തകര്‍ക്കുകയായിരുന്നു എന്ന് തേജസ്വി യാദവ് വ്യക്തമാക്കി.
🗞🏵 കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പ്രതിയും രാഷ്ട്രീയ നേതാവ് കൂടിയായ ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് വിധിച്ച് ഉത്തര്‍പ്രദേശ് കോടതി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അജയ് റായിയുടെ സഹോദരന്‍ അവദേശ് റായിയെ 1991 ഓഗസ്റ്റ് 31ന് വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് വാരണാസി എം.പി/എംഎല്‍എ ആയിരുന്ന മുക്താര്‍ അന്‍സാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
🗞🏵 ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുന്‍ റെയില്‍വേ മന്ത്രികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.
റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പൊള്ളയായ അവകാശവാദങ്ങള്‍ എല്ലാം തെളിയുന്നതാണ് അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറയുന്നു. റെയില്‍വേ ജീവനക്കാരുടെ ഒഴിവുകള്‍, സിഗ്‌നല്‍ സംവിധാനത്തിലെ പോരായ്മകള്‍, സുരക്ഷാവീഴ്ചകള്‍ എല്ലാം നാല് പേജുള്ള കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.
🗞🏵 രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്‌കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.
🗞🏵 ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് പിടിയിലായത്.യാത്രക്കാരാണ് അക്രമിയെ പിടികൂടി ആർപിഎഫിന് കൈമാറിയത്.
🗞🏵 മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീർ (33) ആണ് അഞ്ചു മാസങ്ങൾക്കുശേഷം പിടിയിലായത്. മദ്രസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡന്റുമായ യു. അഷ്റഫ് സഖാഫിയെ വീടിന് സമീപത്തുവെച്ച് വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
🗞🏵 ജനവാസ മേഖലകളിലെ ജല സ്രോതസുകളിൽ രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കൊല്ലം ഏരൂർ പത്തടി വഞ്ചിപ്പടി ഭാരതിപുരം സ്വദേശി നൗഫൽ(33), ഏറണാകുളം മട്ടാഞ്ചേരി സീലാട്ടു പറമ്പിൽ സ്വദേശി അഫ്സൽ(38), കോട്ടയം ചെങ്ങണം വില്ലേജിൽ കടുക് മുപ്പതിൽ അക്ഷയ്(23) എന്നിവരാണ് പിടിയിലായത്.
🗞🏵 കോഴിക്കോട് നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കല്ലായി ബറോപ്പ് പറമ്പ് വീട്ടിൽ ആലിക്കോയയുടെ മകൻ കെ.പി. ഹർഷാദ് അലിയാണ് (32) പിടിയിലായത്.
🗞🏵 എറണാകുളം തമ്മാനിമറ്റം മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ലഭിച്ചു. പിറവം നെച്ചൂർ കടവിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്.
🗞🏵 ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ തൃശൂർ തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
🗞🏵 വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.
10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.
🗞🏵 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വന്‍ജനാവലിക്ക് മുന്‍പാകെ ഫ്രാന്‍സിസ് പാപ്പ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ഇരകളെ അനുസ്മരിച്ചു. ദുരന്തത്തിന് ഇരയായവരെയും അവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുകയാണെന്നും സ്വർഗ്ഗസ്ഥനായ പിതാവ്, മരിച്ചവരുടെ ആത്മാക്കളെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. കാണാം വീഡിയോ. ഇക്കഴിഞ്ഞ ദിവസം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയും പ്രാര്‍ത്ഥന അറിയിച്ചും പാപ്പ ടെലഗ്രാം സന്ദേശം ഇന്ത്യക്ക് കൈമാറിയിരിന്നു.
🗞🏵 ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ ഇരകളാക്കപ്പെട്ടവർക്ക് കൈത്താങ്ങായി ബാലസോർ കത്തോലിക്ക രൂപത. അപകടവാർത്ത പുറത്തുവന്നതിന് പിന്നാലെ ബാലസോർ രൂപതയുടെ നേതൃത്വത്തില്‍ രാത്രിയിൽ തന്നെ മെഡിക്കൽ സഹായം അടക്കമുള്ളവയുമായി സംഭവ സ്ഥലത്തു സജീവമായി. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതി ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ അടക്കം ചെയ്തു നൽകാനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവർക്ക് ഭക്ഷണവും വെള്ളവും മറ്റ് സഹായവും ലഭ്യമാക്കുവാനും രൂപത ടീം ശ്രദ്ധിച്ചിരിന്നു. ഇതിനിടെ ആശുപത്രിയുടെ ഡയറക്ടർ ഫാ. പീറ്ററും, ഏതാനും സന്യാസിനികളും അപകടം നടന്ന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
🗞🏵 വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തില്‍ കയറി പോളിഷ് സ്വദേശി നഗ്നത പ്രദർശിപ്പിച്ചതിന് പിന്നാലെ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ ഗാംബേറ്റി ദേവാലയത്തിനുള്ളിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ അർപ്പിച്ചു. കാനോൻ നിയമപ്രകാരമാണ് പ്രായശ്ചിത്ത പ്രാർത്ഥനകൾ നടന്നത്. വിശ്വാസപ്രമാണം ചൊല്ലിയതിനു ശേഷം കർദ്ദിനാൾ ശുദ്ധീകരണത്തിന്റെ അടയാളമായി വിശുദ്ധ ജലം ആശിർവദിച്ചതിനുശേഷം അത് ബലിപീഠത്തിന്റെ മുകളിൽ തളിച്ചു പ്രാര്‍ത്ഥന നടത്തുകയായിരിന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7