2025 ജൂൺ 27 വെള്ളി 1199 മിഥുനം 13
വാർത്തകൾ
🗞️👉 കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 27) അവധി
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
🗞️👉 ഖനനം നിരോധിച്ചു
കോട്ടയം: അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
🗞️👉 ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം ; ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്.
മദ്യമയക്കുമരുന്ന് സംസ്കാരം മനുഷ്യന്റെ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. മയക്കുമരുന്നുകളുടെ സ്വാധീനം സംസ്ഥാനത്ത് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും ബിഷപ് പറഞ്ഞു.
🗞️👉 ദുക്റാന തിരുനാളിലെ പൊതുഅവധി ആവശ്യം ; മന്ത്രിമാർക്ക് നിവേദനം നൽകി എസ്എംവൈഎം
പാലാ: ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, ദുക്റാന ദിനത്തിൽ പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത തിരുവനന്തപുരത്തെത്തി മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു, കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.
🗞️👉 ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല
ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്.
🗞️👉 ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസ് നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസ് നടത്തി. ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യത്തെ കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ നീതു ജോർജ് ക്ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മാരായ നിർമ്മൽ കുര്യാക്കോസ് , ഷീനാ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
🗞️👉 ഉന്നതിയിൽ കുടുങ്ങിയ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചെത്തി
നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിൽ കുടുങ്ങിയ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചെത്തി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിനെ തുടർന്നാണ് ആര്യാടൻ ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. എൻജിൻ തകരാർ പരിഹരിച്ചാണ് ചാലിയാറിന് ഇപ്പുറം ഷൗക്കത്തിനെയും സംഘത്തേയും എത്തിച്ചത്.
🗞️👉 സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണം
കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ സാമൂഹിക സുരക്ഷാ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.2024 വർഷത്തെ വാർഷിക മസ്റ്ററിംഗ് ജൂൺ24 വരെ ചെയ്ത ഗുണഭോക്താക്കളും 2025 വർഷത്തെ മസ്റ്ററിംഗ് ഈ കാലയളവിൽ പൂർത്തിയാക്കണം. ഇ – മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2712370.
🗞️👉 വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി
വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി സംശയം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് അധികാരമുണ്ട് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചെയ്താല്‍ അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന് ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമിതിയും ഇക്കാര്യത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന് അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️👉 കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂർ,എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും ഇന്ന് (ജൂൺ 27 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കടനാട് പള്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തപ്പെട്ടു.
എസ് .എം .വൈ .എം കടനാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ കടനാട് പള്ളിയിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തപ്പെട്ടു.













