2025 ജൂൺ 26 വ്യാഴം 1199 മിഥുനം 12
വാർത്തകൾ
🗞️👉 യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറിലെത്തി
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തി. .ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു. ഖത്തര്‍ അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി, നിരവധി ഷെയ്ഖുമാര്‍, ഉന്നത തല പ്രതിനിധികള്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
🗞️👉 പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് കേരള സർക്കാർ. എതിർപ്പുമായി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തിൽ എ ബി വി പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചു.
🗞️👉 വയനാട്ടിലെ സംഭവത്തിൽ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ
വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
🗞️👉 ‘നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ല ; സിപിഐഎമ്മിന്റെ വിലയിരുത്തല്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചുവെന്നുമാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
🗞️👉 മഴ മുന്നറിയിപ്പ് പുതുക്കി; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും (ജൂണ്‍ 26) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 25 -28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 26-28 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 -50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
🗞️👉 ‘അടങ്ങാതെ കാട്ടാനക്കലി’; നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്.













