2025 ജൂലൈ 29 ചൊവ്വ 1199 കർക്കടകം 12
വാർത്തകൾ
🗞️👉 ‘ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വിഎസിനെ ആക്രമിക്കാൻ ശ്രമം; എം സ്വരാജ്
ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വി എസിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നു. ആരോഗ്യവാനായ കാലത്ത് വി എസ് എല്ലാത്തിനും മറുപടി നൽകി. മാധ്യമങ്ങളുടേത് കല്പിത കഥകളെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. വി എസ് എന്ന രണ്ട് അക്ഷരം വിവാദത്തിൽ കുരുക്കാൻ ശ്രമമെന്നും ഇത് അനാദരവാണെന്നും അദേഹം പറഞ്ഞു.
🗞️👉 മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു
കോട്ടയം: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ പാലോലില്‍ അധ്യക്ഷത വഹിച്ചു. എല്ലാ തിങ്കളാഴ്ചകളിലും വെറ്ററിനറി സര്‍ജറി യൂണിറ്റ് മരങ്ങാട്ടുപിള്ളിയില്‍ പ്രവര്‍ത്തിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ നടത്തും.
🗞️👉 മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു : ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ
പാലാ :ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ . ഡോ. ഫാ . ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് പാലായിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്‌ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം. രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ ഫ്ലാഗ് ഓഫ് ചെയ്ത ധർണയിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, ആൻസമ്മ സാബു, ജോയി കണിപ്പറമ്പിൽ, ജോൺസൺ ചെറുവള്ളി, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ക്ലിൻറ് അരീപ്ലാക്കൽ,ജോസഫ് ചീനോത്തുപറമ്പിൽ, ബേബിച്ചൻ അഴിയാത്ത്, ജോയി ചന്ദ്രൻകുന്നേൽ, ജോർജ് തൊടുവിനാൽ, ബെല്ലാ സിബി, ലൈസമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
🗞️👉 ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവം അപലപനീയം: എസ്എംവൈഎം പാലാ രൂപത
പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണിത്.
🗞️👉 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്ന് യോഗം ചേർന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിലാണ് മരിച്ചവർക്കായി അന്ത്യവിശ്രമം ഒരുക്കിയത്. പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം 64 സെന്റ് സ്ഥലം ശവസംസ്‌കാരത്തിനായി വിട്ടുനൽകുകയായിരുന്നു. സർവമത പ്രാർഥനയോടെയായിരുന്നു മൃതദേഹങ്ങൾ സംസ്കരിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.