2024 ജൂലൈ 27 ശനി 1199 കർക്കിടകം 12
വാർത്തകൾ
• ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് പാപ്പാ
ഒളിമ്പിക്‌സ് മത്സരങ്ങൾ നിലവിലുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമിടട്ടെയെന്നും, ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിലെ പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിറുത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ അധികാരങ്ങൾ കൈയ്യാളുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
• കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത
കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
• ഷെർണൂർ-കണ്ണൂർ ട്രെയിൻ മൂന്ന് മാസത്തേക്ക് നീട്ടി
യാത്രാ തിരക്ക് കുറയ്ക്കാൻ ഷെർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ ട്രെയിൻ മൂന്ന് മാസത്തേക്ക് കൂടി നിർത്തി. ഒക്ടോബർ 31 വരെ നീട്ടിയാണ് റെയിൽവേ ഉത്തരവിറക്കിയത്. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിലേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷെർണൂരേക്കുമാണ് സർവീസ് നടത്തുക.
• കാർഗിൽ ഓർമകളിൽ രാജ്യം; യുദ്ധവിജയത്തിന് 25 വയസ്
കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ സ്മരണയിൽ രാജ്യം. 1999 മേയ് മുതൽ രണ്ടരമാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. ആണവശക്തിയായ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിന്റെ അവസാനം സമ്പൂർണ വിജയം ഇന്ത്യയ്ക്കായിരുന്നു. കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി വിപുലമായി ആചരിക്കാനൊരുങ്ങുകയാണ് രാജ്യം.
• പാരീസിൽ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം
പാരീസ് ഒളിമ്പിക്സിന് തിരശ്ശീല ഉയരുമ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് അഞ്ജു ബോബി ജോർജ്. നീരജ് ചോപ്രയ്ക്ക് വീണ്ടും മെഡൽ ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കരുത്തുള്ളവരാണ് പുരുഷ റിലേ ടീമെന്നും ആശംസകൾ നേർന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യ മെഡൽനേടുന്ന ഇന്ത്യൻ താരമായി അഞ്ജു ബേബി ജോർജിനെ മാറ്റിയത് പാരീസിലെ സ്റ്റേഡിയമായിരുന്നു.
• അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് തടികൾ ലഭിച്ചു’
അർജുന്റെ ലോറി അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവച്ച് പ്രദേശവാസികൾ. അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് ലോറിയിൽ ഉണ്ടായിരുന്ന തടികൾ ലഭിച്ചെന്ന് പ്രദേശവാസി. തടിയിൽ ഡീസലിന്റെ അംശം ഉണ്ടായിരുന്നതായും ആക്കോട് നിവാസി അറിയിച്ചു. കുറേ തടികൾ ഒഴികുപ്പോയെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അതേസമയം, അർജുൻ ചായക്കടയിൽ എത്തിയിട്ടുണ്ടാകാമെന്ന സാധ്യത പരിഗണിച്ച് രക്ഷാപ്രവർത്തനം നടത്തും.
• അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്
അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരും. തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം ഇന്നലെ പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഗംഗാവലി പുഴയിൽ മൂന്നിടത്ത് ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
• ഭീഷണിയായി ന്യൂനമർദ്ദ പാത്തി; അഞ്ചിടത്ത് യെല്ലോ അലേർട്ട്
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ മഴ തുടരും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
• രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപകീർത്തിക്കേസിൽ ഇന്ന് ഉത്തർപ്രദേശിലെ എംപി-എംഎൽഎ കോടതിയിൽ ഹാജരാകും. കോൺഗ്രസ് സുൽത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണയാണ് ഇക്കാര്യം അറിയിച്ചത്. അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ 2018 ആഗസ്റ്റ് നാലിനാണ് ബിജെപിയുടെ പ്രാദേശിക നേതാവ് വിജയ് മിശ്ര രഹുലിനെതിരെ കേസ് കൊടുത്തത്.
- പാലാ പാഠപുസ്തകമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വിശുദ്ധകുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്. സഭയുടെ മാത്രമല്ല സമുദായത്തിന്റേയും ചരിത്രമാണ് പാലാ രൂപത. ജീവതംകൊണ്ട് കുടുംബങ്ങളെ ബലപ്പെടുത്താൻ പാലാ രൂപതയ്ക്ക് കഴിഞ്ഞു. സുവിശേഷസാക്ഷ്യത്തിന്റെ സുഗന്ധമുള്ള കുടുംബങ്ങളാണ് പാലായിലേത്. ചെറുപുഷ്പമിഷൻ ലീഗും മിഷനറീസ് ഓഫ് സെന്റ് തോമസടക്കം പ്രേഷിതരംഗത്ത് പാലാ നൽകിയിട്ടുള്ള സംഭാവനയേറെയാണ്.
- പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ
പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത് എന്ന് കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് മഠത്തിപ്പറന്പിൽ, ഫാ. സോബിൻ പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
- ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവും നടത്തി
ലോകത്തിലെ ഇരു നൂറിലധികം രാജ്യങ്ങളിൽ നിന്ന് കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക ഉത്സവമാണ് ഒളിമ്പിക്സ് . നീളും വീതിയും 3:2 എന്ന ബന്ധത്തിലുള്ള വെളുത്ത പതാകയിൽ തീർത്തതും വിവിധ ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതുമായ ബ്ലൂ .ഗ്രീൻ റെഡ് ,യെല്ലോ ,ബ്ലായ്ക്ക് എന്നീ നിറങ്ങളിലുള്ള വളയങ്ങൾ സ്കൂൾ മുറ്റത്ത് നിർമ്മിച്ചിരുന്നു. കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയോടെ ഒത്തൊരുമയോടെ എന്നീ ആപ്ത വാക്യങ്ങൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചിരുന്നു ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന്റെ പ്രതീകാത്മകമായ അവതരണം നടത്തി ‘കുമാരി റീമ എബി ദീപശിഖാ പ്രയാണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബിച്ചൻ കീക്കോലിൽ, പ്രിൻസിപ്പാൾ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ശ്രീ സെൻ അ ബ്രാഹം ,ബിജു എൻ.ഫിലിപ്പ് ശ്രീമതി സോഫി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
- ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംഗ്ഷൻ മുതൽ മിസ് കുമാരി റോഡ് ജംഗ്ഷൻ വരെ ഇന്നു വൈകുന്നേരം 6 മുതൽ രാത്രി 9 വരെയും പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടു മുതൽ രാത്രി 8 വരെയും ടൗണിൽ വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ ആളിറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിൽ എത്തണം. പാലായിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ അൽഫോൻസാ ടവറിനു മുമ്പിൽ ആളിറക്കി മെയിൻ റോഡിലൂടെ പോകണം. പാലാ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വട്ടോളി പാലത്തിന് സമീപവും ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്ര ഭാഗത്തും പാർക്ക് ചെയ്യണം. ചെറു വാഹനങ്ങൾ തീർത്ഥാടന കേന്ദ്രത്തിന് സമീപം സ്കൂൾ മൈതാനം, എസ്.എച്ച് ഗ്രൗണ്ട്, മുതുപ്ലാക്കൽ ഗ്രൗണ്ട്, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാതൃഭവന് മുമ്പിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംഗ്ഷൻ മുതൽ അൽഫോൻസാ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്കു തടിവണ്ടികൾക്കും വലിയവാഹനങ്ങൾക്കും വൈകുന്നേരം 3 മണി മുതൽ 10 മണി വരെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നാളെ തീർത്ഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസാ ഗേറ്റ് വഴി പള്ളിമുറ്റത്ത് പ്രവേശിച്ച് ഇടവക ദൈവാലയത്തിന്റെ മുമ്പിൽകൂടി പുറത്തേക്ക് പോകേണ്ടതാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 9 മണി വരെ ഗ്രൗണ്ടിൽ വൺവേ ആയിരിക്കും. പാലാ D Y S P കെ. സദൻറെയും പാലാ എസ്.എച്ച്.ഒ. ജോബിൻ ആൻറെണിയുടെയും നേതൃത്വത്തിൽ എടുത്ത തീരുമാനം തീർത്ഥാടനകേന്ദ്രെ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision