2025 ജൂലൈ 26 ശനി 1199 കർക്കടകം 10
വാർത്തകൾ
🗞️👉 കോട്ടയം ജില്ലയിൽ ജൂലൈ 26 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
🗞️👉 ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു. ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് പഴയപള്ളിയിൽ നടന്ന സമ്മേളനം പഴപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എംവൈഎം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. ആൻ്റണി നങ്ങാപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ഫൊറോന പ്രസിഡൻ്റ് ഡിൻ്റോ ഡേവിസ്, ഫാ. ആൻ്റണി വില്ലന്താനത്ത്, എഡ്വിൻ ജെയ്സ്, റിച്ചു എസ്. കാപ്പൻ , സാം സണ്ണി, ബിയോ ബെന്നി, ജിബിൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
🗞️👉 സ്കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റാം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരും. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമവായം. അടുത്തവര്‍ഷം ചര്‍ച്ചകള്‍ നടത്താമെന്ന്മന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ അറിയിച്ചു. സമയമാറ്റത്തിന്റെ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി വിദഗ്ധസന്ധി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
🗞️👉 ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍
കണ്ണൂരില്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്നലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ജയില്‍ മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജയില്‍ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്കിയ മൊഴി. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലില്‍ ഇയാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരന് കൂടി ഈ സെല്ലില്‍ ഉണ്ട്.












