2025 ജൂലൈ 22 ചൊവ്വ 1199 കർക്കടകം 06
വാർത്തകൾ
🗞️👉 വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ; സഖാവിനു വിട
തിരുവനന്തപുരം : സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്നലെ വൈകിട്ട് 3.20ന് എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
🗞️👉 ഇന്ന് പൊതുഅവധി: വിഎസിന് വിട നൽകാൻ കേരളം; സംസ്കാരം ബുധനാഴ്ച
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.
🗞️👉 രാമപുരം കോളേജിൽ വിജയദിനാഘോഷം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആദരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിനെ ചടങ്ങിൽ ആദരിച്ചു.
🗞️👉 അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രമായി
പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത എസ്എംവൈഎം – ജീസസ്സ് യൂത്ത് അംഗങ്ങൾ നടത്തിയ തീർഥാടനം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് യുവജനങ്ങളാണ് 20 ഫൊറോനകളിൽ നിന്നായി എത്തിച്ചേർന്നത്.