2025 ജൂലൈ 16 ബുധൻ 1199 മിഥുനം 32
വാർത്തകൾ
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു.
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിലെ കെ.സി.എസ്.എൽ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ KCSL പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും കുമാരി. ദിയ ജിമ്മി കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി. ആൻമരിയ ജോൺസൺ, മാസ്റ്റർ. ജെറിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. എബിൻ ജോസഫ്, ശ്രീ.ജോബോയി ആൻ്റണി, സി.തേജസ് CMC, സി.അമല SD തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
🗞️👉 ലോകയുവജന നൈപുണ്യദിനം,: ദേവമാതാ കോളജിൽ പരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു
കുറവിലങ്ങാട്: ലോക യുവജനനൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേവമാതായിൽ
വിദ്യാർത്ഥികൾക്കായി നൈപുണ്യവികസനപരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു. ഐക്യരാഷ്ട്രരക്ഷാ സഭ ജൂലൈ 15 യുവജനനൈപുണ്യദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികൾക്ക് നൈപുണികൾ വളർത്തുന്നതിന് ആവശ്യമായ വിദഗ്ധപരിശീലനം 2025 ജൂൺ 28 മുതൽ ജൂലൈ 15 വരെ നൽകുകയുണ്ടായി. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ തങ്ങളുടെപഠന വകുപ്പുകൾക്ക് കീഴിൽ വിവിധസ്റ്റാളുകളിൽ കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നു. ജൂലൈ 15 ന് നടന്ന യുവജനനൈപുണ്യദിനസമ്മേളനം അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ സിനോ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു.
🗞️👉 എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ്. എറണാകുളം കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
🗞️👉 വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നു. ഇത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം. രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു.
🗞️👉 ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി
ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
🗞️👉 സർവകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് അധികാരം ഇല്ല, ഷിജു ഖാൻ
രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നിർദേശത്തിൽ എതിർപ്പുമായി സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ. വി സിയുടെ നിദേശം ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ വസ്തുവകകളിൽ വിസിയ്ക്ക് അധികാരം ഇല്ല. പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
🗞️👉 നിലപാട് കടുപ്പിച്ച് എന്‍സിപി അജിത് പവാര്‍ വിഭാഗം; എ കെ ശശീന്ദ്രനും തോമസ് കെ തോമസും പ്രതിരോധത്തില്‍
ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കേണ്ടിവരുമോ? എന്‍സിപിയില്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയവൈരം വൈകിയാണെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്. മന്ത്രി എ കെ ശശീന്ദ്രന്, തോമസ് കെ തോമസ് എന്നിവരാണ് അയോഗ്യതാ ഭീഷണി നേരിടുന്ന എംഎല്‍എമാര്‍.













