2025 ജൂലൈ 07 തിങ്കൾ 1199 മിഥുനം 23
വാർത്തകൾ
🗞️👉 ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയം ; രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെ ഭയന്നതുകൊണ്ടാണ് പകൽവെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിൽ പോകാതിരുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെട്ടിടം ആരോഗ്യം മന്ത്രി തള്ളിയിട്ടത് അല്ല. ആരോഗ്യമന്ത്രിയുടെ ഭരണ വൈകല്യം കൊണ്ട് താഴെ വീണതാണെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 ‘ഒരു യുഗത്തിന്റെ അവസാനം ‘; പാകിസ്താൻ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
പാകിസ്താനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് .25 വർഷത്തെ സേവനകൾക്കാണ് അവസാനമാകുന്നത്. 2000 ജൂണിലാണ് കമ്പനി പാകിസ്താനിൽ പ്രവർത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഒരു യുഗത്തിന്റെ അവസാനം…..മൈക്രോസോഫ്റ്റ് പാകിസ്താൻ ‘ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്.പാകിസ്താനിൽ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിർത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് ഐ ടി മന്ത്രിയോടും പാകിസ്താൻ സർക്കാരിനോടും അഭ്യർത്ഥിച്ചതായും റഹ്‌മാൻ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
🗞️👉 കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്
കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ. നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി. ഇന്ന് തന്നെ ചുമതലയെടുക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. 4.30 യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു. ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം.
🗞️👉 പ്രഥമാധ്യാപകർക്കായി കൈറ്റ് ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്നുമുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ ( കൈറ്റ്) നേതൃത്വത്തില്‍ ജില്ലയിൽ നടന്ന ഹൈസ്കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും പങ്കെടുത്തു.
🗞️👉 കാളികാവിലെ നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി
കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് രണ്ട് ടീമുകളായിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നത്. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്.
🗞️👉 തിരുവനന്തപുരം നെയ്യാറിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരുക്ക്
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 7 .50 ഓടുകൂടി നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്.
🗞️👉 ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിക്കാണ് കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ആദ്യഘട്ടമെന്നോണം ധനസഹായം കുടുംബത്തിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിന്റെ ധനസഹായത്തിന് വേണ്ടിയുള്ള ഒരു റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് കൈമാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുക.













