2025 ജൂലൈ 03 വ്യാഴം 1199 മിഥുനം 19
വാർത്തകൾ
🗞️👉 പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു.മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ രഞ്ജൻ മാത്യു വർഗീസ് മനുഷ്യനും ആവാസ വ്യവസ്ഥയ്ക്കും മൈക്രോ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റി സെമിനാർ നയിച്ചു.
🗞️👉 യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് വി സി
കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ വിചിത്രവാദം.
🗞️👉 ബെസ്റ്റ് പെർഫോമിംഗ് കോളേജുകൾക്കുള്ള അവാർഡ് പാലാ അൽഫോൻസാ കോളേജിന് ലഭിച്ചു
2023-24 അധ്യയന വർഷത്തിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് ബെസ്റ്റ് പെർഫോമിംഗ് കോളേജുകൾക്കുള്ള അവാർഡിന്,വനിതാ വിഭാഗത്തിൽ നിന്ന് അർഹത നേടിയ കോളേജിനുള്ള ക്യാഷ് അവാർഡും ട്രോഫിയും സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവനിൽ നിന്ന് പാലാ അൽഫോൻസാ കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിയമാത്യു സ്വീകരിക്കുന്നു.2023 _24 വർഷത്തെ ഓൾ ഇന്ത്യ അന്തർ സർവകലാശാല കായിക മൽസരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും ഇതിനോടൊപ്പം ലഭിക്കുകയുണ്ടായി.
🗞️👉 സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് പാലായിൽ ശനിയാഴ്ച്ച
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( പാലാ ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) കരൾരോഗ നിർണയത്തിനുള്ള ഫൈബ്രോസ്കാൻ ക്യാമ്പ് ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 1 മണി വരെ നടത്തും. ഫാറ്റിലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും പരിശോധന ഉപകരിക്കും. സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. പങ്കെടുക്കുന്നവർക്ക് പിന്നീട് മാർ സ്ലീവ മെഡിസിറ്റിയിലുള്ള പരിശോധനകളിൽ 10 ശതമാനം ഇളവും ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ബന്ധപ്പെടുക-ഫോൺ – 8606966514
🗞️👉 ഡോ. ഹാരിസിന്റെ ആരോപണം; ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്
ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധസമിതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഡിഎംഇ നാളെ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
🗞️👉 കേരള സർവകലാശാലയ്ക്ക് മുന്നിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ
കേരള സർവകലാശാലയ്ക്ക് മുന്നിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ബാനർ സ്ഥാപിച്ചു. “ഹിറ്റ്ലർ തോറ്റു, മുസ്സോളിനി തോറ്റു, സർ സിപിയും തോറ്റു മടങ്ങി. എന്നിട്ടാണോ രാജേന്ദ്ര” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. നേരത്തെ കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പൊലീസ് രണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നോട്ട് പോകാൻ പ്രവർത്തകർ തയ്യാറായില്ല. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗവർണർ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്.













