2025 ജനുവരി 24 ശനി 1199 മകരമാസം 10
വാർത്തകൾ
🗞️👉 വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ലക്ഷ്യമിട്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ പ്ലേസ്മെന്റ് – കരിയർ ഗൈഡൻസ് സെല്ലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പസ് പ്ലേസ്മെന്റുകൾ, ഇന്റേൺഷിപ്പുകൾ, തൊഴിൽ നൈപുണ്യ വികസന ക്ലാസുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ ആധുനിക തൊഴിൽ വിപണിക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൽ പ്രവർത്തിക്കുന്നത്.
🗞️👉 തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
🗞️👉 MDMA പിടികൂടിയ കേസിൽ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി കരിപ്പൂരിൽ പൊലീസിന്റെ വിചിത്ര നടപടി. എസ്എച്ച്ഒ എം അബ്ബാസലിയെയാണ് ഡിറ്റക്ടിങ് ഓഫീസറാക്കിയത്. എസ്എച്ച്ഒ അടുത്ത കാലം വരെ താമസിച്ച വീട്ടിൽ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്. വീട്ടുടമയായ മുഹമ്മദ് കബീറിന് എസ്എച്ച്ഒയുമായി അടുത്ത ബന്ധമുണ്ടെന്ന് എസ്എസ്ബി ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
🗞️👉 യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ത്രിരാഷ്ട്ര ചർച്ചയ്ക്ക് യുഎഇയിൽ തുടക്കമായി. അമേരിക്ക, യുക്രെയ്ൻ ,റഷ്യ എന്നി രാജ്യങ്ങളാണ് ചർച്ച നടത്തുന്നത്. ഇന്നും ചർച്ച നടക്കും. ചർച്ച വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പറഞ്ഞു യുഎസ് പ്രസിഡൻഷ്യൽ പ്രതിനിധികൾ, യുക്റൈനിയൻ പ്രസിഡന്റ് ചീഫ് സ്റ്റാഫ്, റഷ്യൻ സായുധ സേന ജനറൽ സ്റ്റാഫ് മെയിൻ ഡയറക്റ്ററേറ്റ് ചീഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
🗞️👉 തിരുവനന്തപുരം കിളിമാനൂരിൽ ഥാർ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് കോൺഗ്രസ്. പ്രതികളെ ഉന്നതർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗിരി കൃഷ്ണൻ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ പുല്ലയിൽ എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.
🗞️👉 കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നിൽ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവർത്തകരോട്, നേതാക്കളോട് അവരുടെ പ്രയത്നം ഫലം കണ്ടതിൽ ആദരം അർപ്പിക്കുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി.
🗞️👉 പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി) ഈ വർഷത്തെ മൂന്നു നോമ്പ് തിരുനാളിന് ഞായറാഴ്ച തുടക്കമാകും. ജനുവരി 25 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ മൂന്നുനോമ്പ് ആചരണം, പുറത്ത് നമസ്കാരം, മുത്തിയമ്മയുടെ ദർശന തിരുനാൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
🗞️👉 സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം ഇന്ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. എം മനോജ് കേരളത്തിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അജ്സലിന്റെ ഇരട്ടഗോളില്‍ കേരളം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സര്‍വീസസ്, ഒഡീഷ്, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കേരളവുമായി ഏറ്റുമുട്ടാനുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ക്വര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്താനായിരിക്കും കേരളത്തിന്റെ ശ്രമം. സന്തോഷ് ട്രോഫിയില്‍ ഏഴ് തവണ ചാമ്പ്യന്മാരായ കേരളം നിലവിലെ റണ്ണര്‍ അപ്പ് കൂടിയാണ്. ഇത്തവണ കപ്പ് നേടാനാവുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ടീം കേരള. അസമിലെ കടുത്ത തണുപ്പന്‍ കാലാവസ്ഥയെ അതിജീവിക്കാന്‍ ടീമിനെ വയനാട്ടിലെത്തിച്ച് പരിശീലിപ്പിച്ചിരുന്നു.
🗞️👉 സീറോ മലബാർ സഭക്ക് കീഴിലെ തൃശൂർ പുത്തൻപള്ളിയിൽ നിന്നും നേർച്ചയായി ലഭിച്ച ഭണ്ഡാരപ്പിരിവ് മോഷ്ടിച്ചതായി പരാതി. തൃശൂർ അതിരൂപതക്ക് കീഴിലെ പളളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് കവർച്ച. നാല് ട്രസ്റ്റിമാരിൽ ഒരാളും മറ്റ് ഇടവകാംഗങ്ങളും ചേർന്നാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയ്ക്കും പോലീസിനും പരാതി നൽകിയത്. സീറോ മലബാർ സഭയ്ക്കും തൃശൂർ അതിരൂപതയ്ക്കും നാണക്കേട് ഉണ്ടാക്കും വിധമുള്ള സംഭവമാണ് പുറത്തുവരുന്നത്. പരിശുദ്ധ വ്യാകുല മാതാവിൻറെ പേരിലുള്ള പള്ളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് മാരിൽ രണ്ടുപേർ നേർച്ചയായി ലഭിച്ച പണ്ടാരപ്പിരിവ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സഭാവിശ്വാസികളിൽ ഒരു വിഭാഗം പരാതി നൽകിയത്.
🗞️👉 വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്.












