2025 ജനുവരി 17 ശനി 1199 മകരമാസം 03
വാർത്തകൾ
🗞️👉 ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ സിപിഐ സർവീസ് സംഘടന.ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു
🗞️👉 കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.
🗞️👉 മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും രാഷ്ട്രീയ അവകാശവാദങ്ങൾക്ക് വേദിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച കേരളയാത്ര സമാപന സമ്മേളനം. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കണമെങ്കിൽ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മഹുതി ചെയ്തായാലും മതനിരപേക്ഷത സംരക്ഷിക്കുക എന്നതായിരുന്നു നിലപാട്.മാറാട് അടക്കമുള്ള വർഗീയ കലാപങ്ങൾ ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
🗞️👉 വായു മലിനീകരണ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-3) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഒന്ന്, രണ്ട് ഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) “ഗുരുതരമായ” വിഭാഗത്തിലാണുളളത്. അത്യാവശ്യമല്ലാത്ത നിർമ്മാണ, പൊളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ബിഎസ് 3 പെട്രോൾ, BS-IV ഡീസൽ ഫോർ വീലറുകൾക്കും നിയന്ത്രണമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശമുണ്ട്.
🗞️👉 ഏറ്റുമാനൂർ:കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെഉത്സവം ജനുവരി 21 – മുതൽ 28- വരെ ക്ഷേത്ര ആചാരങ്ങളോടും,കലാപരിപാടികളോടുംകൂടി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിന് മുന്നോടിയായി കൊടിക്കൂറ – കൊടിക്കയർ ഘോഷയാത്ര 19-ന് വൈകിട്ട് അഞ്ചിന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും.
🗞️👉 ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി ജി ഹരീന്ദ്രനാഥ്. ഒരുഘട്ടത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ഹൈക്കോടതിയിലടക്കം ഇത്തരത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് നിയമമമന്ത്രി അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിജീവിതയുടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുള്ള തുറന്നു പറച്ചിലിന് ശേഷമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിലെ സങ്കടം അതിജീവിത അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.
🗞️👉 മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം. ഇതിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങൡ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് തലവേദനയുണ്ടാക്കിയിരുന്നത്.
🗞️👉 സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ് ഹരിശങ്കർ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയൻ DIG യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാർ IPS കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂർ റേഞ്ച് DIG യായി നാരായണൻ ടി വരും. അരുൾ ബി കൃഷ്ണ എറണാകുളം റേഞ്ച് DIG, ജയ്ദേവ് ജി കോഴിക്കോട് കമ്മീഷണർ, സുദർശൻ കെഎസ് എറണാകുളം റൂറൽ പൊലീസ് മേധാവി ,ഹേമലത കൊല്ലം കമ്മീഷണർ, ഫറാഷ് ടി കോഴിക്കോട് റൂറൽ പൊലീസ് മേധാവി, അരുൺ കെ പവിത്രൻ വയനാട് ജില്ലാ പൊലീസ് മേധാവി, ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായും ചുമതലയേൽക്കും. ഉത്തരവ് പുറത്തിറങ്ങി. ഏകദേശം പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് നിലവിൽ സ്ഥലം മാറ്റിയിരിക്കുന്നത്.












