2024 ഫെബ്രുവരി 24 തിങ്കൾ 1199 മകരം 12
വാർത്തകൾ
- കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.
- ആറളത്ത് മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു നിർത്തി നാട്ടുകാരുടെ പ്രതിഷേധം. ആന മതിൽ എത്രയും വേഗത്തിൽ നിർമ്മിക്കണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രതിഷേധക്കാർ പറയുന്നു. കളക്ടറുൾപ്പടെയുള്ള അധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ട് നല്കുകയുള്ളൂവെന്ന് നാട്ടുകാർ.
- സ്പോർട്സ് മേഖലയിലെ മുന്നേറ്റം വ്യക്തമാക്കി ദേശീയ സെമിനാർ
സ്പോർട്സ് മെഡിസിൻ, സ്പോർട്സ് സയൻസ് എന്നിവയിലെ ആധുനിക പ്രവണതകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ആലപ്പുഴയിലെ സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ സായ് സെക്രട്ടറി വിഷ്ണുകാന്ത് തിവാരി ഉദ്ഘാടനം ചെയ്തു. ഒളിംപ്യൻ ഷൈനി വിൽസൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര സ്പോർട്സ് മന്ത്രാലയവും സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യയും എൽ.എൻ.സി.സി.ഇയും ചേർന്നാണു സെമിനാർ സംഘടിപ്പിച്ചത്. ഇത്തരത്തിൽ കേരളത്തിൽ നടക്കുന്ന ആദ്യ സെമിനാറാണിതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സായ് എൽ.എൻ.സി.സി.ഇ മേഖലാ മേധാവി ഡോ.ജി.കിഷോർ പറഞ്ഞു.
- അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി
യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പനാമയിൽ നിന്ന് തിരിച്ചയയ്ക്കുന്ന ആദ്യ സംഘമാണിത്. ഇസ്താംബൂളിൽ നിന്നുള്ള തുർക്കി എയർലൈൻസ് വിമാനത്തിലാണ് നാടുകടത്തപ്പെട്ടവരെ ഡൽഹിയിൽ എത്തിച്ചത്. കഴിഞ്ഞ മൂന്നു തവണയായി 299 അനധികൃത കുടിയേറ്റക്കാരെ യുഎസ് സൈനിക വിമാനത്തിൽ വിലങ്ങു വച്ചാണ് ഇന്ത്യയിൽ ഇറക്കിയത്.
- മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെ; ബിനോയ് വിശ്വം
ആര് എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മിന് നിലപാട് തിരുത്തേണ്ടി വരും. മുന്‍ നിലപാടില്‍ നിന്ന് സിപിഐഎം മാറിയതെന്തുകൊണ്ടെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര് എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്.ആര് എസ് എസ് പൂര്‍ണ ഫാസിസ്റ്റു സംഘടനയാണ്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരും ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്- ബിനോയ് വിശ്വം പറഞ്ഞു.
- ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ളോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
- തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം
ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
- ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകൻ രഘു (36) ആണ് പ്രതി. ഇന്ന് പുലർച്ചെ ആണ് സംഭവം. ഉറങ്ങിക്കിടന്ന രേഷിയെ ഹോളോബ്രിക്സ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
- പ്രതിപക്ഷ പദവിയിലെത്തുന്ന ആദ്യ വനിത ; ഡൽഹിയിൽ നയിക്കാൻ അതിഷി
ഡൽഹി: ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെ തീരഞ്ഞെടുത്തത്. കൽക്കാജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, അരവിന്ദ് കെജ്രിവാൾ രാജിവച്ചതിനു പിന്നാലെ 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെ ഡൽഹി മുഖ്യമന്ത്രി ആയിരുന്നു
- ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലെന്ന് വത്തിക്കാന്‍
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിൽ. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടായിരിന്നെങ്കിലും ഇന്നലെ ആസ്മയുമായി ബന്ധപ്പെട്ട് പാപ്പയ്ക്കു ശ്വാസതടസം നേരിട്ടുവെന്നും ഓക്സിജനും മറ്റു മരുന്നുകളും നൽകിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ നടത്തിയ രക്തപരിശോധനാഫലങ്ങൾ കണക്കിലെടുത്ത് പാപ്പായ്ക്ക് രക്തം നൽകേണ്ടിവന്നു.