2024 ഫെബ്രുവരി 20 വ്യാഴം 1199 മകരം 08
- അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും
അരുവിത്തുറ: അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച 1.30 pm ന് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
അരുവിത്തുറ ഫൊറോനപള്ളി വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണവും നടത്തും. ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിക്കും.
- എലപ്പുള്ളി മദ്യനിര്‍മാണശാലയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
എലപ്പുള്ളിയിലെ മദ്യശാല നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാര്‍ തീരുമാനമെടുത്ത വിഷയമാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആക്ഷേപങ്ങള്‍ എല്ലാത്തവിധം മദ്യശാല തീരുമാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മരണം മൂന്നായി
ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
- കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍
കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ആര്‍ടിഒ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. പണം കൈമാറിയ ഏജന്റ് സജിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.
- ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ഗുപ്ത തലസ്ഥാനത്തെ നയിക്കും
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത. പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. പര്‍വേഷ് വര്‍മ്മ ഉപമുഖ്യമന്ത്രിയാവും. പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്. ഡല്‍ഹി രാംലീലാ മൈതാനിയില്‍ വിപുലമായ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞയില്‍ അരവിന്ദ് കെജ്‌രിവാളിനും അതിഷിക്കും ക്ഷണമുണ്ട്.
- മഹിള മോര്‍ച്ച നേതാവ്; ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത
ആദ്യമായി എംഎല്‍എ ആവുകയാണെങ്കിലും രാഷ്ട്രീയ പരിചയത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത. ആം ആദ്മി തലവന്‍ കെജ്‌രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ, ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത തുടങ്ങി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രമുഖ നിരയെ പരിഗണിക്കാതെയാണ് ഈ 50 കാരിക്ക് നേതൃത്വം അവസരം നല്‍കിയത്.
- ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്.
ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി.
- വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശി സുരേഷ് കുമാരൻ ആണ് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചത്. രണ്ട് റൗണ്ട് വെടിയുതിർത്താണ് പന്നിയെ കൊന്നത്. പന്നിയെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മറവ് ചെയ്തു.
- വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു
തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു. ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
- കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല; രമേശ് ചെന്നിത്തല
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.