2025 ഫെബ്രുവരി 07 ശനി 1199 മകരമാസം 24
വാർത്തകൾ
👉🗞️ സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്ന് ചോദിച്ച കേന്ദ്ര മന്ത്രി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി. സർക്കാർ സഹകരണം വളരെ കുറവാണെന്നും ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേന്ദ്രം അംഗീകരിക്കുകയോ പൂർണ്ണമായി തള്ളിക്കളയുകയോ ചെയ്തിട്ടില്ല. നിലവിൽ ഹൈ സ്പീഡ് റെയിൽ പദ്ധതിയും പരിഗണനയിലുണ്ട്.
👉🗞️ ഇന്ന് മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിൽ ഒരു ടീമിനെയും കുറച്ച് കാണുന്നിലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയതിനെ കുറിച്ചും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നു. ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. ആദ്യ മൂന്നിൽ ഇഷാൻ ഉറപ്പായും ഉണ്ടാകുമെന്നും സൂര്യകുമാർ പറഞ്ഞു.
👉🗞️ ഇന്ത്യയുടെ ഇന്റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈൽ അഗ്നി 3 പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. സ്ട്രാറ്റെജിക് ഫോഴ്സസ് കമാൻഡിന് കീഴിലായിരുന്നു പരീക്ഷണം. മീഡിയം റേഞ്ച് മിസൈലായ അഗ്നി 3ന്റെ ദൂരപരിധി 3000 മുതൽ 3500 കിലോമീറ്റർ വരെയാണ്. പരീക്ഷണത്തിലൂടെ മിസൈലിൻ്റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
👉🗞️ കോഴിക്കോട് കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. 34.186 കിലോ കഞ്ചാവ് പിടികൂടി. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. പൊലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും 500ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവറായ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി യിലും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്യേഷണമാണ് കഞ്ചാവ് വേട്ടയിലേക്ക് എത്തിയത്.
👉🗞️ രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഫെബ്രുവരി 9 മുതൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ടൂർണ്ണമെന്റിൽ സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, കെ.ഇ കോളേജ് മാന്നാനം, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കും. ടൂർണ്ണമെന്റ് ഉദ്‌ഘാടനം 3: 15 പി എം ന് കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിര്വ്വഹിക്കും. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് സി ജോർജ് നേതൃത്വം നൽകും. ടൂർണ്ണമെന്റ് ജേതാക്കൾക്ക് ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും.












