2024 ഫെബ്രുവരി 06 വ്യാഴം 1199 മകരം 24
വാർത്തകൾ
- ഫെബ്രുവരി മാസത്തെ മാർപാപ്പയുടെ പ്രാർത്ഥന നിയോഗം ദൈവവിളികൾക്കായി
പൗരോഹിത്യ-സന്യാസ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിക്കാൻ യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി മാസത്തെ പ്രാർത്ഥനാനിയോഗം വീഡിയോ പുറത്തുവന്നു. പരിശുദ്ധ പിതാവ് വീഡിയോ സന്ദേശം വഴിയാണ് അദ്ദേഹം തന്റെ സ്വന്തം വിളിയുടെ യാത്ര പങ്കുവച്ചത്. 17-ാം വയസ്സിൽ, തന്റെ ജീവിതത്തെക്കുറിച്ച് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു, എന്നാൽ ഒരു പള്ളിയിലെ യാദൃച്ഛിക സന്ദർശനം അദ്ദേഹത്തിന്റെ ജീവിതപാത മാറ്റി.
- തൃശൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു
തൃശൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡന്റുമാർക്കെതിരെയും കൂട്ട നടപടി. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികൾ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു.
- മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ വിമർശിച്ചു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു. തെരുവ് പട്ടിയെപ്പോലും പിടിക്കാൻ പാടില്ല. എൻ്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ തൊടാൻ പാടില്ല. മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് ആണ് പരിഗണന.
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നും മേഖലയിൽ അമേരിക്കൻ സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
- പത്തനംതിട്ടയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’; വി.ഡി സതീശൻ
പത്തനംതിട്ടയിൽ പൊലീസിൻ്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
- പത്തനംതിട്ടയിലെ പൊലീസ് മർദനം; എസ്ഐക്ക് സ്ഥലം മാറ്റം
പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയുണ്ടായ പൊലീസിന്റെ ക്രൂര മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. എസ് ഐ എസ്. ജിനുവിനാണ് സ്ഥലംമാറ്റം. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി. എസ് ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽനിന്നവരെ ആകാരണമായി മർദിച്ചത്.
- ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
- ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ ബിജെപിക്ക് മുന്‍തൂക്കം
ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്‌സ് സര്‍വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അല്‍പമെങ്കിലും സാധ്യത പ്രവചിച്ചത്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 37 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.
- കൊല്ലം നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ രണ്ട് സിപിഐ അംഗങ്ങള്‍ രാജിവച്ചു
കൊല്ലം നഗരസഭ ചെയര്‍മാന്‍ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയര്‍ അടക്കം 2 സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് സി പി ഐ വിശദീകരിച്ചു. അടുത്ത തിങ്കളാഴ്ച മാത്രമേ രാജിവെക്കുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. വൈകുന്നേരം 5 ന് മുന്‍പ് സിപിഐഎം മേയര്‍ രാജിവെക്കണമെന്ന അന്ത്യശാസനമാണ് സി പി ഐ നല്‍കിയത്. ഇല്ലെങ്കില്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഐ രാജിവെക്കുമെന്നായിരുന്നു നിലപാട്. പക്ഷേ മേയറുടെ രാജി ഉണ്ടാകാതെ വന്നതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കമുള്ള സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപി ഐ രാജിവെച്ചത്.
- അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിൽ എത്തി
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറിൽ എത്തി. 13 കുട്ടികൾ ഉൾപ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും വിശദമായ പരിശോധന നടത്തിയ ശേഷം മടങ്ങിയെത്തിയവരെ വീടുകളിൽ എത്തിക്കും.
- പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ചായക്കടയുമായി സസ്പെൻഷനിലായ എസ്ഐ
യുപിയിലെ ഝാന്‍സിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹിത് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധമാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസിൽ നിന്നും സസ്പെന്‍റ് ചെയ്‌തത്. നിലവില്‍ റിസര്‍വ് ഇന്‍സ്പെടറാണ് അദ്ദേഹം.