2024 ഫെബ്രുവരി 03 തിങ്കൾ 1199 മകരം 21
വാർത്തകൾ
- ISRO നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ
നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി.എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി. ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നു.
- ആലുവയിൽ കോൺഗ്രീറ്റ് ജോലികൾ നടക്കുന്നതിനിടയിൽ തട്ട് പൊളിഞ്ഞു വീണു; 4 പേർക്ക് പരുക്ക്
ആലുവയിൽ കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം. കീഴ്മാട് പഞ്ചായത്തിലാണ് കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം ഉണ്ടായത്. 4 പേർക്ക് പരുക്കേറ്റു. രണ്ടുപേർ കോൺക്രീറ്റിന് അടിയിൽ എന്ന് സംശയം. പരുക്ക് പറ്റിയവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രീറ്റ് ജോലികൾ നടക്കുന്നതിനിടയിലാണ് അപകടം.
- ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം ; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി
വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം.
- മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയിലെ മലയാളി മന്ത്രി
പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്.ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍, തന്റെ പ്രിയതാരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
- ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് ബാലപീഡനം, അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി
കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസിലേക്കുള്ള എന്‍ട്രന്‍സ് ബാലപീഡനമാണ്. കുട്ടിയുടെ സ്‌കൂള്‍ പ്രവേശത്തിന് രക്ഷകര്‍ത്താവിന് ഇന്റര്‍വ്യൂ നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- ഇന്ത്യയ്ക്ക് 150 റൺസ് ജയം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 150 റൺസിന്റെ വമ്പൻ ജയം. 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 97 റൺസിന് എല്ലാവരും പുറത്തായി. സ്കോർ – ഇന്ത്യ 247/9. ഇംഗ്ലണ്ട് 97/10 (10.3). മുഹമ്മദ് ഷമിക്ക് മൂന്നു വിക്കറ്റ്. വരുൺ ചക്രവർത്തി, ശിവം ദൂബെ, അഭിഷേക് ശർമ എന്നിവർക്ക് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയിൽ 55 റൺസ് നേടിയ ഫിൽ സാൾട് ഒഴികെ ആർക്കും തിളങ്ങാൻ സാധിച്ചില്ല.
- പി പി ദിവ്യയ്‌ക്കെതിരായ പരാമര്‍ശത്തെക്കുറിച്ച് എം വി ജയരാജന്‍
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വാക്കുകളാണെന്ന പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി എം വി ജയരാജന്‍. പി പി ദിവ്യയുടെ കാര്യത്തിലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും തന്റെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും എം വി ജയരാജന്‍ പറഞ്ഞു.
- കഴക്കൂട്ടത്ത് തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം
തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്.തീപ്പെട്ടി ചോദ്യപ്പോൾ കൊടുക്കാത്തതാണ് അക്രമത്തിന് കാരണം. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് ഏഴാം തവണയും മാറ്റി
റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നു. കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായ ഏഴാം തവണയും റിയാദിലെ കോടതി മാറ്റിവെച്ചു.കേസ് മാറ്റിവെച്ചതിന്റെ കാരണം ഇത്തവണയും വ്യക്തമല്ല. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി പരിഗണിക്കുമ്പോള്‍ ഓരോ തവണയും കുടുംബം പ്രതീക്ഷയിലായിരുന്നു.18 വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകന്‍ നാട്ടിലെത്തും എന്ന പ്രതീക്ഷ.
- ‘മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ; എംഎല്‍എ സ്ഥാനത്ത് തുടരും’; എം വി ഗോവിന്ദന്‍
മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് ഇ പി ജയരാജനും വ്യക്തമാക്കി.