പ്രഭാത വാർത്തകൾ

spot_img

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
2024 ജനുവരി 30,   ചൊവ്വ 1199 മകരം 16

🗞🏵 സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടി യെടുത്ത ഇറാൻ പതാകയുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. സൊ മാലിയയുടെ കിഴക്കൻ തീരത്ത് വിന്യസിച്ചിട്ടുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻഎസ് സുമിത്രയിലെ ജീവനക്കാരാണ് അവസ രോചിതമായ ഇടപെടൽ നടത്തിയത്.
ഇമാൻ എന്ന് പേരുള്ള ബോട്ടും 17 തൊഴിലാളിക ളേയും നാവികസേന മോചിപ്പിച്ചു.

🗞🏵 തേൻ സംരംഭത്തിന് പാലാ ഒരുങ്ങുന്നു. തേനീച്ച കർഷക സംഗമം നടന്നു. തേനിന്റ മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണവും വിപണനവും ലക്ഷ്യം വെച്ചു കൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ ആരംഭിക്കുന്ന തേൻ സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമായി. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ഫാക്ടറി ആരംഭിക്കുന്നത്.
 
🗞🏵 ജാതി സെൻസസ് സ്വന്തം നിലയിൽ നടത്താനില്ലെന്ന് കേരളം. ജാതി സെൻസസ് നട ത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് കേരളം സു പ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോ ക്കം നിൽക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രമാ ണ്. കേരളത്തിലെ സാമൂഹിക സാമ്പത്തിക സ്ഥി തി സംബന്ധിച്ച് 2011ലെ സെൻസസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി.

🗞🏵 ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഡൽഹിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണു ലാലുവിനെ ചോദ്യം ചെയ്തത്. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണ് ഇ.ഡി ഓഫിസിലേക്കു ലാലു എത്തിയത്.

🗞🏵 ആഗോള വിപണികൾ ആടിയുലയുമ്പോഴും അതിശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ മികച്ച മുന്നേറ്റമാണ് ഇന്ത്യൻ രൂപ കാഴ്ചവയ്ക്കുന്നത്. ജനുവരിയിൽ ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയമെന്ന പദവി സ്വന്തമാക്കാനും രൂപയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡോളറിനെതിരെ നേരിയ മൂല്യയിടിവ് നേരിട്ട രൂപ പുതുവർഷത്തിൽ മികച്ച കരുത്തോടെയാണ് മുന്നേറുന്നത്

🗞🏵 റെയിൽവേ ഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് പിന്നാലെ ചരിത്രം കുറിക്കാൻ വന്ദേ മെട്രോകളും എത്തുന്നു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ. ഇവയുടെ നിർമ്മാണവും രൂപകൽപ്പനയും കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. നിലവിൽ, വന്ദേ മെട്രോ പുറത്തിറക്കാനുള്ള അശാന്ത പരിശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.

🗞🏵 മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ചു ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത്. റായ്പൂരിലെ ഗുഡിയാരി പ്രദേശത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗ് ഹിന്ദുമതത്തിലേക്കെത്തിയവരെ സ്വാ​ഗതം ചെയ്തു. ആര്യസമാജം, ധർമ്മ ജാഗരൺ, കിൽകിലേശ്വർ ധാം ന്യാസ് എന്നിവയിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
🗞🏵 തലസ്ഥാന നഗരിയെ ഒന്നടങ്കം ഞെട്ടിച്ച് വൻ സ്വർണവേട്ട. 10 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഡൽഹിയിൽ നിന്നും പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും പോസ്റ്റ് ഓഫീസ് വഴിയാണ് ഡൽഹിയിലേക്ക് സ്വർണം എത്തിയത്. ഇവ ഇലക്ട്രിക് മീറ്ററുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. 10 കോടി മൂല്യമുള്ള 16.67 കിലോഗ്രാം സ്വർണവും, 39.73 കിലോഗ്രാം വെള്ളിയുമാണ് കണ്ടെടുത്തത്.

🗞🏵 അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി വന്‍ പ്രഖ്യാപനം നടത്തിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞുവെന്നും ഏഴ് ദിവസത്തിനകം സി.എ.എ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 
🗞🏵 ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാവീഴ്ച്ച വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നതിനിടയാണ് ഗുരുതരമായ സുരക്ഷാവീഴ്ച്ച ഉണ്ടായത്‌.

🗞🏵 പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എത്ര ഒബിസി, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുണ്ടെന്ന് രാജ്യം മുഴുവൻ അറിയണം. അതുകൊണ്ട് ജാതി സെൻസസ് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 രാജ്യസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്.

🗞🏵 അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബാലകരാമനെ അദ്ദേഹം തൊഴുതു വണങ്ങി. ക്ഷേത്ര പുരോഹിതനിൽ നിന്നും അദ്ദേഹം പ്രസാദം സ്വീകരിക്കുകയും ചെയ്തു.

🗞🏵 രാഹുൽ​ ​ഗാന്ധിക്ക് ബം​ഗാളിലും അനുമതി നിഷേധിച്ചു. 31 ന് മാൽദ ​ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺ​ഗ്രസ് അനുമതി തേടിയിരുന്നു. ഈ അപേക്ഷയാണ് ബം​ഗാൾ സർക്കാർ തള്ളിയത്. അതേ ദിവസം മമത ബാനർജി മാൽദയിൽ എത്തുന്നുണ്ടെന്ന് കാണിച്ചാണ് നടപടി
 
🗞🏵 ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കുവെച്ചിരുന്നു. നാഗ്പൂരിലെ മിഹാൻ-സെസിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടാണ് യുദ്ധവിമാനങ്ങൾ നിർമ്മിക്കുക. ഇതോടെ, വ്യോമസേനയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച യുദ്ധവിമാനങ്ങൾ പറത്താനാകും.

🗞🏵 ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യത്തെ കർഷകർ. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പിഎം കിസാൻ സമ്മാൻനിധിയുടെ അനുകൂല്യത്തുകയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്. പ്രതിവർഷം 8,000 രൂപയോ, 9000 രൂപയോ ആക്കി ഉയർത്താനാണ് സാധ്യത. നിലവിൽ, മൂന്ന് ഗഡുക്കളായി പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് നൽകുന്നത്.
 
🗞🏵 പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജനത്തിരക്കുകാരണം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിക്കുകയും തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നീട് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി.

🗞🏵 ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത്  റവന്യു  വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്.

🗞🏵 രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി സിആര്‍പിഎഫിന്. സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറി. സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്.

🗞🏵 ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഞായർ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു.
ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍.  രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

🗞🏵 കേരളത്തിൽ നിന്നും രാമനഗരിയായ അയോധ്യയിലേക്കുള്ള ആദ്യത്തെ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും.  വൈകിട്ട് ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ഒലവങ്കോട് നിന്നും രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ട ആസ്ത സ്പെഷ്യൽ സർവീസിൽ ബുക്കിംഗ് മുഖേന മാത്രമാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.
 
🗞🏵 മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ സി.എസ്.വൈദ്യനാഥനെയാണ് കേസ്‌ വാദിക്കാൻ കെഎസ്ഐഡിസി രംഗത്ത് ഇറക്കിയത്. ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ഐഡിസിക്ക് വൈദ്യനാഥൻ കത്ത് നൽകിയിട്ടുണ്ട് .ഓഫീസ് ഫീസും ഇതിനോടൊപ്പം നൽകണം.

🗞🏵 സിമി സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് 2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംഘടനയിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു നിരോധനം
 
🗞🏵 ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല’, സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. ഏക സിവില്‍ കോഡ് മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെയാണ് സുരേഷ് ഗാപിയുടെ പരാമര്‍ശം.

🗞🏵 കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എംഎല്‍എ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ ജാമ്യാപേക്ഷയും നിരസിച്ചിട്ടുണ്ട്. ഇതിനിടെ ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചു.

🗞🏵 അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയെ പതിനാലുകാരിയെ ആണ് അടുപ്പം ഭാവിച്ച് കൊടുവളളി സ്വദേശി അജ്മല്‍ പീഡിപ്പിച്ചത്. വെളളിയാഴ്ചയായിരുന്നു സംഭവം. കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പെണ്‍കുട്ടിയെ അജ്മല്‍ മുക്കത്തുളള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.

🗞🏵 യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട്, താനുമായി ഉള്ള ബന്ധം അവസാനിപ്പിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നു.

🗞🏵 വിവാഹ മോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയില്‍ ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് തീ കൊളുത്തി മരിച്ചത്. ഹാഷിമുംഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 

🗞🏵 കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്.

🗞🏵 സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മനീഷ് ശര്‍മയാണ് ഭാര്യയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായ നിഷയെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.ദിന്‍ദോരി ജില്ലയിലെ ഷാപുരയിലാണ് നിഷയ്ക്ക് നിയമനം ലഭിച്ചത്

🗞🏵 തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക ദേവാലയത്തിനുള്ളിൽ അതിക്രമിച്ചു കടന്ന മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂളിലെ സാരിയർ ജില്ലയിലെ സാന്താ മരിയ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് മാസിമിലിയാനോ പാലിനൂറോ ഇ‌ഡബ്ല്യു‌ടി‌എന്നിനോട് ന്യൂസിനോട് ഞെട്ടല്‍ രേഖപ്പെടുത്തി. പ്രാദേശികസമയം ഞായർ രാവിലെ 11.40നായിരുന്നു സംഭവം. അക്രമികളെ പിടികൂടാൻ പൂർണ്ണമായ അന്വേഷണം നടക്കുന്നതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

🗞🏵 മധ്യപ്രദേശിലെ ഭോപ്പാലിൽ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികൻ ഫാ. അനിൽ മാത്യുവിന് ജാമ്യം ലഭിച്ചു. ഭോപ്പാലിലെ ബാലികാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായിരിക്കുന്നത്. അനുമതിയില്ലാതെ ബാലികാസംരക്ഷണകേന്ദ്രം നടത്തിയെന്ന കേസിൽ ഈ മാസം ആദ്യ വാരത്തിലാണ് ഫാ. അനിൽ അറസ്റ്റിലായത്. മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
 
🗞🏵 അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി നിയമിച്ചു. ‘വിറ്റ്നസ് ടു ലവ്’ എന്ന പേരിൽ വിവാഹങ്ങൾ കൗദാശികപരമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളുടെ മിനിസ്ട്രിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ലൂസിയാന സംസ്ഥാനം ആസ്ഥാനമാക്കിയാണ് ഇവരുടെ മിനിസ്ട്രി പ്രവർത്തിക്കുന്നത്. 

🗞🏵 പുതുവര്‍ഷത്തില്‍ സുവിശേഷപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലിൽ അടച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ക്രിസ്ത്യന്‍ വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രീണിപ്പിക്കാനായി മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിൻതുടരാൻ ക്രൈസ്തവർ ഭയം നേരിടുകയാണെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

🗞🏵 വിശുദ്ധ നാട്ടിലെ സഭൈക്യ പ്രാർത്ഥനാവാരത്തിൽ സജീവമായി പങ്കെടുത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. 1973-ൽ ജെറുസലേമിലെ ബെനഡിക്‌ടൈൻ ആശ്രമ കോമ്പൗണ്ടിനുള്ളിൽ, മുൻ ബെനഡിക്‌ടൈൻ മഠാധിപതി ലോറൻഷിയസ് ക്ലീൻ (1928-2005) ആരംഭിച്ച, 50 വർഷമായി തുടരുന്ന ‘സ്റ്റുഡിയൻജാഹ്ർ’ എന്ന് വിളിക്കുന്ന എക്യുമെനിക്കൽ സ്റ്റഡീസിൻ്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന ജർമ്മൻഭാഷ സംസാരിക്കുന്ന ദൈവശാസ്ത്ര വിദ്യാർത്ഥികളാണ് സഭൈക്യ പ്രാർത്ഥനാവാരത്തിൽ ഒന്നുചേര്‍ന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related