2024 ഡിസംബർ 16 തിങ്കൾ 1199 ധനു 01
വാർത്തകൾ
- ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് ‘മയൂരം ഉദ്‌ഘാടനം ചെയ്‌തു
പാലാ :കരയുന്നവരുടെ കണ്ണീരൊപ്പുവാനും;പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുവാനും കഴിഞ്ഞ;ആതുര സേവന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് ലയൺസ് ക്ളബ്ബ് എന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.പാലാ സെന്റ് തോമസ് കോളേജിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് ‘മയൂരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. ലയൺസ്, ലയണസ്, ലിയോസ, കബ്സ് വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മലയാളം, ഇംഗ്ലീഷ് പ്രസംഗം, ലളിതഗാനം, ക്ലാസിക്കൽ മ്യൂസിക്, പദ്യോച്ചാരണം, ഫ്ളാഗ് സല്യൂട്ടേഷൻ, മാസ്റ്റർ ഓഫ് സെറമണി, ഫാൻസി ഡ്രസ്, മോണോ ആക്ട‌്, ഫിലിം സോങ്ങ്, ഫോക്ക് ഡാൻസ്, ഭരതനാട്യം എന്നീ വിഭാഗങ്ങ ളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാര്‍ളി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആര്‍ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി.സെക്കന്‍ഡ് വൈസ് ഡിസ്ട്രികട് ഗവര്‍ണര്‍ ജേക്കബ്ബ് ജോസഫ്, മുൻ ഗവർണർമാരായ പോൾ മത്തായി, മാഗി ജോസ് മേനാംപറമ്പിൽ, സണ്ണി വി സക്കറിയ,വി.കെ സജീവ്, സണ്ണി അഗസ്റ്റിന്‍,മാർട്ടിൻ ഫ്രാൻസിസ്,അഡ്വ. ആര്‍. മനോജ് പാലാ, ആർ. രാജേഷ്,എം. പി രമേശ് കുമാർ, ബെന്നി മൈലാടൂര്‍, ബി. ഹരിദാസ്, ഡോ. ബാലകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.
- ENCANTO – വാർഷികസമ്മേളനവും കൾച്ചറൽ ഷോയും
അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് 35 -ാമത് വാർഷിക സമ്മേളനവും കൾച്ചറൽ ഷോയും (ENCANTO) ഡിസംബർ 16 തിങ്കളാഴ്ച 1pm ന് കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കും . 3 pm ന് സ്കൂൾ മാനേജരും എഫ്.സി. സി. പ്രോവിൻഷ്യൽ സുപ്പീരിയറും ആയ റവ. സിസ്റ്റർ ജെസി മരിയയുടെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം ഇന്റർനാഷണൽ സ്പോർട്സ് മാനും വേൾഡ് ചാമ്പ്യനുമായ ശ്രി.ജോബി മാത്യു ഉദ്ഘാടനം ചെയ്യും. അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അനുഗ്രഹപ്രഭാഷണം നടത്തും. സിനിമാതാരവും ‘കോമഡി സ്റ്റാർ’ താരവുമായ ഷൈജു അടിമാലിയുടെ കോമഡി ഷോ സമ്മേളനത്തിന് മോടി പകരും. പി.റ്റി.എ. പ്രസിഡൻ്റ് ശ്രി. അഭിലാഷ് കെ മാത്യു ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്കൂൾ ലീഡർമാരായ റിച്ചാർഡ് ജോൺ എസ്., ആൻ മരിയ സജി എന്നിവർ കൃതജ്ഞത അർപ്പിക്കും .തുടർന്ന് കൾച്ചറൽ ഷോയുടെ രണ്ടാം ഭാഗം ആരംഭിക്കും. പ്രിൻസിപ്പൽ റവ.സിസ്റ്റർ സൗമ്യ എഫ്.സി.സി.യുടെ നേതൃത്വത്തിൽ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു.ഈ വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ സ്വാഗതം.
- മല കയറുന്നത് രണ്ടാം തവണ;ചാണ്ടി ഉമ്മൻ ശബരിമല ദർശനത്തിനുശേഷം
ഇരുമുടിക്കെട്ടുമായി ശബരിമലയിൽ അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി.കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
- പത്തനംതിട്ടയിലെ അപകടം ദുഃഖകരം; മന്ത്രി കെബി ഗണേഷ് കുമാർ
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടം ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയത് എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. ഉറക്കം വന്നാൽ ഉറങ്ങണം എന്നത് ഒരു ഡ്രൈവിംഗ് സംസ്കാരമായി നമ്മൾ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപകടങ്ങളിൽ പലതും നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പരിശോധന തുടങ്ങുമെന്നും പക്ഷേ അപകടം ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല. ലോക്സഭയുടെ റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബില്ല് അടുത്ത ദിവസം ലിസ്റ്റ് ചെയ്തേക്കും. ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നാളെ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വിവരം.
- ഏകദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പ ഫ്രഞ്ച് ദ്വീപിൽ
കടലോരക്കാഴ്ചകളുടെ സ്വർഗം’ എന്ന വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. 2014-ൽ സ്ട്രാസ്ബർഗിലേക്കും 2023-ൽ മാർസെയിലിലേക്കും നടത്തിയ യാത്രകൾക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് വിദേശ അപ്പോസ്തോലിക യാത്രയും ഫ്രഞ്ച് പ്രദേശത്തേക്കുള്ള മൂന്നാമത്തെ സന്ദർശനവുമാണ് നടക്കുന്നത്. ഏകദിന സന്ദര്‍ശനമായാണ് ക്രമീകരിച്ചിരുന്നത്.
- വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. ലാഭവിഹിതം പങ്കു വയ്ക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
- ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍
2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി ഒരിക്കല്‍ക്കൂടി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്. കസ്തൂര്‍ബ നഗറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി രമേഷ് പെഹ്ല്‍വാനെ തീരുമാനിച്ചു. നിലവില്‍ മദന്‍ലാല്‍ ആണ് അവിടെ എംഎല്‍എ. രമേഷ് പെഹ്ല്‍വാനും അദ്ദേഹത്തിന്റെ ഭാര്യയും കൗണ്‍സിലറുമായ കുസും ലതയും കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയിലെത്തിയത്. ഇവരെക്കൂടാതെ ഗോപാല്‍റായ്, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് തുടങ്ങിയവരും പട്ടികയില്‍ ഇടം നേടി.
- ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു
ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് അറസ്റ്റ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒന്നും അറിയില്ലെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറയുന്നു. ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ പരസ്തുവിനെ എവിടെയാണ് മാറ്റിയതെന്ന് ആർക്കും അറിയില്ല.പരസ്‌തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ്-നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.
- സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയം
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന് വിജയക്കുതിപ്പ്. വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍ അപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് എടുത്ത് ഗോവ തങ്ങളുടെ ശക്തി കാണിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് കേരളം ഗോവയെ നിലക്ക് നിര്‍ത്തിയത്.
- ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം.തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.അപകടത്തിൽ മൂന്ന് തീർത്ഥാടകർക്ക് പരുക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്.ശ്രീകാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു
കോതമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്‍മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശ്ശൂര്‍ പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. ആന്‍മേരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. മൃതദേഹം കളമശേരി മെഡി. കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തുടര്‍ന്ന് തൃശ്ശൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.













