2025 ഡിസംബർ 14 ഞായർ 1199 വൃശ്ചികം 28
വാർത്തകൾ
🗞️👉 ബാലുശ്ശേരിയിൽ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫ് വിജയാഹ്ളാദത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്ളാദ പ്രകടനത്തിനിടെയാണ് സംഭവം. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴസും ബാലുശ്ശേരിയില്‍ നിന്ന് പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്.
🗞️👉 തൃശ്ശൂരിൽ സിപിഐഎം വിജയാഹ്ളാദ പ്രകടനത്തിനിടെ ആക്രമം; കുട്ടികൾക്കടക്കം പരുക്ക്
തൃശ്ശൂർ പുന്നയൂർക്കുളം കിഴക്കേ ചെറായിയിൽ സി പി ഐ എം വിജയാഹ്ളാദ പ്രകടനത്തിനിടെ ആക്രമം. പുന്നയൂർക്കുളം മൂന്നാം വാർഡിൽ ഇന്ന് വൈകീട്ട് 5:30 ടെയാണ് സംഭവം. അൻപതോളം വരുന്ന സി പി ഐ എം പ്രവർത്തകർ കളിച്ച് കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. 8 കുട്ടികൾക്ക് പരുക്കേറ്റു.
🗞️👉 തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും; എം എ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി.
🗞️👉 മോദി: തിരുവനന്തപുരം വിജയം കേരള രാഷ്ട്രീയത്തിലെ ‘നിർണ്ണായക നിമിഷം’
തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
🗞️👉 മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം
മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 27 വയസായിരുന്നു. ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന് വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം. ആഹ്ളാദ പ്രകടനം നടത്തുന്ന സഹപ്രവർത്തകർക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. തീപ്പൊരി വീണാണ് സ്കൂട്ടറിന് മുന്നിൽ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് പാലാ രൂപത എസ്എംവൈഎം
പാലാ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് മിന്നുന്ന വിജയം നേടി എസ്എംവൈഎം പാലാ രൂപതയുടെ പ്രവർത്തകർ. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായ 9 പേർ മത്സരിച്ചപ്പോൾ എട്ടുപേരും മിന്നുന്ന വിജയം നേടി. നാളുകൾക്കു മുന്നേ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുകയും, പ്രവർത്തകരായ സ്ഥാനാർത്ഥികൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, രൂപതാ സമിതിയുടെ നേതൃത്വത്തിൽ പരസ്യപ്രചാരണം നടത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷൻ, പാലാ നഗരസഭ, മീനച്ചിൽ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മുട്ടം, രാമപുരം, തീക്കോയി ഗ്രാമപഞ്ചായത്തുകളിലുമായി സംഘടനയുടെ വ്യക്തമായ സ്വാധീനം അറിയിച്ചു. വിവിധ മുന്നണികളിലായാണ് സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത്.












