2024 ഡിസംബർ 13 വെള്ളി 1199 വൃശ്ചികം 28
വാർത്തകൾ
- വി. അൽഫോൻസാ ഷ്റൈനിൽ രോഗികൾക്കുവേണ്ടി സൌഖ്യ ആരാധന നടത്തി
ഭരണങ്ങാനം വി. അൽഫോൻസാ ഷ്റൈനിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ രോഗികൾക്കുവേണ്ടി പ്രത്യേക അഭിഷേകപ്രാർത്ഥനയും കുന്പസാരവും വിശുദ്ധ കുർബാനയും ആരാധനയും നടത്തി. രോഗപീഡകളാൽ ക്ലേശം അനുഭവിച്ച് ജീവിതം സ്നേഹബലിയാക്കി മാറ്റിയ വി. അൽഫോൻസാമ്മയുടെ പുണ്യകബറിടം വിശുദ്ധയുടെ സഹായം തേടി എത്തുന്ന എല്ലാവർക്കും പ്രത്യേകിച്ച് രോഗികൾക്കും മാറാരോഗങ്ങൾ മൂലം ക്ലേശിക്കുന്നവർക്കും അഭയകേന്ദ്രമാണ്. ഇന്ന് ഇവിടെ എത്തിയ രോഗികൾക്ക് കൂന്പസാരത്തിന് പ്രത്യേക സൌകര്യങ്ങൾ ഒരുക്കിയിരുന്നു. തുടർന്ന് 11.30-ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുന്നു. ഇന്നത്തെ ശുശ്രൂഷകൾക്ക് പാദുവാ പള്ളി വികാരി ഫാ. തോമസ് ഓലായത്തിൽ നേതൃത്വം നല്കിയത്.
- ദേവമാതാ കോളേജിൽ പൂർവ വിദ്യാർത്ഥി സമ്മേളനം
ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 14-12- 24 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽഉത്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിക്കും.മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡുകൾ സമ്മാനിക്കും. സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരാണ് പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡിന് അർഹരായിരിക്കുന്നതെന്നു പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുൻ എം എൽ. എ യുമായ പി.എം.മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടിയിൽ എന്നിവർ അറിയിച്ചു.
- കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം
തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാവിലെ കോയമ്പത്തൂർ ജില്ലയിലെ മധുക്കരയിൽ ആണ് വാഹനാപകടം ഉണ്ടായത്. അലീന ഓൺലൈനായി പഠിച്ച കോഴ്സിന്‍റെ പരീക്ഷയ്ക്കായി കുടുംബം ബംഗളൂരിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
- സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റില്ല. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പി.ആർ.വസന്തൻ , എസ്. രാധാമണി, പി കെ ബാലചന്ദ്രൻ എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം നേരത്തെ ചേർന്ന ജില്ലാ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കി. ആറ് പുതുമുഖങ്ങൾ പുതിയ കമ്മിറ്റിയിൽ ഉണ്ടാകും.
- നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
മുൻ കണ്ണൂർ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. പോസ്റ്റ് മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു ഹൈക്കോടതിയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം പരിഗണിച്ചില്ല.
- മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും
വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് KSEB സർക്കാരിന് അയച്ച കത്ത് ട്വന്റി ഫോർ പുറത്തുവിട്ടു. പദ്ധതി ഏറ്റെടുക്കണമെന്ന KSEB യുടെ ആവശ്യം ഏറ്റവും കൂടുതൽ എതിർത്തത് വ്യവസായ വകുപ്പാണ്. വൈദ്യുതി നിരക്ക് കൂട്ടി ഒരു ഭാഗത്ത് ജനങ്ങളെ പിഴിയുമ്പോൾ മറുഭാഗത്ത് KSEB യ്ക്ക് ലഭിക്കേണ്ട നേട്ടം സർക്കാർ തട്ടിത്തെറിപ്പിക്കുകയാണ്. മണിയാർ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിയ്ക്ക് 25 വർഷത്തേയ്ക്ക് കൂടി കൂട്ടി നൽകാനാണ് സർക്കാർ തീരുമാനം.
- ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ മത്സരത്തിൽ ഇന്ത്യയുടെ രഞ്ജിത് ജോസിന് സ്വർണ്ണം
സിങ്കപ്പൂരിലെ ഷിറ്റോറിയൂ കരാത്തെ അസോസ്യേഷൻ്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ യൂണിയൻ്റെ 16-മത് ലോക കരാത്തെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിൻ ബുക്കാൻ ഷിറ്റോറിയൂ കരാത്തെ സ്കൂളിൻ നിന്നും പങ്കെടുത്ത രഞ്ജിത് ജോസ് വെട്രൻസ് വിഭാഗത്തിലെ കത്ത വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കി. ആഗനസ് ആഷ്ലി സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങിൽ വെങ്കലവും നേടി . 27 ൽ പരം രാജ്യങ്ങൾ പങ്കെടുത്ത മത്സരം നവംബർ 27 മുതൽ ഡിസംബർ 02 വരെ സിങ്കപ്പൂരിലെ സിവിൽ സർവീസ് ടെസൻ സൺ ക്ലബ് ഹൗസിലാണ് നടന്നത്.
- മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറെന്നും ഹൈക്കോടതി.
- പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി; എം.കെ സ്റ്റാലിൻ
കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- ഡിജിറ്റൽ അറസ്റ്റു മുതൽ ട്രേഡിങ് തട്ടിപ്പു വരെ; ബെംഗളൂരിൽ മാത്രം നഷ്ടപ്പെട്ടത് 1800 കോടി
സ്മാർട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. വിദ്യാസമ്പന്നരായ ആളുകളെ പോലും അനായാസം സൈബർ തട്ടിപ്പിനിരയാക്കി കോടികൾ കബളിപ്പിക്കുന്ന സംഘങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. 2024-ന്റെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ 11,333 കോടി രൂപ നഷ്ടപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് അടുത്തിടെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ പുറത്തുവിട്ടിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരു നഗരത്തിൽ നിന്നുള്ള സൈബർ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
- സ്നേഹം വിൽക്കാനോ വാങ്ങാനോ കഴിയില്ല: അതു സ്വയംദാനമാണ്, അത് ആത്മസമര്‍പ്പണമാണ്
നിങ്ങൾ ജീവിതത്തിൽ ഉദാരമതികളും പാവങ്ങളോടു കരുണയുള്ളവരുമായിരിക്കുക, നിങ്ങളുടെ പ്രവർത്തനങ്ങളിൽ സത്യസന്ധത പുലർത്തുക. ലോകത്തിൽ, നക്ഷത്രങ്ങളെപ്പോലെ നാം തിളങ്ങുന്ന യഥാർത്ഥ ആകാശമാണിത്. നിങ്ങളോടു കള്ളം പറ യുന്നവരെ ദയവായി കേൾക്കരുത്! നിങ്ങൾക്കു ലഭിക്കുന്ന ഒരു അംഗീകാരത്തിനും ലോകത്തെ രക്ഷിക്കാനോ നിങ്ങളെ ആനന്ദിപ്പിക്കാനോ കഴിയില്ല. സ്നേഹത്തിന്റെ സൗജന്യദാനത്തിനു മാത്രമേ നമുക്കു ആനന്ദം നൽകാൻ കഴിയൂ. സ്നേഹത്തിൻ്റെ സൗജന്യദാനമാണ് ലോകത്തെ രക്ഷിക്കുന്നത്. സ്നേഹം വിൽക്കാനോ വാങ്ങാനോ കഴിയില്ല: അതു സ്വയംദാനമാണ്, അത് ആത്മസമര്‍പ്പണമാണ്.
- സാമൂഹിക മാധ്യമങ്ങളിൽ ഒരു ദിവസം തിളങ്ങുന്നതിൽ മാത്രം ഒതുങ്ങരുത്
സാമൂഹിക മാധ്യമങ്ങളിലോ മറ്റേതെങ്കി ലും സാഹചര്യങ്ങളിലോ ‘ഒരു ദിവസം തിളങ്ങുന്നതിൽ മാത്രം ഒതുങ്ങരുത്! ഒരു യുവതി ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിച്ച് ചെയ്തതിനെക്കുറിച്ചു ഞാൻ ഓർക്കുന്നു. അവൾ സുന്ദരിയായിരുന്നുവെങ്കിലും എല്ലാ ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ടായിരുന്നു വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുത്തിരുന്നത്. ഞാൻ ചിന്തിച്ചു, ‘ചമയങ്ങൾ കഴിഞ്ഞാൽ പിന്നെ എന്താണ് ഉള്ളത്?’ നിങ്ങളുടെ ആത്മാവിലും ഹൃദയത്തിലും ചായം പുരട്ടരുത്. നിങ്ങൾ ആയിരിക്കുന്നതുപോലെ ആയിരിക്കുക: സത്യസന്ധവും സുതാര്യവും ആയിരിക്കുക. സാമൂഹിക മാധ്യമങ്ങളിലോ മറ്റേതെങ്കിലും സാഹചര്യങ്ങളിലോ ‘ഒരു ദിവസത്തെ താരങ്ങൾ’ ആകുന്നതിൽ മാത്രം ഒതുങ്ങരുത്! വിശാലമായ ആകാശത്തു പ്രകാശിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision