2025 ഡിസംബർ 08 തിങ്കൾ 1199 വൃശ്ചികം 22
വാർത്തകൾ
🗞️👉 നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം
നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത.
🗞️👉 വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല; തിരച്ചില്‍ തുടരുന്നു
എറണാകുളം വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി മിഖായേലിനെയാണ് കാണാതായത്. പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
🗞️👉 ഇടുക്കി മറയൂരില്‍ കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് വാച്ചര്‍ക്ക് പരുക്ക്
ഇടുക്കി മറയൂരില്‍ കാട്ടുപോത്ത് ആക്രമണം. വനംവകുപ്പ് താത്ക്കാലിക വാച്ചര്‍ക്ക് പരുക്കേറ്റു. കാന്തല്ലൂര്‍ വണ്ണാതുറെ സ്വദേശി സി മണിക്കാണ് പരുക്കേറ്റത്. വൈകീട്ടോടെയാണ് മറയൂര്‍ ചന്ദന റിസര്‍വ് വനത്തില്‍ വച്ച് മണിയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ തുടയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ആളുകള്‍ ഉടന്‍ മണിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരതരമായതിനാല്‍ പിന്നീട് ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
🗞️👉 ആവേശപ്പൊലിമയിൽ കൊട്ടിക്കലാശം: തദ്ദേശതിരഞ്ഞെടുപ്പ് ഒന്നാംഘട്ട പരസ്യപ്രചാരണത്തിന് സമാപനം
തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് നാളെ പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.
🗞️👉 ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വാദികൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
🗞️👉 ഡോ. കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് സ്ഥാനാരോഹിതനായി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. യുകെയിലെ ലെസ്റ്ററിലുള്ള എസ്‌പിഎഎൽ സെൻ്ററിലാണ് (മാർ ഇവാനിയോസ് നഗറിൽ) ചടങ്ങുകൾ നടന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന, വിശിഷ്‌ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എന്ന ക്രമത്തിലാണ് നടന്നു.












