2025 ഡിസംബർ 07 ഞായർ 1199 വൃശ്ചികം 21
വാർത്തകൾ
🗞️👉 ഇന്‍ഡിഗോയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്‍ഡിഗോ സിഇഒക്കാണ് നോട്ടീസ് അയച്ചത്. ഇന്ന് വ്യോമയാന മന്ത്രാലയം വിളിച്ച യോഗത്തിന് പിന്നാലെയാണ് നോട്ടീസ്. അതേസമയം, ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകുന്നത് ശബരിമല തീര്‍ത്ഥാടകരേയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വലച്ചു.
🗞️👉 തമിഴ്നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു
തമിഴ്നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന് സൈബിൾ അലൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
🗞️👉 രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും
രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ 10 നു പരിഗണിക്കും.
🗞️👉 തൃശൂര്‍ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അക്ഷയ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വാര്‍ഡനും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
🗞️👉 വിശാഖപട്ടണത്ത് ടീം ഇന്ത്യയ്ക്ക് വമ്പന്‍ ജയം
ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. വിശാഖപട്ടണം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പര 2-1ന് സ്വന്തമാക്കി. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ കളിയിലെ താരമായപ്പോള്‍ വിരാട് കോലിയാണ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്.271 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ സമ്മര്‍ദം കുറച്ചത് ഹിറ്റ്മാന് രോഹിത് ശര്‍മയായിരുന്നു. 73 പന്തില്‍ ഏഴ് ഫോറും 3 സിക്സും ഉള്‍പ്പടെ 75 റണ്‍സ് നേടിയ രോഹിതിന്റെ കലക്കന്‍ ഇന്നിങ്സില്‍ ആരാധകരും കണ്ണും മനസും നിറയ്ക്കാന്‍ പോന്ന ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ടുകള്‍ ഏറെയുണ്ടായിരുന്നു.
🗞️👉 ‘മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; സിപിഐഎമ്മിന് വോട്ട് ചെയ്യണമെന്ന് പറയാന്‍ താത്പര്യമില്ല’ ; എസ് രാജേന്ദ്രന്
മൂന്നാറില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. സിപിഐഎമ്മിന് വോട്ട് ചെയ്യണമെന്ന് പറയാന്‍ താത്പര്യമില്ല. നിലവില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമല്ലെന്നും എസ് രാജേന്ദ്രന് പറഞ്ഞു. പരസ്യമായി ആര്‍ക്കും വേണ്ടി വോട്ട് ചോദിച്ച് ഇറങ്ങിയിട്ടില്ല. പക്ഷേ മുന്‍കാല അനുഭവത്തില്‍ എന്നോട്ട് സഹകരിച്ചിട്ടുള്ളവര്ക്ക് വോട്ട് ചെയ്യാന്‍ ചില സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്രത്തോളം ശത്രുതാ മനോഭാവത്തോടെ നിലപാട് സ്വീകരിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കളോടൊപ്പം അവരുടെ നിലനില്‍പ്പിനായി വോട്ട് അഭ്യര്‍ഥിക്കാനും വോട്ട് ചെയ്യണമെന്ന് പറയാനും ആഗ്രഹമില്ല – രാജേന്ദ്രന് പറഞ്ഞു.
🗞️👉 ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിക്കും; ചൊവ്വാഴ്ച വോട്ടെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു. കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും. ഡിസംബര്‍ 7 വൈകുന്നേരം 6 മുതല്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.












