2025 ഡിസംബർ 04 വ്യാഴം 1199 വൃശ്ചികം 18
വാർത്തകൾ
🗞️👉 രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത് പൊലീസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത് പൊലീസ്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയുമായിരുന്നു.
🗞️👉 ‘പിഎം ശ്രീ കരാർ ഒപ്പിടാൻ ഞാൻ മധ്യസ്ഥം വഹിച്ചിട്ടില്ല’; കേന്ദ്രമന്ത്രിയുടെ വാദം തള്ളി ജോൺ ബ്രിട്ടാസ്
പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
🗞️👉 രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പ്രോട്ടീസിന്റെ ജയം നാല് വിക്കറ്റിന്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി.
🗞️👉 തദ്ദേശഭരണ തിരഞ്ഞെടുപ്പ്; മലയാളികൾക്ക് അവധി നൽകണമെന്ന് ഡി.കെ ശിവകുമാർ
തദ്ദേശഭരണ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വോട്ട് ചെയ്യാൻ മൂന്ന് ദിവസം ശമ്പളത്തോടു കൂടി അവധി നൽകണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ബെംഗളൂരുവിലെ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു.
🗞️👉 ‘ജാർഖണ്ഡിലെ ഇന്ത്യാ സഖ്യം ശില പോലെ ഉറച്ചത്’; ജെഎംഎം എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്
ജെഎംഎം എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചുവെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. ജാർഖണ്ഡിലെ ഇന്ത്യാസഖ്യം ശില പോലെ ഉറച്ചതെന്ന് കെ. സി വേണുഗോപാൽ വ്യക്തമാക്കി. നിലവിൽ നടക്കുന്നത് ആസൂത്രിതമായ ദുഷ്പ്രചരണമാണെന്നും വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിരാശയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദുഷ്പ്രചരണങ്ങൾ ഒന്നും ഇന്ത്യാസഖ്യത്തെ ബാധിക്കില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
🗞️👉 ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, 3 ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ ബിജാപ്പൂരിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
🗞️👉 ഓപ്പറേഷൻ ഡെമോ 2025: ഇന്ത്യൻ നാവികസേനയുടെ കരുത്തും സൗന്ദര്യവും പ്രകടമാക്കി ശംഖുമുഖത്ത് അഭ്യാസപ്രകടനങ്ങൾ
ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി. ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 K വിമാനം ആവേശം വാനോളം ഉയർത്തി.
🗞️👉 കാർഷിക പ്രോത്സാഹന ഫണ്ട് വിധി നടപ്പാക്കാത്തതിന് ഹൈക്കോടതി നോട്ടീസ്
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 നവംബർ 28ലാണ് കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ ഹൈക്കോടതി വിധി പുറുപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പാക്കിയില്ലായിരുന്നു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.












