പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  8

Date:

2024 ഓഗസ്റ്റ്  8   വ്യാഴം 1199 കർക്കിടകം 24

വാർത്തകൾ

  • സുവിശേഷം വായിക്കൂ, യേശു പറയുന്നത് ശ്രവിക്കൂ, പാപ്പാ!

നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ. കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ദിനമായിരുന്ന ചൊവ്വാഴ്ച “കർത്താവിൻറെരൂപാന്തരീകരണം” (#TransfigurationOfTheLord) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

  • സഡാക്കോ കൊക്കുകളെ നിർമ്മിച്ച്  വിദ്യാർത്ഥികൾ

ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കുകളെ നിർമ്മിച്ച് അടിവാരം സെൻ്റ്.മേരീസ് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളി ജേക്കബ് മറ്റ് അധ്യാപകർ നേതൃത്വം നല്കി.

  • ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കായി നബാർഡ് സംഘടിപ്പിച്ച ജില്ലാ തല സാച്ചുറേഷൻ ക്യാമ്പ ഉദ്ഘാടനം ചെയ്തു

സാമ്പത്തിക ജനാധിപത്യത്തിന്റെ സoയോജനത്തിന് പ്രസക്തി യേറുന്നതായും ഈ രംഗത്ത്       കർഷക കമ്പനികൾക്ക് ഏറെ സാധ്യതയുണ്ടന്നും സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടർ ഡോ.ജോസ് ചാത്തുക്കുളം അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കായി നബാർഡ് സംഘടിപ്പിച്ച ജില്ലാ തല സാച്ചുറേഷൻ ക്യാമ്പ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രോഗ്രാമിൽ ആത്‌മാ പ്രോജക്ട് ഡയറക്ടർ സെബാസ്‌റ്റ്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , നബാർഡ് ജില്ലാ മാനേജർ റജി വർഗീസ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ്, പി.എസ്.ഡബ്ലിയു.എസ് എഫ് പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫുഡ് സെയ്ഫ് റ്റി അസിസ്റ്റന്റ് കമ്മീഷണർ രൺദീപ് .സി .ആർ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, ആത്മ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോർജ് കുര്യൻ, ഡപ്യൂട്ടി ഡയറക്ടർ നിഷാ മേരി സിറിയക് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. എ.ഡി.എ (മാർക്കറ്റിങ്ങ് ) യമുന ജോസ് , എ.ഡി.എ ട്രീസാ സെലിൻ ജോസ് , പി.എസ് ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി, സി.ഇ.ഒ വിമൽ ജോണി, ഹരിതം എഫ്.പി.ഒ സി.ഇ.ഒ ജോസ് മോൻ മണ്ണയ്ക്ക നാട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

  • കർണാടകയിൽ പാലം തകർന്ന് ലോറി പുഴയിൽ വീണു

കർണാടകയിൽ ദേശീയപാത 66ൽ പാലം തകർന്ന് ലോറി പുഴയിൽ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. സദാശിവഗഡിനെ കാർവാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകർന്നുവീണത്. ഈ സമയത്ത് പാലത്തിലൂടെ കടന്ന് പോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

  • നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് മരണം

നേപ്പാളിലെ നുവകോട്ടിൽ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിനു പുറത്തുള്ള വനത്തിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.

  • അർജുനെ കണ്ടെത്താൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും

അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷിരൂരിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അർജുന്റെ കുടുംബത്തെ അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്താൻ കർണാടക പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക അറിയിച്ചിട്ടുണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • നിയമം പാലിക്കുന്നതിൽ വിനേഷ് ഫോഗട്ടിന്റെ കോച്ച് പരാജയപ്പെട്ടോ

100 ഗ്രാമല്ല ഒരു ഗ്രാം ഭാരം കൂടിയാൽ പോലും മൽസരാർഥി അയോഗ്യരാകും എന്നാണ് ഒളിമ്പിക്‌സിലെ നിയമം. ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയായതിൽ പരിശീലകൻ വിമർശന മുനയിലാണ്. ഭാരപരിധി ഉറപ്പാക്കുന്ന കാര്യത്തിൽ ഹങ്കേറിയൻ പരിശീലകൻ വോളർ അക്കോസ് പരാജയപ്പെട്ടെന്നാണ് വിമർശനം. മൽസരാർഥിക്ക് ഭാരം കൂടാതെ നോക്കേണ്ടത് കോച്ചിന്റെ ഉത്തരവാദിത്തമാണ്.

  • വൻ അട്ടിമറി, കേന്ദ്ര സർക്കാർ ഇടപെട്ടുവെന്ന് ഫോഗട്ടിൻ്റെ കുടുംബം

ഒളിമ്പിക്സിലെ 50kg ഗുസ്‌തി വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ട് പുറത്തായതിന് പിന്നിൽ വൻ അട്ടിമറി നടന്നുവെന്ന ആരോപണവുമായി കുടുംബം. ‘ഇത് ഹൃദയഭേദകമായ വാർത്തയാണ്, രാഷ്ട്രീയം കളിക്കുകയാണ്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര സർക്കാർ ഇതിൽ പങ്കാളികളാണ്’ ഫോഗട്ടിന്റെ ഭർതൃപിതാവ് രാജ്പാൽ രതി പ്രതികരിച്ചു. ഫോഗട്ട് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ബ്രിജ് ഭൂഷണും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

  • സ്വർണ വിലയിൽ വീണ്ടും കനത്ത ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിലെ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 50,800 രൂപയിലും ഗ്രാമിന് 6,350 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ താഴ്ന്ന് 5,255 രൂപയിലെത്തി. ഒരിടവേളയ്ക്കു ശേഷം താഴേക്കുപോയ സ്വർണവില ചൊവ്വാഴ്‌ച പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു.

  • സപ്ലൈകോ വിപണികളിൽ പഞ്ചസാര ഇല്ലാതായിട്ട് ഒരു വർഷം

സപ്ലൈകോ വിപണികളിൽ നിന്ന് പഞ്ചസാര എത്താതായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഓണത്തിനാണ് സപ്ലൈകോ മാർക്കറ്റിലൂടെയും റേഷൻ കടകളിലൂടെയും അവസാനമായി വിതരണം നടന്നത്. മില്ലുകളിൽനിന്ന് നേരിട്ടാണ് സപ്ലൈകോയിലേക്ക് പഞ്ചസാര എത്തിച്ചിരുന്നത്. മുൻകൂർ പണം നൽകുന്നതിൽ വീഴ്ച വന്നതിനാലാണ് മില്ലുകൾ വിതരണം നിർത്തിയത്. വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.

  • നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി സുനി സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി സുപ്രീംകോടതിയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സുനി സുപ്രീംകോടതിയിൽ ജാമ്യം തേടി. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എംഎസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്. നടൻ ദിലീപ് പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

  • ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസ്താവന

വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് അറിയിക്കുന്നതെന്നാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസ്‌താവനയിൽ അറിയിച്ചത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം ഇന്ന് രാവിലെ 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഐഒഎ പ്രസ്താവനയിൽ പറഞ്ഞു.

  • ഇന്ത്യൻ ഗുസ്തി താരം 50kg വിഭാഗത്തിൽ നിന്ന് അയോഗ്യയാക്കിയതിന്റെ കാരണത്തിൽ അവ്യക്തത.

ആദ്യ റിപ്പോർട്ടുകൾ പ്രകാരം 2 കിലോ ഭാരം കൂടിയെന്നാണെങ്കിൽ, പിന്നീട് 100 ഗ്രാമാണ് കൂടിയെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവന്നു. കൃത്യമായ കായിക പരിശീലനം നടത്തുന്ന ഫോഗട്ട് പൊടുന്നനെ 2 കിലോ കൂടിയെന്ന റിപ്പോർട്ടുകൾ അവിശ്വസനീയമാണ്. സെമിയിൽ അടക്കം ഭാരപരിശോധനയിൽ വിജയിച്ച താരം ഒറ്റരാത്രി കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

  • വിനേഷ് ഫോഗട്ട് അയോഗ്യയാകുമ്പോൾ

രാജ്യം ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത വാർത്തയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം. അപ്രതീക്ഷിതമായിട്ടാണ് താരം അയോഗ്യയായി എന്ന വാർത്ത വന്നത്. ഗുസ്തി ഫെഡറേഷൻ അധികാരികളുടെ അനീതിക്കെതിരെ തെരുവിലിറങ്ങി പോരാടിയ താരത്തിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വിനേഷ് ഫോഗട്ടിൻ്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാജ്യം.

  • ഉറങ്ങാതെ സൈക്ലിംഗും ജോഗിങ്ങും ചെയ്‌തിട്ടും ഫോഗട്ടിന് നിരാശ

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാതെ സൈക്ലിംഗും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പരാജയപ്പെടുകയായിരുന്നു. 50Kg ഗുസ്തി വിഭാഗത്തിൽ പങ്കെടുത്ത ഫോഗട്ടിന് 50 കിലോയും 100 ഗ്രാം അധികവും ഭാരമുണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അയോഗ്യയാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പരാതി നൽകിയേക്കും.

  • വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ എന്നയാളിനെയാണ് കാണാതായത്. തിരച്ചിൽ പുരോഗമിക്കുകയാണ്. രാവിലെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു.

  • വിനേഷ് ഫോഗട്ട് അയോഗ്യയായി

ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ഒളിംപിക്സ് മത്സരത്തിൽ അയോഗ്യയാക്കി. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിലാണ് നടപടി. പരിശോധന നടത്തിയപ്പോൾ 100ഗ്രാം ഭാരം കൂടുതലുണ്ടെന്നാണ് റിപ്പോർട്ട്. വിനേഷ് ഫോഗട്ട് വെള്ളി മെഡൽ ഉറപ്പിച്ചതായിരുന്നു. ഫൈനൽ പോരാട്ടത്തിൽ വിജയിച്ച് ഗോൾഡ് മെഡൽ നേടാൻ സാധ്യതയുണ്ടായിരുന്നു. ഇതോടെ താരം നേടിയെടുത്ത് വെള്ളി മെഡലും നഷ്ടമാകും.

  • കരിപ്പൂർ വിമാനാപകടത്തിന് 4 വർഷം

കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടം സംഭവിച്ചിട്ട് ഇന്നലെ 4 വർഷമാകുന്നു. കഴിഞ്ഞ ഓഗസ്റ്റ് 7ന് നടന്ന വിമാനാപകടത്തിൽ 21 പേരാണ് മരിച്ചത്. പൈലറ്റിന്റെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് കണ്ടെത്തൽ. അന്ന് കൊവിഡ് കാലമായിട്ട് പോലും നാട്ടുകാരും പൊലീസും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് കേരളം കണ്ട മഹാരക്ഷാപ്രവർത്തനമാണ് നടത്തിയത്. സമയോചിത രക്ഷാപ്രവർത്തനം മരണസംഖ്യ കുറയ്ക്കുന്നതിന് കാരണമായി.

  • 8ാം ക്ലാസിൽ ഇനി ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം.

  • ഫോഗട്ട്,  ‘ഇന്ത്യയുടെ ധീരപുത്രി‘: രാഹുൽ ഗാന്ധി

ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും മികച്ച 3 ഗുസ്തി താരങ്ങളെ ഒറ്റദിവസം അവൾ തകർത്തു, അവളെയും അവളുടെ സഹതാരങ്ങളെയും തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയം. അവളുടെ ചോരകണ്ണീർ കാണാത്ത അധികാരികൾ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ തകർന്നെന്നും, ഫോഗട്ടിന്റെ വിജയം ദില്ലിയിൽ വരെ കേൾക്കാമെന്നും രാഹുൽ.

  • വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്; അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവ്

എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനല്‍ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവില്‍ വെല്ലുവിളി ആയിരിക്കുന്നത് ഒരു കോളജ് അധ്യാപക നിയമന കുരുക്കാണ്. വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ ഡോ.പ്രവീണിനെ അകാരണമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

  • വെള്ളിയാഴ്‌ചത്തെ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്

സിനിമയുടെ വെള്ളിയാഴ്‌ചത്തെ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചായത്ത് ജെട്ടി. വരുന്ന വെള്ളിയാഴ്ച ചിത്രത്തിന് ലഭിക്കുന്ന തിയേറ്റർ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

  • 750ൽ അധികം കുടുംബങ്ങളുടെ കൃഷി നശിച്ചു

വയനാട് ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 50 ഹെക്ടർ ഏലം, 100 ഹെക്‌ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്‌ടർ തേയില ഉൾപ്പെടെയാണ് നശിച്ചത്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ച് മാത്രം ജീവിക്കുന്നവരാണ്. 750 കാർഷിക ഉപകരണങ്ങൾ, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ അനുബന്ധന നഷ്‌ടവും ഉണ്ടായിട്ടുണ്ടെന്നും കൃഷി വകുപ്പ് വ്യക്തമാക്കുന്നു.

  • ഷിരൂരിൽ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജ പ്രചാരണം: SP

ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമെന്ന് കാർവാർ എസ്‌പി എം നാരായണ. ഷിരൂരിനും ഹൊന്നാവരയ്ക്കും ഇടയിൽ പുഴയും കടലും ചേരുന്നിടത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു പ്രചാരണം. എന്നാൽ, ഇങ്ങനൊരു മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മൃതദേഹം കണ്ടെത്തിയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. അർജുന്റേതാകാൻ സാധ്യതയില്ലെന്നാണ് മാൽപെ പറഞ്ഞത്.

  • ഹോക്കി: സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു. 3-ാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തിയെങ്കിലും, മത്സരം തീരാൻ 6 മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമനി വിജയിക്കുകയായിരുന്നു. ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ നേരിടും.

  • വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 9-ാം ദിവസം

വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്നലെ പരിശോധന നടത്തി. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നലെ ഉണ്ടായി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇന്നലെ 6 കിലോമീറ്റർ ദൂരം പരിശോധന നടത്തി.

  • കേരളത്തിൽ  മഴയ്ക്ക് സാധ്യത

കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസമില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...