പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  7

Date:

വാർത്തകൾ

  • മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ

കൽപ്പറ്റ: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷ നേടാൻ വഴി തുറന്നതിന്റെ ചാരിതാർഥ്യത്തിൽ മടങ്ങുന്നു. മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യാത്രയയപ്പ് നൽകി. ബംഗളൂരുവിലുള്ള കേരള- കർണാടക ഹെഡ് ക്വാർട്ടേ ഴ്സിൽ നിന്ന് ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും.

  • പെട്ടിമുടി ദുരന്തത്തിന് 4 വയസ്

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടലിൽ വൻ ദുരന്തം സംഭവിച്ചിട്ട് 4 വർഷം. 2020 ഓഗസ്റ്റ് 6നാണ് ദുരന്തം സംഭവിച്ചത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നത്. പെട്ടിമുടി ദുരന്തമുണ്ടായതിന് ശേഷം 19 ദിവസമാണ് 500ലധികം പേർ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് 66 മൃതദേഹം കണ്ടെടുത്തു. കാണാതായ നാലുപേരെ മരിച്ചതായി പ്രഖ്യാപിച്ചു.

  • ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം. അതേസമയം കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

  • ആഗസ്റ്റ് 6; ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ഓഗസ്റ്റ് 6ന് ഹിരോഷിമ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6ന് രാവിലെ 8.15ന് ജപ്പാനിലെ ഹിരോഷിമയിലാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്. ഹിരോഷിമ പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000ത്തോളം പേർ കൊല്ലപ്പെട്ടു. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി.

  • ഹോക്കിയിൽ ഇന്ത്യയ്ക്ക് സെമി പോരാട്ടം

ഒളിമ്പിക്സിലെ ഹോക്കിയിൽ നിർണായക സെമി പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ജർമനിയെ നേരിടും. ഇന്ന് രാത്രി 10.30നാണ് മത്സരം. ത്രില്ലർ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനെ തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇരുടീമുകളും ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 8 മത്സരങ്ങളിലും ജർമനി 6 മത്സരങ്ങളിലും വിജയിച്ചു, 4 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. സെമിയിൽ ജർമനി തകർത്ത് മെഡൽ പ്രതീക്ഷ നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

  • വയനാട് ദുരന്തം; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ് സോണുകളായാണ് തിരച്ചിൽ നടത്തുക. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. അതേസമയം, ദുരന്തത്തിൽ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. തിരിച്ചറിയാത്ത 43 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഇതുവരെ പൊതുശ്‌മശാനത്തിൽ സർവമത പ്രാർത്ഥനയോടെ സംസ്കരിച്ചു.

  • പട്ടാമ്പി പാലം മുതൽ തുറന്നുകൊടുക്കും

നിബന്ധനകൾക്ക് വിധേയമായി പട്ടാമ്പി പാലം മുതൽ തുറന്നുകൊടുത്തു ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പി പാലം മുങ്ങിപ്പോയിരുന്നു.

  • ഉരുൾപൊട്ടൽ; പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും

വയനാട് ഉരുൾപൊട്ടലിന് പിന്നാലെയുള്ള തെരച്ചിലിന്റെ ഭാഗമായി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കും. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററിൽ എത്തിച്ച് തെരച്ചിൽ നടത്തും. ഇതിനായി പ്രത്യേക സംഘം ഹെലികോപ്റ്ററിൽ സൺറൈസ് വാലി മേഖലയിൽ എത്തും. ഇവിടെ നേരത്തെ ആർക്കും സാധിച്ചിരുന്നില്ല. സൈനികർ, ഫോറസ്റ്റ്  ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക.

  • കീർത്തി മന്ദിർ; ഗാന്ധിജിയുടെ സ്മരണക്കായി തീർത്ത മന്ദിരം

മഹാത്മ ഗാന്ധിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്മ‌ാരകമാണ് കീർത്തി മന്ദിർ. കീർത്തി മന്ദിറിനോട് ചേർന്നാണ് ഗാന്ധിജി ജനിച്ച ഭവനവും അദ്ദേഹം കുട്ടിക്കാലം ചിലവഴിച്ച ഇടവുമെല്ലാം ഉള്ളത്. ഇന്ന് കീർത്തി മന്ദിർ നിൽക്കുന്ന തറയിലായിരുന്നു ഗാന്ധിജിയുടെ ആദ്യകാല ഭവനം ഉണ്ടായിരുന്നത്. പിന്നീട് ഒരു ട്രസ്റ്റ് ഈ സ്ഥലം ഏറ്റെടുത്ത് കീർത്തി മന്ദിർ നിർമിക്കുകയായിരുന്നു. ഒരുപാട് വിദേശികൾ സന്ദർശനത്തിനായി എത്താറുണ്ട്.

  • ചരിത്രത്തിൽ – ഓഗസ്റ്റ് 6

1538 – ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.

1806 – റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.

1825 – ബൊളീവിയ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.

1945 – രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000 പേർ തൽക്ഷണം മരണമടഞ്ഞു.

1962 – ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.

  • ഹേമ കമ്മറ്റി റിപ്പോർട്ട്: ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ നേരത്തെ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഭാഗികമായ റിപ്പോർട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യ വിവരങ്ങൾ ഒന്നും തന്നെ റിപ്പോർട്ടിൽ ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ വിശദമായ വാദം ഇന്ന് കോടതിയിൽ നടക്കും.

  • സിനിമ വിശേഷം

ഓർമകളിലൂടെ ഒരു സിനിമാക്കാലം; മേലേപ്പറമ്പിൽ ആൺവീട് (1993)

► കഥ: ഗിരീഷ് പുത്തഞ്ചേരി

► തിരക്കഥ, സംഭാഷണം: രഘുനാഥ് പലേരി

സംവിധാനം: രാജസേനൻ ► താരങ്ങൾ; ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, മീന, ജഗതി ശ്രീകുമാർ ► ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ,ഐ എസ് കുണ്ടൂർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കെ ജെ യേശുദാസ്, സുജാത മോഹൻ, മിന്മിനി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

  • കുടുംബത്തിലെ 11 പേരും പോയി; നോവായി നൗഫൽ

മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്‌ടമായത്‌. ഒമാനിൽ ജോലി ചെയ്യുന്ന നൗഫൽ ഉരുൾപൊട്ടൽ അറിഞ്ഞ ഉടൻ നാട്ടിലേക്ക് എത്തി. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്‌ടമായത്‌. ഒമാനിൽ ജോലി ചെയ്യുന്ന നൗഫൽ ഉരുൾപൊട്ടൽ അറിഞ്ഞ ഉടൻ നാട്ടിലേക്ക് എത്തി.

  • മഹാരാഷ്ട്രയിലെ അതിമനോഹരമായ ഹിൽസ്റ്റേഷൻ

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായിയാണ് മഹാബലേശ്വർ അറിയപ്പെടുന്നത്. അതിമനോഹരമായ കാഴ്‌ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. നിരവധി വ്യൂ പോയിന്റുകൾ സ്ട്രോബറി ഫാമുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് പച്ചപ്പ് നിറഞ്ഞ ഈ ഒരു സ്ഥലം. ശാന്തമായ വെണ്ണ തടാകം, ആർത്തർ സീറ്റ് എലിഫന്റ് ഹെഡ് പോയിന്റ് എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

  • എയർലിഫ്റ്റിംഗ് മാർഗം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി

വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി എയർലിഫ്റ്റിംഗ് മാർഗം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി. ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം സ്ഥലത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്.

  • മോദി വയനാട് സന്ദർശിച്ചേക്കും

പ്രധാനമന്ത്രി വയനാട് സന്ദർശിച്ചേക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകും. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയിൽ ചടങ്ങിൽ പങ്കെടുക്കുമ്പോൾ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ദുരിതബാധിതർക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

  • ഷെയ്ഖ് ഹസീന വിഷയത്തിൽ സുപ്രധാന തീരുമാനം എടുക്കാൻ ഇന്ത്യ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ന് പ്രസ്‌താവന നടത്തും. ദില്ലിയിൽ സുരക്ഷിതമായി കഴിയാൻ ഹസീനയ്ക്ക് അവസരം ഒരുക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ വിഷയത്തിൽ ഇന്ത്യയുടെ തീരുമാനം ഏറെ നിർണായകമാണ്.

  • മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മൊർതാസയുടെ വീടിന് തീയിട്ടു

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് നായകനും ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗിന്റെ നേതാവുമായ മുഷ്റഫെ മൊർതാസയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് മൊർതാസ. തുടർച്ചയായി രണ്ട് തവണ അവാമി ലീഗിന്റെ എംപിയാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾക്കെതിരെയും പ്രതിഷേധം തുടരുന്നത്.

  • പത്തനംതിട്ടയിൽ വാഹനാപകടം; 2 യുവാക്കൾ മരിച്ചു

പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു. ബൈക്ക് യാത്രികരായ ടോം സി വർഗീസ്, ജിത്തു രാജ് എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.

  • സാലറി ചലഞ്ചിനായി സർക്കാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച് നടത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. എല്ലാ സംഘടനകളുമായി ആലോചിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് സർക്കാറിന്റെ ശ്രമം. ഭരണ-പ്രതിപക്ഷ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിരവധി പേരുടെ സഹായങ്ങൾ എത്തുന്നുണ്ട്.

  • ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകൻ സജീബ് വാസേദ്. തൻ്റെ മാതാവ് രാജ്യം വിടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും സാഹചര്യം പ്രതികൂലമായെന്നും മകൻ പറഞ്ഞു. ബംഗ്ലാദേശിലെ കലാപം അക്രമാസക്തമായ പശ്ചാത്തലത്തിലായിരുന്നു ഹസീന രാജിവച്ച് ഇന്ത്യയിലെത്തിയത്. ഹസീന രാജ്യത്ത് താമസിക്കുന്നത് സംബന്ധിച്ച് പ്രസ്താവനയൊന്നും ഇന്ത്യ പുറപ്പെടുവിച്ചിട്ടില്ല.

  • രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഒന്നാം ക്ലാസുകാരി

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും അഭിവാദ്യം ചെയ്ത് ചിത്രം വരച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരി. പൂത്തോട്ട എസ്എൻ പബ്ലിക്ക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി സിദ്റ ഇർഷാദിന്റെ ചിത്രം പിവി അൻവർ എംഎൽഎ ആണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

  • കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ദീപം തെളിയിച്ചു. തുടർന്ന് സ്കൂൾ ലീഡർ കുമാരി അലീന തോമസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ സോജൻ ജേക്കബ് പ്രധാന അധ്യാപകൻ ശ്രീ ബെന്നിച്ചൻ പി ഐകുമാരി അന്നമേരി ഷിബു എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു. പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിച്ചു.

  • ഷിരൂർ അപകടം: കണ്ടെത്താനുള്ളത് മൂന്ന് പേരെ

കർണാടകയിലെ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്ന് അർജുൻ അടക്കം മൂന്ന് പേരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. അർജുൻ, ലോകേഷ്, ജഗനാഥ് എന്നിവരേയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒഡീഷ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയേയും കാണാതായിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ ആരുടേതാണെന്ന് മനസിലാക്കാൻ സാധിക്കൂ.

  • ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

  • ഒളിമ്പിക്സ് ഫുട്ബോളിൽ ഫ്രാൻസ്-സ്പെയിൻ ഫൈനൽ പോര്

ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഈജിപ്‌തിനെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഫ്രഞ്ച് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് 3 ഗോളുകൾ ഫ്രാൻസ് തിരിച്ചടിച്ചത്. ഇനി വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടും.

  • സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,285 രൂപയാണ്. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.

  • അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ

ബംഗ്ലാദേശിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി BSF. ബംഗ്ലദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നത്. ഇവിടങ്ങളിൽ പട്രോളിങ്ങും ഊർജിതമാക്കി. ഇന്ത്യക്കാർ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് നിർദേശമുണ്ട്.

  • ബംഗ്ലാദേശിൽ പട്ടാള ഭരണം; മുഹമ്മദ് യൂനുസ് ഉപദേഷ്ടാവ്

നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവും. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് സൈന്യം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കും. ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതോടെ ബംഗ്ലാദേശിൽ നിലവിൽ പട്ടാള ഭരണമാണ്. ഹസീനയുടെ രാഷ്ട്രീയ എതിരാളി ഖാലിദ സിയയെ മോചിപ്പിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ജയിൽ കഴിയുന്ന ഖാലിദയെ മോചിപ്പിക്കാൻ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.

  • കാശിയിൽ വീടുകൾ തകർന്ന് വീണു; നിരവധി പേർ കുടുങ്ങി, VIDEO

ഉത്തർ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടർന്ന് വീടുകൾ തകർന്ന് വീണു. എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 5 പേർക്കായുള്ള തിരച്ചിൽ സ്ഥലത്ത് തുടരുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് ഈ വീടുകൾ സ്ഥിതി ചെയ്തിരുന്നത്.

  • KSRTC വീണ്ടും മിനി ബസ് വാങ്ങുന്നു

KSRTC 220 ബസുകൾ ആദ്യഘട്ടത്തിൽ വാങ്ങുന്നു. പുതിയ മോഡൽ ഡീസൽ ബസുകളുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ പഠനം പൂർത്തിയാക്കാതെ ആണ് പുതിയ ബസുകൾ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. 2001ൽ ഇതേരീതിയിൽ മിനിബസുകൾ വാങ്ങിപ്പോൾ അറ്റകുറ്റപ്പണി കൂടിയ ബസുകളുടെ പരിപാലനച്ചെലവ് വൻ ബാധ്യതയായി മാറിയിരുന്നു.

  • മലപ്പുറത്ത് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും വിദ്യാർഥികളും ഉൾപ്പടെ 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിന്റെ ഒരു വശത്തുനിന്ന് വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

  • ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കും

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ക്‌കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണ്. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്‌തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചു. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

  • ഇനിയും പരീക്ഷിക്കരുത്, അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കണം

അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് കുടുംബം. അർജുനെയും ലോറിയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം. വൈദഗ്ധ്യമുള്ള ആളെ ചുമതലപ്പെടുത്തണമെന്ന് ജിതിൻ പറഞ്ഞു.

  • വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമ്മിക്കും

വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ തിരികെ സ്‌കൂളിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. മുണ്ടക്കൈ സ്കൂൾ പുനർനിർമ്മിക്കാൻ നടൻ മോഹൻലാൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് മാറ്റുന്ന മുറയ്ക്ക് മേപ്പാടി വിഎച്ച്എസ്എസിൽ ക്ലാസ്സുകൾ പുനരാരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

  • കേരളത്തെ വിമർശിക്കാൻ ശാസ്ത്രജ്ഞരോട് കേന്ദ്രം ആവശ്യപ്പെട്ടു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെ വിമർശിക്കാൻ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടെന്ന് ദ ന്യൂസ് മിനിട്ടിന്റെ റിപ്പോർട്ട്. കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കേരളത്തെ വിമർശിച്ച് വിദഗ്ധരോട് ലേഖനങ്ങൾ എഴുതാൻ നിർദേശം നൽകിയതായും ദ ന്യൂസ് മിനിട്ട് വെളിപ്പെടുത്തി. നേരത്തെ, ദുരന്തത്തിൽ അമിത് ഷാ കേരളത്തെ പഴിചാരിയത് വിവാദമായിരുന്നു.

  • ദുരിതാശ്വാസ നിധി; രാഷ്ട്രീയ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ രാഷ്ട്രീയ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പരാതികളുയർന്നിട്ടുണ്ട്. മുൻപ് മറ്റു പല കാര്യങ്ങൾക്കും വേണ്ടി പണം ഉപയോഗിച്ചു. വയനാടിൻ്റെ കാര്യത്തിൽ പരാതി ആവർത്തിക്കാതെ ഇരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  • കുടിയേറ്റക്കാരെ അപമാനിക്കുന്നു‘; കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ. സങ്കുചിത താത്പര്യത്തിനു വേണ്ടി ദുരന്തത്തെ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ധാരണ ഉള്ളവർക്ക് അവിടെ ജീവിക്കുന്നവരെ കുടിയേറ്റക്കാരായി മുദ്ര കുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റ്

പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ വാർത്തയിൽ വിശദീകരണവുമായി എൻസിഇആർടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്നും ആദ്യമായി ഭരണഘടനയുടെ വ്യത്യസ്‌ത ഭാഗങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്നും എൻസിഇആർടി വ്യക്തമാക്കി. ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി കൂട്ടിച്ചേർത്തു.

  • ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കും

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയ ഷെയ്ഖ് ഹസീനയ്ക്കും സഹോദരി രഹാനയ്ക്കും ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുമെന്നായിരുന്നു അഭ്യൂഹം.

  • വയനാട് ദുരന്തം: നൂറോളം പേർക്ക് തൊഴിൽ വാഗ്ദാനം

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി ABC കാർഗോ. നൂറോളം പേർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യ സാധനങ്ങൾ UAEയിൽ നിന്നും സരദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചു നൽകുന്നതാണെന്നും ABC മാനേജമെന്റ് അറിയിച്ചു. നൂറോളം പേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു ABC കാർഗോയുടെ GCCയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കി.

  • ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

►ഓൺലൈൻ ടാക്‌സിയിൽ കയറുന്നതിന് മുമ്പ് നിങ്ങളുടെ ആപ്പിൽ നൽകിയിരുക്കുന്ന കാറിന്റെ നമ്പറും ഡ്രൈവറുടെ പേരും പരിശോധിച്ച് ഉറപ്പിക്കുക.

►നിങ്ങളുടെ ആപ്പിലെ ഷെയർ ട്രിപ്പ് ഫീച്ചർ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കോ സുഹൃത്തുകൾക്കോ ഷെയർ ചെയ്യുക. ►വാഹനത്തിൽ കയറുമ്പോൾ ജിപിഎസ് സംവിധാനം ഉപയോഗിക്കുക.

►വിലപിടിപ്പുള്ള വസ്തുകൾ അടുത്ത് തന്നെ സൂക്ഷിക്കുക.

►ഫോണിൽ ചാർജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

  • ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; മദ്യനയത്തിൽ മാറ്റം

സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും. ബാറുടമകളുടെ ആവശ്യം ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.

  • ടിം വാൽസ് കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടിം വാൽസിനെ തൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തെരഞ്ഞെടുത്ത് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. നിലവിൽ മിനസോട്ട ഗവർണറാണ് അദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മിനസോട്ടയുടെ ഗവർണാറായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട വാൽസ് ഡെമോക്രാറ്റിക് ഗവർണേസ് അസോസിയേഷൻ അധ്യക്ഷനാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ഹൈസ്കൂൾ ഫുട്ബോൾ കോച്ചായിരുന്നു വാൽസ്.

  • 2024-ൽ വിദേശത്ത് പഠനം നടത്തുന്നത് 13 ലക്ഷത്തിലധികം ഇന്ത്യക്കാർ

വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ പറഞ്ഞ കണക്കുകൾ പ്രകാരം 2024-ൽ 13,35,878 ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നത്. 2022-ൽ 9,07,404 വിദ്യാർഥികളായിരുന്നു. കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠനം നടത്തുന്നത് കാനഡയിലാണ്. രണ്ടാമത് അമേരിക്കയാണ്.

  • ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോൺ

വയനാട് ഉണ്ടായ മഹാദുരന്തത്തിൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോൺ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതം ബാധിച്ച കുട്ടികൾക്ക് പ്രത്യേക സ്കൂ‌ൾകിറ്റ് നൽകുമെന്നും ദുരിത മേഖലയിലെ അപകടകരമായ നിലയിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ തുക നൽകുന്നതിലേക്കായി തദ്ദേശ വകുപ്പ് കണക്കെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • വനിതാ ടി20 ലോകകപ്പ് വേദി മാറ്റും?

വനിതാ ടി20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വേദി മാറ്റാൻ ഐസിസി ആലോചിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തരകലാപത്തെ തുടർന്ന് ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മോശമായതിനെ തുടർന്നാണ് ഐസിസി വേദിമാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. ഇന്ത്യയിലേക്ക് ലോകകപ്പ് മാറ്റാനാണ് സാധ്യത. ഒക്ടോബറിലാണ് ലോകകപ്പ് നടക്കേണ്ടത്.

  • മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു വാര്യർ അന്തരിച്ചു

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു വാര്യർ (അനു സിനുബാൽ, 49) അന്തരിച്ചു. ദുബായിൽ ഖലീജ് ടൈംസിൽ സീനിയർ കോപ്പി എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. കൊച്ചിയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സീനിയർ സബ് എഡിറ്റർ ആയിരുന്നു. യാത്രാവിവരണവും കവിതകളും എഴുതി സാഹിത്യ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

  • ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ജാർഖണ്ഡ് സ്വദേശിയുടേതെന്ന് സംശയം

കർണാടകയിലെ ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ജാർഖണ്ഡ് സ്വദേശിയുടേതെന്ന് സംശയം. ഷിരൂരിൽ നിന്ന് 55 കി.മീറ്റർ അകലെ ഹൊന്നാവരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലുള്ള മൃതദേഹം കടലിൽ ഒഴുകിനടക്കുകയായിരുന്നു. 6 ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

  • വിനേഷ് ഫോഗട്ട് സെമിയിൽ

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയിൽ. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ 7-5ന് തകർത്താണ് സെമി പ്രവേശം. ഇന്ന് അർധരാത്രി നടക്കുന്ന സെമി മത്സരത്തിൽ ക്യൂബയുടെ യുസ്നെയ്ലിസ് ലോപസിനെയോ നേരിടും. നേരത്തേ ജപ്പാന്റെ ലോക ഒന്നാംനമ്പർ സീഡ് താരം യുയ് സുസാകിയെ തകർത്താണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.

  • തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു

തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഇതോടെ നേമം, കൊച്ചുവേളി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറും. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

  • വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 385 ഓളം വീടുകൾ പൂർണമായും തകർന്നു പോയെന്നാണ് കെഎസ്‌ഇബിയുടെ കണക്കുകൾ പറയുന്നത്.

  • നീരജ് ചോപ്ര ഫൈനലിൽ

ഒളിമ്പിക്സിൽ ആദ്യ ഏറിൽ തന്നെ യോഗ്യതാ മാർക്ക് മറികടന്ന് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. 84 മീറ്ററാണ് ഫൈനലിലെത്താൻ വേണ്ടിയിരുന്ന യോഗ്യതാ മാർക്ക്. ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അർഷദ് നദീമും ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടി. 86.59 മീറ്റർ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്.

  • ബിഗ് ബോസ് തമിഴ് സീസൺ അവതാരകനാകാനില്ലെന്ന് കമൽ ഹാസൻ

ബിഗ് ബോസ് തമിഴ് ഷോയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുമെന്ന് വ്യക്തമാക്കി നടൻ കമൽ ഹാസൻ. എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഠിനഹൃദയത്തോടെയാണ് ഈ തീരുമാനം എടുത്തതെന്ന് കമൽ ഹാസൻ പറയുന്നു. മുമ്പ് കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകളുമായി ക്ലാഷ് വരുന്നതിനാലാണ് ഈ തീരുമാനമെന്ന് താരം വ്യക്തമാക്കുന്നു. ഷോയുടെ അവതാരകനായി എത്തുന്ന പുതിയ താരത്തെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...