2024 ഓഗസ്റ്റ് 6 ചൊവ്വ 1199 കർക്കിടകം 22
വാർത്തകൾ
- തിരുവോസ്തി മാംസരൂപമായി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നു. മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം രൂപത കേന്ദ്രത്തിലേക്ക് മാറ്റിയിരിന്നു.
- മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു.
മണിയംകുന്ന്:- മീനച്ചിൽ നദീതട സംരക്ഷണ സമിതി – ഭൂമിക -യുടെ ആഭിമുഖ്യത്തിൽ മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അനധികൃത കടന്നുകയറ്റവും ചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതിനായി പുതുതലമുറ ഉണർന്നു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മൂലം പ്രകൃതിയെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും പാടില്ല എന്ന സന്ദേശവുമായി സീറോ വെയ്സ്റ്റ് മാനേജ്മെന്റ് -ജോയി ഓഫ് വെയ്സ്റ്റ് മാനേജ്മെൻ്റ് – പരിപാടിയും ഉദ്ഘാടനം ചെയ്തു. കൂടാതെ ഉപയോഗശ്യൂന്യമായ പേനകൾ നിക്ഷേപിക്കാൻ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്കൂളിൽ സ്ഥാപിച്ചു.ഭൂമിക,മീനച്ചിൽ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറിയായ എബി ഇമ്മാനുവേൽ പൂണ്ടി ക്കുളം മുഖ്യാതിഥിയായിരുന്നു. ക്ലൈമൻ്റ് ആക്ഷൻ കൗൺസിൽ പ്രോജക്ട് ഓർഗനൈസർ ജോസഫ് ഡൊമിനിക് , ഹെഡ്മിസ്ട്രസ് സി.റ്റീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
- ദുരന്തത്തില്‍ ആദ്യ അഭയകേന്ദ്രമായ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ വിടവാങ്ങിയവരെ സമര്‍പ്പിച്ച് ഞായറാഴ്ച കുര്‍ബാന
കൽപ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തകര്‍ത്ത ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവർത്തനം നടത്തി എത്തിച്ചത്.ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിൻ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു. ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരിന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തിയിരിന്നു. തുടര്‍ന്നു സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ഫാ. ജിബിൻ പറഞ്ഞു.
- കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നു പാപ്പ പറഞ്ഞു. പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യജീവനുകൾ നഷ്ട്ടമായ, നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ട, കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്.
- മുതിര്‍ന്നവര്‍ യുവജനങ്ങളുടെ പ്രത്യാശയുടെ നാമ്പുകള്‍ക്ക് ജലം പകരുന്നു
മുത്തശ്ശീമുത്തച്ഛന്മാരുടേയും മുതിര്‍ന്നവരുടേയും ലോകദിനം ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ട്വീറ്റില്‍ ”യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒരു പുതിയ കൂട്ടായ്മ”യുടെ ആവശ്യകത എടുത്തുകാട്ടുകയുണ്ടായി. ”കൂടുതല്‍ ജീവിതാനുഭവങ്ങളുള്ളവര്‍, ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നവരുടെ പ്രത്യാശയുടെ നാമ്പുകള്‍ക്ക് ജലം പകരുന്നു.” ”ജീവിതത്തിന്റെ സൗന്ദര്യമറിയുവാനും സാഹോദര്യമുള്ള സമൂഹം കെട്ടിപ്പടുക്കുവാനും” നമുക്കാകുമെന്ന പ്രത്യാശ പരിശുദ്ധപിതാവ് പ്രകടിപ്പിക്കുകയുണ്ടായി. ഈവര്‍ഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം, ”വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ” എന്നതാണ്. ഈ സന്ദര്‍ഭത്തിന് പരിശുദ്ധപിതാവ് പുറപ്പെടുവിച്ച സന്ദേശം.
- അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം
വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. രാവിലെ 11മണിക്ക് യോഗം നടക്കും. അതേസമയം, കാണാതായവർക്കായുള്ള തിരച്ചിൽ മുണ്ടക്കൈ, ചൂരൽമല, നിലമ്പൂർ ചാലിയാർ പുഴയുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇന്നും തുടരുന്നുണ്ട്.
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.
- പുളിങ്കുന്ന് ഇടവകയിൽ KLM – ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം : വെരി. റവ.ഡോ. ടോം പുത്തൻകളം
പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റി (KLM )ന്റെ നേതൃത്വത്തിൽ ആധ്യാത്മികവും ഭൗതികവുമായ നിരവധി പ്രവർത്തനങ്ങളാണ് ഇടവകയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ KLM ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണെന്ന് കേരള ലേബർ മൂവ്മെന്റി (KLM) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വലിയപള്ളി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുളിങ്കുന്ന് ഫൊറോനാ വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം പറഞ്ഞു. വിനയത്തോടും, ത്യാഗ മനോഭാവത്തോടും കൂടി ഒത്തൊരുമിച്ച് ഒരേ മനസ്സോടെ ഒരേ ഐക്യത്തോടെ പ്രവർത്തിച്ച് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തണമെന്ന് ഫാ. ടോം പുത്തൻകളം നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ വരവു കാലായിൽ അധ്യക്ഷ പ്രസംഗം നടത്തി. വയനാട് ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സണ്ണി അഞ്ചിൽ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് സംഘടനാപരമായ ചർച്ചകൾക്കു ശേഷം വി വിധ കർമ്മ പരിപാടികൾക്ക് രൂപ നൽകുവാൻ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
സോബിച്ചൻ ജോസഫ് സ്വാഗതവും ട്രീസാ ജെയിംസ് നന്ദിയും പറഞ്ഞു. സ്നേഹ വിരുന്നോടുകൂടി സമാപിച്ചു.
- നോഹ ലൈൽസ് വേഗതയുടെ രാജാവ്
അമേരിക്കൻ താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരമായി മറി. 100 മീറ്റർ ഫൈനലിൽ 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണനേട്ടം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന് വെള്ളി. 1/5000 സെക്കന്റിന്റെ വ്യത്യാസത്തിൽ ആണ് കിഷെൻ തോംസണിന് സ്വർണം നഷ്ടമായത്. 20 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടായിരിക്കുന്നത്.
- തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം
ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലിൽ സൂചിപ്പാറയിൽ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും 10 ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
- വീരനായകനായി ശ്രീജേഷ്; വാഴ്ത്തി സോഷ്യൽ മീഡിയ
ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാർട്ടറിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4-2) തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനൽറ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ രണ്ട് ഷോട്ടുകൾ തടുത്തിട്ട മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്. വിജയത്തിന് ശേഷം ശ്രീജേഷിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
- തോൽവിക്ക് പിന്നാലെ ഗംഭീറിന് പരിഹാസം
ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനം പരാജയപ്പെട്ടതോടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഗംഭീർ നടത്തിയ പരീക്ഷണങ്ങളാണ് തോൽവിക്ക് കാരണമെന്നാണ് ആരാധകരുടെ വാദം. രാഹുലിനെ താഴെ ഇറക്കിയതും ശിവം ദുബെക്ക് സ്ഥാനക്കയറ്റം നൽകിയതുമെല്ലാം ആരാധകർ പറയുന്നു.
- വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും
തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് ഇന്ന് പ്രവർത്തിക്കുക. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കുറച്ച ദിവസമായി അവധിയായിരുന്നു. അതേസമയം, സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
- സ്കൂൾ ഏകീകരണം: ദേശീയഘടന കേരളം തള്ളി
ഹൈസ്കൂളും ഹയർസെക്കന്ററിയും ലയിപ്പിച്ച് സെൻക്കൻഡറിയാക്കുന്ന ദേശീയഘടന കേരളം തള്ളി. 8 മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. എട്ടാം ക്ലാസിനെ ഹൈസ്കൂളിൽ നിന്ന് വേർടുത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ ശുപാർശ. 9 മുതൽ 12 വരെ ഒരു യൂണിറ്റാക്കി സെക്കന്റിയാക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision