പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  5

Date:

2024 ഓഗസ്റ്റ്  5   തിങ്കൾ  1199 കർക്കിടകം 21

വാർത്തകൾ

  • ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടർ

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് വയനാട് ജില്ലാ കളക്ടർ. ഓരോ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്‌ത്‌ കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണം തടയാൻ വേണ്ടിയാണ് ഈ ക്രമീകരണമെന്നും കളക്‌ടർ പറഞ്ഞു.

  • നിതീഷ് കുമാറിൻ്റെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ബോംബ് ആക്രമണ ഭീഷണി. കഴിഞ്ഞ മാസം ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നതെന്നാണ് ബിഹാർ പൊലീസ് പറയുന്നത്. ജൂലൈ 16 നാണ് ഇമെയിൽ വഴി സന്ദേശം ലഭിച്ചതെങ്കിലും പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

  • കനത്തമഴയിൽ ചുമർ ഇടിഞ്ഞ് കുട്ടികൾക്ക് ദാരുണാന്ത്യം

കനത്ത മഴക്ക് പിന്നാലെ ചുമർ ഇടിഞ്ഞ് വീണ് 9 കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സാഗർ ജില്ലയിലെ ഷാഹ്പുർ ഗ്രാമത്തിലാണ് അപകടം നടന്നത്. മതപരമായ ചടങ്ങ് നടക്കുന്നതിനിടെ അടുത്തുള്ള ദ്രവിച്ച കെട്ടിടത്തിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

  • സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി

മഹാരാഷ്ട്രയിലെ സത്താരയിലെ ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി 150 അടിയോളം താഴ്ചയിലേക്ക് യുവതി വീണു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. 5 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി ബോർണെ ഗാട്ടിൽ എത്തിയത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

  • പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസ് കണ്ടെത്തി

നിപ കേസ് റിപ്പോർട്ട് ചെയ്ത്‌ മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി. 5km ചുറ്റളവിൽ നിന്നെടുത്ത വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളിൽ നിന്നെടുത്ത 27 സാമ്പിളുകളിൽ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.

  • 75 വർഷമെടുത്താലും ഇന്ത്യക്ക് യുഎസിനൊപ്പം എത്താനാവില്ല; ലോകബാങ്ക്

പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യുഎസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവു എന്നാണ് ലോകബാങ്കിൻ്റെ വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, 10 വർഷം കൊണ്ട് തന്നെ ചൈന യുഎസിനൊപ്പമെത്തുമെന്നും ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരുമെന്നും ലോകബാങ്ക് പറയുന്നു.

  • കൂടുതൽ റഡാറുകളെത്തിച്ച് തിരച്ചിൽ ശക്തിപ്പെടുത്തും

വയനാട്: വയനാട് ഉരുൾപൊട്ടലിന്റെ ആറാംദിനമായ ഇന്ന് ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കും. ഡൽഹിയിൽ നിന്ന് കൂടുതൽ റഡാർ സംവിധാനങ്ങളെത്തിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ഒരു സേവർ റഡാറും, നാല് റെക്കോ റഡാറുകളും ഇതിനായി ഇന്ന് ദുരന്തമുഖത്ത് എത്തിക്കും. ഉരുൾപൊട്ടലിൽ കാണാതായ 206 പേർക്കായാണ് ഇനി തിരച്ചിൽ ശക്തിപ്പെടുത്തുക.

  • വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമാക്കാനാവില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് വഴങ്ങാതെ കേന്ദ്രം. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂർവ തീവ്രതയുള്ള ദുരന്തം എന്നാണ് വിളിക്കുക. 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ ദേശീയ ദുരന്തമെന്നോ സംസ്ഥാന ദുരന്തം എന്നോ തരംതിരിവില്ല. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല.

  • തെരച്ചിൽ ആറാം നാളിലേക്ക്; സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ

മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരും. 1264 പേർ 6 സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. ചാലിയാറിൽ ഇന്ന് 2 ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും അതേസമയം, ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് എത്തും.

  • പരക്കെ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

  • ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൺട്രോൾ റൂമിൽ ഏൽപ്പിക്കണം

വയനാട് ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ കൈമാറി രസീത് കൈപ്പറ്റണം. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഇവ സൂക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം.

  • അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തിലാണ് ഇങ്ങനെ തീരുമാനിച്ചതെന്ന് MK രാഘവൻ MP പറഞ്ഞു. കർണാടക സർക്കാർ അധികൃതരും കാർവാർ MLA സതീഷ് കൃഷ്ണ സൈലും അറിയിച്ചതാണ് ഇക്കാര്യമെന്നും MP പറഞ്ഞു. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

  • അതിരപ്പിള്ളി നിറഞ്ഞു കവിഞ്ഞാലും കുലുങ്ങില്ല

കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിന് നടുവിലും പാറ പോലെ ഉറച്ചുനിൽക്കുന്ന ഒരു കുഞ്ഞൻ ഓലപ്പുര. തൃശ്ശൂരിൽ നമ്മുടെ തൊട്ടടുത്തുണ്ട് ഈ കുഞ്ഞൻ ഷെഡ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണ് ഈ കൗതുകകരമായ കുടിൽ. കനത്ത മഴയിൽ വെള്ളച്ചാട്ടം നിറഞ്ഞു കവിഞ്ഞാലും കലങ്ങിമറിഞ്ഞാലും ഒരു കുലുക്കവും ഇല്ലാതെ തലയുയർത്തി കൊണ്ട് തന്നെ ഈ ഷെഡ്ഡ് നിൽക്കുന്നത് കാണാം.

  • സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിൻ്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഈ കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റർ ചെയ്യണം.

  • ഒളിമ്പിക്സ്-2024

ഇന്ത്യ 16 കായിക ഇനങ്ങളിൽ പങ്കെടുക്കുന്നു. അമ്പെയ്ത്ത്, ടെന്നീസ്, തുഴച്ചിൽ, ജൂഡോ, നീന്തൽ, കുതിരസവാരി (കുതിര മത്സരങ്ങൾ) പോരാട്ടം അവസാനിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്‌സിംഗ്, ഗോൾഫ്, ഹോക്കി, സെയിലിംഗ്, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ്, ഗുസ്‌തി, ഭാരോദ്വഹനം തുടങ്ങിയ കായിക ഇനങ്ങളിൽ ഇന്ത്യക്ക് മെഡൽ നേടാനുള്ള അവസരമുണ്ട്. ഇതുവരെ 3 മെഡലുകൾ നേടിയിട്ടുണ്ട്.

  • മേഘസ്ഫോടനത്തിൽ 50 ഓളം പേർ മരിച്ചെന്ന് സംശയം

മേഘസ്ഫോടനത്തിൽ 50 ഓളം പേർ മരിച്ചെന്ന് സംശയിക്കുന്നതായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതിന് ശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവിടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശം വിതച്ച എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

  • ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് കൗതുകം

ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് ഒരു കൗതുകമാണ്. മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ട് മാത്രമല്ല ഹൈദരാബാദ് പ്രിയപ്പെട്ടതായി പലർക്കും മാറുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ വാണിജ്യ മേഖലയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഹൈദരാബാദ്. പഴയകാല നഗരത്തിന്റെ സൗന്ദര്യവും ആധുനികതയുടെ വ്യത്യസ്തതയുമൊക്കെ ഒരുമിച്ച് ചേരുന്ന ഒരു നഗരം. ഏറ്റവും ചരിത്രപരവും ലോകപ്രശസ്തതവുമായ ചാർമിനാർ ഹൈദരാബാദിലാണ്.

  • വയനാട്ടിൽ തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ. കരസേന, പൊലീസ്, തമിഴ്‌നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് വിവിധ സേനാ വിഭാഗങ്ങൾക്ക് കൂട്ടായി ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്.

  • തിരുവനന്തപുരത്ത് 4 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽകുളിക്കാൻ ഇറങ്ങിപ്പോഴാണ് അപകടത്തിൽപെട്ടത്. അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനിൽ കുമാർ. അദ്ദേഹത്തിന്റെ മകനാണ് അമൽ. മരിച്ച മറ്റ് 2 പേരും അനിൽകുമാറിൻ്റെ ബന്ധുക്കളാണ്.

  • വയനാട് രക്ഷാദൗത്യ; 18 രക്ഷാപ്രവർത്തകർ കുടുങ്ങി

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നതിനിടെ 18ഓളം രക്ഷാപ്രവർത്തകർ ചാലിയാറിലെ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യൂ ടീമിലെ 16 പേർ അടക്കം 18 പേരാണ് വനത്തിൽ കുടുങ്ങിയത്. മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിനിടെയാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയതെങ്കിലും നിലവിൽ മറ്റുപ്രശ്നങ്ങളില്ല. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ പുറത്തേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

  • കൊൽക്കത്തയിൽ കനത്ത മഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ വലഞ്ഞ് കൊൽക്കത്ത. ഇടതോരാതെ പെയ്യുന്ന മഴയിൽ വെള്ളക്കെട്ടുകളടക്കം നഗരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ മഴമൂലം വെള്ളക്കെട്ടുണ്ടായി. കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്.

  • ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. കമിന്ദു മെൻഡിസും ഫെർണാണ്ടോയും ശ്രീലങ്കയ്ക്കായി 40 റൺസ് വീതം നേടി. ഇന്ത്യയ്ക്കായി വാഷിംഗ്‌ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം സമനില ആയതിനാൽ ഇരുടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....