2025 ആഗസ്റ്റ് 31 ഞായർ 1199 ചിങ്ങം 15
വാർത്തകൾ
🗞️👉 കണ്ണപുരം സ്ഫോടനം : പ്രതി അനൂപ് മാലിക് പിടിയില്‍
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളെന്ന് കണ്ടെത്തി.
🗞️👉 ശ്രീവിനായക സ്കൂൾ ഓഫ് ആർട്സിൽ ഓണാഘോഷം സെപ്റ്റംബർ 1ന്
പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിന് സമീപമുള്ള പന്ത്രണ്ടാം മൈലിലെ ശ്രീവിനായക സ്കൂൾ ഓഫ് ആർട്സിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതൽ നടക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾക്കും സംഗീതത്തിനും നൃത്തത്തിനും പ്രധാന സ്ഥാനമുണ്ടാകും. സ്കൂൾ ഡയറക്ടർ ശ്രീ. സുനിലാൽ വിനായക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ. പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിക്കും. കാനഡയിലെ ടാലെൻ്റ് മ്യൂസിക് സ്കൂൾ ഡയറക്ടർ ശ്രീ. ബിനോയ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഓണസന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തും.
🗞️👉 ഓണക്കാല യാത്രാ പ്രതിസന്ധി; മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ
ഓണത്തോടനുബന്ധിച്ച് വർധിച്ച യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ 97-ഓളം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിൻ സർവീസുകൾ. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം നോർത്ത് വൺവേ എക്സ്പ്രസ് സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് – സൂറത്ത് വൺവേ എക്സ്പ്രസ് സ്പെഷ്യൽ, മംഗലാപുരം സെൻട്രൽ – തിരുവനന്തപുരം നോർത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകൾ. ഈ സർവീസുകൾ ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ലഭ്യമാകും. ഈ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ നാളെ രാവിലെ എട്ടുമണി മുതൽ ആരംഭിക്കും.
🗞️👉 ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്
കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപെയില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്രചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത. താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രദുരിതത്തിന് വിരാമമാകും. വിനോദസഞ്ചാര മേഖലയ്ക്കും പാത പുത്തന്‍ ഉണര്‍വേകും
🗞️👉 നെഹ്റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്
71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, നാലാം ട്രാക്കിൽ വീയപുരം എന്നിവരാണ് അണിനിരന്നത്.
🗞️👉 ഓണത്തിരക്ക് : അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ
ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബര്‍ 2 മുതല്‍ 4വരെ രാത്രി 10.45 വരെ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ ആറ് അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.
വാട്ടര്‍ മെട്രോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. അടുത്ത മാസം ഏഴാം തിയതി വരെ രാത്രി 9 മണി വരെ സര്‍വിസ് നടത്തും.
ഓണത്തോടനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97-ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.












