2025 ആഗസ്റ്റ് 30 ശനി 1199 ചിങ്ങം 14
വാർത്തകൾ
🗞️👉 ഓണക്കാല ചെലവ്; സർക്കാർ വീണ്ടും വായ്പയെടുക്കുന്നു
ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന് മുൻപ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കുന്നത് അടക്കമുള്ള അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.
🗞️👉 കോട്ടയം ഗവൺമെന്റ് കോളേജിൽ ജില്ലാതല തൊഴിൽമേള
കോട്ടയം ∶ സംസ്ഥാന സർക്കാരിന്റെ “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽമേള ഇന്ന് (30.09.2025) കോട്ടയം ഗവൺമെന്റ് കോളേജ് ക്യാമ്പസിൽ നടക്കും.
🗞️👉 എസ്എംവൈഎം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെയും, എസ്എംവൈഎം കടുത്തുരുത്തി ഫൊറോനയുടെയും, കടുത്തുരുത്തി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറേമാക്കൽ മാർ തോമ്മ ഗോവർണ്ണദോർ മെമ്മോറിയൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടത്തപ്പെട്ടു. മുപ്പതോളം ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റ് പുരുഷ വിഭാഗത്തിൽ, ഇലഞ്ഞി ഫൊറോനയിലെ മുളക്കുളം യൂണിറ്റ് ചാമ്പ്യന്മാരായി. മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ്, കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കോതനല്ലൂർ ഫൊറോനയിലെ മണ്ണാറപ്പാറ യൂണിറ്റ് ചാമ്പ്യൻന്മാരായി. പൂഞ്ഞാർ ഫൊറോനയിലെ പെരിങ്ങുളം യൂണിറ്റ്, കുറവിലങ്ങാട് ഫൊറോനയിലെ മണ്ണയ്ക്കനാട് യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
🗞️👉 കടനാട് ഫൊറോനാ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിൻ്റെ തിരുനാളിന് കൊടിയേറി
കടനാട്: കടനാട് ഫൊറോനാ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിൻ്റെ തിരുനാളിന് വികാരി ഫാ. ജോസഫ് പാനാമ്പുഴ കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കർമ്മങ്ങൾ നടന്നത്. വൈകുന്നേരം 5 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഇടവക വികാരി ഫാ. ജോസഫ് പാനാമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് പള്ളി അലങ്കാരങ്ങളും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. തിരുനാൾ ദിനങ്ങൾ ആഗസ്റ്റ് 29, 30, 31 .
🗞️👉 ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ
ഓണക്കാല യാത്രാ തിരക്ക് പ്രമാണിച്ച് മംഗളൂരു- ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തും. നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും. രാജ്യത്തെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 94 ഓളം സ്പെഷ്യൽ സർവീസുകൾ ആണ് റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്. കോഴിക്കോട്-പാലക്കാട്-ഈറോഡ് വഴിയാണ് ബെംഗളൂരുവിലേക്കുള്ള സര്‍വീസ്.












