പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  3

Date:

2024 ഓഗസ്റ്റ്  3   ശനി    1199 കർക്കിടകം 19വാർത്തകൾ

വാർത്തകൾ

  • പാദുവ പള്ളിയുടെ കുദാശാകർമ്മം ഓഗസ്‌റ്റ് 11 ഞായറാഴ്ച്‌ച

നവീകരിച്ച് പുനരുദ്ധരിച്ച പാദുവ സെൻ്റ ആൻ്റണീസ് പള്ളിയുടെ കൂദാശാകർമ്മം ഓഗസ്‌റ്റ് 11-ാം തീയതി ഞായറാഴ്‌ച 3 മണിക്ക് പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. ഓഗസ്‌റ്റ് മാസം 1-ാം തീയതി നിശ്ചയിച്ച കൂദാശ കർമ്മം കേരളത്തെ കണ്ണീരണിയിച്ച വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും അവരോടുള്ള ആദരസൂചകമായും മാറ്റി വയ്ക്കുകയായിരുന്നു.

  • ഹോക്കിയിൽ ഇന്ത്യൻ വീരഗാഥ; ഓസീസിനെ തകർത്തു

പാരീസ് ഒളിമ്പിക്‌സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 3-2 എന്ന സ്കോറിനാണ് ചുണക്കുട്ടികൾ വിജയം ആഘോഷമാക്കിയത്. 52 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ ഓസ്ട്രേലിയയെ പരാജപ്പെടുത്തുന്നത്. 1972ലെ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ വിജയിച്ചിരുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് പട്ടികയിൽ രണ്ടാമതെത്തി. ബെൽജിയം ഒന്നാമതും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

  • ലഹരിക്കെതിരെ പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു. ഓഗസ്റ്റ് 2 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

  • കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു : യുവാവ് ജീവനൊടുക്കിയതെന്ന് സൂചന

ഏറ്റുമാനൂർ : റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാവിലെ 8.15 ന് ഏറ്റുമാനൂർ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച് ഇയാൾ തൽക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു. മൃതദേഹം മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

  • മഹാദുരന്തം: മരണം 338 ആയി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 338 ആയി. ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി.

  • ഇന്ത്യ-ശ്രീലങ്ക ടോസ് വീണു

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എൽ രാഹുലും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിയാൻ പരാഗിനും റിഷഭ് പന്തിനും ആദ്യ ഏകദിനത്തിൽ അവസരമില്ല. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ശ്രീലങ്ക 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസ് എടുത്തിട്ടുണ്ട്.

  • ഷിരൂരിൽ ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് ഈ പാത വാഹനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്തത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണ് പാതയിലെ ഗതാഗതം നിരോധിച്ചത്.

  • അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലച്ചു

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലച്ചു. അർജുന് വേണ്ടി ഗംഗാവലി പുഴയിൽ നടത്തിവന്നിരുന്ന തിരച്ചിൽ കഴിഞ്ഞ രണ്ട് ദിവസമായി നിലച്ച രീതിയിലാണ്. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

  • കെഎസ്ആർടിസിയ്ക്ക് വീണ്ടും സർക്കാർ സഹായം

കെഎസ്ആർടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സഹായമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ടെന്നും ഈ സർക്കാർ ഇതുവരെ 5777 കോടി രൂപ കോർപറേഷന് കൈമാറിയെന്നും ബാലഗോപാൽ പറഞ്ഞു.

  • സ്കൂൾ സമയമാറ്റം ഇപ്പോഴില്ല: വിദ്യാഭ്യാസ മന്ത്രി

സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയും. ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം. നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ശുപാർശ.

  • പൊന്നുപോലെ നോക്കാം മിനിസ്റ്ററേ, അനാഥരായ കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ

മലയാളികളുടെ മനുഷ്യത്വം മാത്രമാണ് ഇപ്പോൾ വെളിവാകുന്നത്. ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റി താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. ‘പൊന്നുപോലെ നോക്കാം മിനിസ്റ്ററേ.. അനാഥരായ കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

  • വർഷങ്ങൾക്ക് മുമ്പ് ചൂരൽമല ദുരന്തം പ്രവചിച്ച ലേഖനം വൈറലാകുന്നു

1986ൽ കേരളകൗമുദിയിലൂടെ കൽപറ്റ ഗവൺമെന്റ് കോളജിലെ അധ്യാപകനായിരുന്ന ആർ ഗോപിനാഥൻ എഴുതിയ ലേഖനമാണ് വൈറലാകുന്നത്. മനുഷ്യ ഇടപെടൽ കൊണ്ട് ചൂരൽമല നശിച്ചു പോകാതെ സംരക്ഷിക്കണമെന്ന ബോധവൽക്കരണമായിരുന്നു ഗോപിനാഥന്റെ ലേഖനത്തിൻ്റെ കാതൽ. ഇല്ലെങ്കിൽ വൻ ദുരന്തമാകും വരുക എന്നാണ് ലേഖനം പറയുന്നത്.

  • മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയതായി വീണ ജോർജ്

ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ അറിയിച്ചു. നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതി വേണ്ട കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കി. അതേസമയം, മരിച്ചവരുടെ എണ്ണം 300 കടന്നു.

  • എം80 ഇല്ലാതെ പറ്റൂല സാറേ

എം 80 ഒഴിവാക്കി നടന്ന ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48ൽ 30പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് മാത്രമുള്ള കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാൽപാദം കൊണ്ടു ഗിയർ മാറ്റിയ ചിലർ കാല് നിലത്തു കുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി.

  • ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥനാ ശിശ്രുഷകൾ നടത്തി കൈകളിൽ കത്തിച്ച മെഴുകുതിരികളും പിടിച്ച് ആണ് വിദ്യാർത്ഥികളും അധ്യാപകരും പ്രാർത്ഥനകൾ നടത്തിയത്  പ്രാർത്ഥനാ ശിശ്രുഷകൾക്ക് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേതൃർത്വം നല്കി .

  • തിരുഹൃദയ ദാസൻ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മധ്യകേരളത്തിൽ മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ ആലംബഹീനർക്കും അശരണർക്കും അത്താണിയായി വർത്തിച്ച ഒരു യോഗിവര്യനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ൻ. അജ്ഞതയും ദാരിദ്ര്യവും ഉച്ച നീചത്വങ്ങളും മറ്റ് തിന്മകളും മൂലം തകർക്കപ്പെട്ട സമൂഹത്തിന്റെ സമുദ്ധരണത്തിനായി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഒരു വലിയ തിരുഹൃദയഭക്തനായിരുന്നു. തന്റെ പ്രേഷിത ദൗത്യം എക്കാലവും തുടരണംഎന്നആഗ്രഹത്തോടെഅദ്ദേഹം തിരുഹൃദസന്യാസിനി സമൂഹത്തിനുതുടക്കമിട്ടു. ഈപുണ്യപുരുഷനെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെ SH Media Pala തയ്യാറാക്കിയ തിരുഹൃദയദാസൻ എന്ന ഡോക്യൂ ഫിക്ഷൻ 2024 May 23 നു മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. Sr. Teena Kattakkayam SH,script തയ്യാറാക്കി ശ്രീ സുജിത്ത് സംവിധാനം ചെയ്ത ഈ ലഘു ചിത്രം ഗുഡ്നസ്സ് ടിവി ഓഗസ്റ്റ് ആദ്യവാരം സംരക്ഷണം ചെയ്യും.

  • ഹരിശ്രീ അശോകന് 17.83 ലക്ഷം

നടൻ ഹരിശ്രീ അശോകന്റെ വീടിന്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോകൃതർക്ക പരിഹാര കോടതി. വീട്‌പണി പൂർത്തിയായി അധികനാൾക്ക് മുമ്പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാനും വിടവുകളിൽ കൂടി വെള്ളവും മണ്ണും പുറത്തേക്ക് വരാനും തുടങ്ങി. പലവട്ടം എതിർകക്ഷികളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

  • കേരള തീരത്ത് ന്യൂന മർദ്ദ പാത്തി

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

  • പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ISRO. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ISRO പുറത്തു വിട്ട വിവരത്തിൽ വ്യക്തമാക്കുന്നു.

  • കെസി വേണുഗോപാൽ പാർലമെന്റിൽ പുതിയ പദവിയിലേക്ക്

എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നൽകിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. ടിആർ ബാലു, ധർമ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇത് സംബന്ധിച്ച ലോക്സഭാ വിജ്ഞാപനം അധികം വൈകാതെ പുറത്തിറങ്ങും.

  • വിവാദ IAS ഉദ്യോഗസ്ഥ പൂജ ഖേദ്‌ക കാണാനില്ല

കൃത്രിമം നടത്തി IAS നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. IAS റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസമാണ് നിയമന ശുപാർശ UPSC റദ്ദാക്കിയത്. ഭാവിയിൽ പരീക്ഷ എഴുതുന്നതിൽ വിലക്കിയിരുന്നു. ജൂലൈ 18ന് UPSC കാരണം കാണിക്കൽ നോട്ടീസ് നൽകി, ജൂലൈ 25നകം മറുപടി നൽകണമെന്ന് നിർദേശിച്ചിരുന്നു. രേഖകൾ ശേഖരിക്കാൻ ആഗസ്റ്റ് 4 വരെ സമയം വേണമെന്ന് പൂജ ആവശ്യപ്പെട്ടിരുന്നു.

  • മൂന്നാം മെഡൽ ലക്ഷ്യമിട്ട് മനു ഭാക്കർ

ഒളിമ്പിക്സ് ഷൂട്ടിംഗിൽ മൂന്നാം മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കർ ഇന്നിറങ്ങും. ഉച്ചക്ക് 12.30ന് വനിതകളുടെ പ്രെസിഷൻ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കറും ഇഷാ സിംഗും പോരാട്ടത്തിനിറങ്ങുന്നത്. ഹോക്കിയിൽ പൂൾ ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയ നേരിടും ഉച്ചക്ക് 2.45നാണ് മത്സരം. ബാഡ്മിന്റണിൽ സെമി ലക്ഷ്യമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്ന് ഇറങ്ങും.

  • ആശ്വാസ വാർത്ത; 4 പേരെ ജീവനോടെ കണ്ടെത്തി

വയനാട് ദുരന്തബാധിത പ്രദേശത്ത് നിന്ന് നാലാം ദിനം ആശ്വാസ വാർത്ത പുറത്ത് വരുന്നു. പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തിയതായി കരസേന അറിയിച്ചു. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. എയർ ലിഫ്റ്റിലൂടെ ഇവരെ പുറത്തെത്തിക്കുമെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെ ഇവിടെ ഇനിയും ആരെയും രക്ഷിക്കാനില്ല എന്നായിരുന്നു വിലയിരുത്തൽ.

  • മടങ്ങുകയാണ്,ഇനിയിങ്ങോട്ടില്ല

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച അതിഥിത്തൊഴിലാളികൾ ഇനി വയനാട്ടിലേക്കില്ലെന്നാണ് പറയുന്നത്. നാട്ടിൽ പണിയെടുത്താലും കൂലി ലഭിക്കില്ല. വയനാട്ടിൽ വന്നതിന് ശേഷമാണ് ജീവിതം മെച്ചപ്പെട്ടതെന്ന് പറയുകയാണ് ധർമേന്ദറും ഭാര്യ ചന്ദാദേവി എന്നാൽ ഇനിയിങ്ങോട്ടില്ലെന്നും അവർ പറഞ്ഞു. ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് ഈ കുടുംബം. ഹാരിസൺ മലയാളത്തിന്റെ തൊഴിലാളികളാണ് ഇവർ.

  • സ്‌കൂൾ സമയം 8 മുതൽ ഒരു മണിവരെ; റിപ്പോർട്ടിന് അംഗീകാരം

സംസ്ഥാനത്ത് സ്‌കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പഠനത്തിന് മെച്ചപ്പെട്ട സമയമിതാണ്. ശേഷം ആവശ്യമനുസരിച്ച് സ്പോർട്സ്, ഗെയിംസ്, യോഗ എന്നിവക്ക് ഉപയോഗിക്കാം. ആവശ്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് സമയം ക്രമീകരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു.

  • വയനാടിനായി ശബ്‌ദമുയർത്തുമെന്ന് ആരിഫ് ഖാൻ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ഗവർണർമാരുടെ സമ്മേളനത്തിൽ വയനാടിനായി ശബ്ദമുയർത്തുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തിൽ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബൈഡൻ. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

  • ഉരുൾപൊട്ടലിൽ  49 കുട്ടികളെ കാണാതായി  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

മുണ്ടക്കൈ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 49 കുട്ടികളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകളും തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു.

  • ഉരുൾപൊട്ടലിൽ 240 പേർ കാണാമറയത്ത്  മരണം 308 ആയി

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 308 ആയി ഉയർന്നു. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. 105 മൃതദേഹങ്ങൾ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

  • ഫോർവീൽ ജീപ്പുകളുമായി സന്നദ്ധ പ്രവർത്തകർ ദുരന്തമേഖലയിലേക്ക്

വയനാട് ദുരന്തമേഖലയിലേക്ക് ഫോർവീൽ ജീപ്പുകളുമായി കൂടുതൽ സന്നദ്ധ പ്രവർത്തകരും സൈന്യവും. ബെയ്ലി പാലം തയ്യാറായതോടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നത്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം മഹാദുരന്തത്തിൽ ജീവൻ നഷ്ടമായത് 292 ആണ്. ഇന്ന് 6 സംഘങ്ങളായി തിരിഞ്ഞ് 2000ത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ.

  • കരുതിയിരിക്കണം, ആഗസ്റ്റിലെ  ദിനങ്ങളെ; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

കേരളം ആഗസ്റ്റ് മാസത്തിൽ കരുതിയിരിക്കേണ്ട മഴ ദിനങ്ങളെ കുറിച്ച് ഒരു സൂചന നൽകുകയാണ് കാലാവസ്ഥ നിരീക്ഷകൻ പോൾ സെബാസ്റ്റ്യൻ. ആഗസ്റ്റ് 9 മുതൽ 14 വരെയാണ് കൂടുതൽ കരുതൽവേണ്ട ദിനങ്ങളെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് 24 മുതൽ 29 വരെ ദിവസങ്ങളാണ് അടുത്തഘട്ടം. 2018 ലും 19 ലും പ്രളയമെത്തിയത് ആഗസ്റ്റ് മാസത്തിലായിരുന്നു. ലാനിനോ സാധ്യത നില നിൽക്കുന്നതിനാൽ സെപ്റ്റംബറിലും കരുതൽ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

  • ഉത്തരേന്ത്യയിൽ  മഴക്കെടുതി രൂക്ഷമായി തുടരുന്നു 32 മരണം

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7സംസ്ഥാനങ്ങളിലായി 32 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചത്. ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡിൽ മരിച്ചത്. ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. റെഡ് അലേർട്ട് തുടരുന്ന ദില്ലിയിൽ രാത്രിയുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി. ഷിംലയിൽ അൻപതിലധികം പേരെ കാണാതായി.

  • പാരിസിൽ പൊരുതിവീണ് സിന്ധു

പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ ബാഡ്മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോടാണ് സിന്ധു അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. സ്കോർ 19-21, 14-21. മത്സരത്തിൽ എതിരാളിയെ വിറപ്പിച്ചാണ് സിന്ധുവിന്റെ മടക്കം.

  • വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേസമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗീക തീരുമാനം വന്നിട്ടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...