2024 ഓഗസ്റ്റ് 28 ബുധൻ 1199 ചിങ്ങം 12
വാർത്തകൾ
- സീറോമലബാർസഭ പുതിയ സ്ഥിരം സിനഡിനെ തെരഞ്ഞെടുത്തു
കാക്കനാട്: സീറോമലബാർസഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടു ത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യ ക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നി വരാണ് പെർമനെന്റ്റ് സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം സിന ഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെ ത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ട ത്തിൽ, ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, താമരശ്ശേരി രൂപതാധ്യ ക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സാധാരണ ഭരണകാര്യങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മേജർ ആർച്ചുബിഷപ്പിനെ സഹായി ക്കുന്ന സമിതിയാണ് സ്ഥിരം സിനഡ്. മേജർ ആർച്ചുബിഷപ്പ് അധ്യക്ഷനായ സ്ഥിരം സിന ഡിൽ അദ്ദേഹം ഉൾപ്പെടെ അഞ്ച് പിതാക്കന്മാരാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കാണ് ഈ സമിതിയുടെ കാലാവധി.
- റാങ്ക് തിളക്കത്തിൽ ദേവമാതാ കൊമേഴ്സ് വിഭാഗം
കുറവിലങ്ങാട് : ബിരുദാനന്തര കോഴ്സിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം. വൈക്കം തോട്ടകം വലിയപറമ്പിൽ വി. എൻ. ഗോപകുമാറിന്റെയും സലില ആർ ന്റെയും പുത്രി ശ്രുതി ഗോപകുമാറാണ് ഒന്നാം റാങ്കിന്റെ തിളക്കം വീണ്ടും കൊമേഴ്സ് വിഭാഗത്തിലേക്ക് എത്തിച്ചത്. ഇതിനു മുൻപ് ബി.കോം പരീക്ഷയിലും ഒന്നാം റാങ്ക് ദേവമാതായിൽ വച്ച് ശ്രുതി കരസ്ഥമാക്കിയിരുന്നു. എം. കോം. ഒന്നാം റാങ്ക് ജേതാവായ ശ്രുതി ഗോപകുമാറിനെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു, വകുപ്പ് മേധാവി ഡോ. അനീഷ് തോമസ് എന്നിവർ അഭിനന്ദിച്ചു.
- നടി ആശാ ശർമ്മ അന്തരിച്ചു
മുതിർന്ന ഹിന്ദി നടി ആശാ ശർമ്മ (88) അന്തരിച്ചു. മരണകാരണം ബന്ധുക്കൾ പുറത്തുവിട്ടില്ല. പ്രശസ്ത ചിത്രം ആദിപുരുഷിലാണ് ആശാ ശർമ്മ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ശബരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആശാ ശർമ്മയാണ്. ധർമേന്ദ്ര ചിത്രം ദോ ദിശായെന്നിലെ ആശയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുജെ കുച്ച് കെഹ്നാ ഹേ, പ്യാർ തോ ഹോനാ ഹി താ, ഹം തുംഹാരേ ഹേ സനം എന്നിവയും പ്രധാന ചിത്രങ്ങളാണ്.
- കോഴിക്കോട് മണ്ണിടിച്ചിൽ
കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചിലുണ്ടായി. മഞ്ഞച്ചീള എന്ന സ്ഥലത്താണ് സംഭവം. നേരത്തെ ഉരുൾപ്പൊട്ടിയ സ്ഥലത്തിന് മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ചതാണ് മഴ . വിലങ്ങാട് ടൗണിൽ വെള്ളം കയറുകയും 6 കുടുംബങ്ങൾ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. നാല് ആഴ്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്.
- ഇന്ത്യയ്ക്ക് മുന്നിലെത്തി സ്പെയിൻ; അതും ക്രിക്കറ്റിൽ
രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ വിജയങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കി സ്പെയിൻ. ഗ്രീസിനെതിരായ ജയത്തോടെയാണ് സ്പെയിൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. സ്പെയിന്റെ തുടർച്ചയായി 14-ാം വിജയമാണിത്. 13 വീതം തുടർ വിജയങ്ങളുമായി മലേഷ്യയും ബെർമുഡയുമാണ് രണ്ടാം സ്ഥാനത്ത്. 12 മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ഇന്ത്യ, അഫ്ഗാനിസ്ഥാൻ, റുമാനിയ എന്നീ ടീമുകൾ സംയുക്തമായി മൂന്നാം സ്ഥാനത്തുണ്ട്.
- ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം
ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
- ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
2024 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. യുഎഇയിൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റിന് ഒക്ടോബർ മൂന്നിന് തുടക്കമാവും. ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന് ന്യൂസിലൻഡുമായാണ്. ദുബായിലാണ് മത്സരം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ത്‌താൻ പോരാട്ടം ഒക്ടോബർ ആറ് ഞായറാഴ്ചയാണ്.
- സീറ്റ് വിഭജനം പൂർത്തിയായി
ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് വിഭജനം പൂർത്തിയാക്കി. നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. സിപിഎമ്മും പാന്തേഴ്സ് പാർട്ടിയും ഓരോ സീറ്റിൽ മത്സരിക്കും. 5 സീറ്റുകളിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നുണ്ട്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ 3 ഘട്ടങ്ങളായാണ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് നടക്കുക.
- ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി
യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് ആരാധകർക്ക് നിരാശ. ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗൽ 40-ാം റാങ്കുകാരനായ ടാലൻ ഗ്രിക്സ്പൂറിനോടാണ് എതിരില്ലാത്ത 3 സെറ്റുകൾക്ക് പുറത്തായത്. 6-1, 6-3, 7-6 എന്നിങ്ങനെയാണ് സ്കോർ നില. മത്സരത്തിൽ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ നാഗൽ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.
- നവകേരള ബസ് കട്ടപ്പുറത്ത്
സംസ്ഥാനത്ത ഏറെ ചർച്ചയായ നവകേരള ബസ് കട്ടപ്പുറത്തായിട്ട് ഒരു മാസം കഴിയുന്നു. കോഴിക്കോട് -ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സർവീസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ പൊടിപിടിച്ചുകിടക്കുന്നത്. ബാത്ത്റൂം മാറ്റി സീറ്റ് ഘടിപ്പിക്കാൻ ജൂലൈ 21നാണ് ബസ് റീജണൽ വർക്ഷോപ്പിലേക്ക് മാറ്റിയത്. എന്നാൽ പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും KSRTC ആസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല.
- വിലങ്ങാട് വെള്ളം കയറുന്നു; സ്ഥിതി ഗുരുതരം
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ തുടരുന്നു. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ആറ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നാല് ആഴ്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്. അന്ന് ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഒന്നര കോടിയോളം രൂപയുടെ നഷ്ടം മേഖലയിലുണ്ടായിരുന്നു.
- വയനാട് പുനരധിവാസം; 10 കോടി അനുവദിച്ച് യുപി സർക്കാർ
ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തർ പ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഈ ദുഷ്കരമായ സാഹചര്യത്തിൽ തന്റെ സർക്കാരും സംസ്ഥാനത്തെ ജനങ്ങളും കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് ഔദ്യോഗിക കത്തിലൂടെ ആദിത്യനാഥ് അറിയിച്ചു.
- സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ തുടരും, യെല്ലോ അലേർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നലെ 2 വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് അലെർട്ടുള്ളത്. ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 26 -30 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
- മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് കൈമാറും. 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
- സികെ വിനീത് തിരിച്ചെത്തുന്നു!
മുൻ ഇന്ത്യൻ താരം സികെ വിനീത് സൂപ്പർ ലീഗ് കേരളയിൽ കളിക്കാനിറങ്ങും. താരത്തെ തൃശൂർ മാജിക് എഫി സ്വന്തമാക്കി. അവസാന വർഷങ്ങളിൽ പ്രൊഫഷണൽ ഫുട്ബോളിൽ ഇല്ലാതിരുന്ന സികെ വിനീതിൻ്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവാകും ഇത്. 2021ൽ പഞ്ചാബ് എഫ്സിയിൽ ആണ് വിനീത് അവസാനം കളിച്ചത്. സ്റ്റീവ് കോപ്പലിന് കീഴിൽ ഐഎസ്എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്നു ഈ കണ്ണൂരുകാരൻ.
- മോഹൻലാൽ രാജിവെച്ചു
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹൻലാൽ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടിട്ടുണ്ട്. ഇന്നലെ ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജിക്കാര്യം തീരുമാനിച്ചത്. 2 മാസത്തിനകം ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറി.
- കാവുംകണ്ടത്ത് മൊബൈൽ കവറേജ് ലഭിക്കുന്നില്ല.
കാവുംകണ്ടം: കാവുംകണ്ടത്തും സമീപപ്രദേശങ്ങളിലും മൊബൈൽ കവറേജ് ലഭിക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. അടിയന്തര സാഹചര്യങ്ങളിൽ പോലും വിളിക്കുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. റേഞ്ച് കിട്ടാത്തതുമൂലം സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം നേരിടുന്നു. ഏതാനും മാസങ്ങളായി മൊബൈൽ കവറേജ് കിട്ടാത്തത് മൂലം ആശുപത്രി, സ്കൂൾ, ഓഫീസുകൾ തുടങ്ങിയ ആവശ്യസേവന മേഖലകളിലേക്ക് വിളിക്കുവാനും സാധിക്കുന്നില്ല. ഈ പ്രദേശത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് സ്വന്തം നാട്ടിലേക്ക് ബന്ധപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. എന്തെങ്കിലും അപകടമുണ്ടായാൽ ആംബുലൻസിനെ വിളിക്കുവാൻ പോലും റേഞ്ച് ഇല്ല. ഇക്കഴിഞ്ഞ ദിവസം ബസ് അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ മറ്റത്തിപ്പാറ സ്വാദേശി പള്ളിപ്പടിക്കൽ ജിസ്സ് ജെയിംസിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനെ വിളിക്കാൻ പോലും റേഞ്ച് കിട്ടാത്ത അവസ്ഥയിലായിരുന്നു. ബി. എസ്. എൻ. എൽ., ജിയോ ഉപഭോക്താക്കളാണ് ഏറെയും. കാവുംകണ്ടത്തു നിന്നും രണ്ടര കിലോമീറ്റർ മാറി പിഴക് പള്ളിയുടെ സമീപത്താണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാർക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത നോക്കുകുത്തിയായി നിൽക്കുന്ന ടവറിന്റെ റേഞ്ച് പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് കാവുംകണ്ടം എ .കെ .സി . സി, പിതൃവേദി, എസ്. എം. വൈ .എം . സംഘടനകൾ ആവശ്യപ്പെട്ടു. കാവുംകണ്ടം കേന്ദ്രീകരിച്ച് പുതിയ ടവർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റേഞ്ച് പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവീസ് ‘കെ. മാത്യു. കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, രഞ്ജി തോട്ടാക്കുന്നേൽ, ടോം തോമസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
- ആരോപണ വിധേയർ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം‘
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് DYFI. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കണം. ചൂഷണങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും DYFI പ്രതികരിച്ചു.
- പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും, സുപ്രധാന അറിയിപ്പ്
സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 രാത്രി 8 മണി മുതൽ സെപ്റ്റംബർ 2 രാവിലെ 6 മണി വരെ ലഭ്യമാകില്ല. ഇതോടെ, തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 30ന്
ബുക്ക് ചെയ്ത പാസ്പോർട്ട്/പിസിസി അപ്പോയിന്റുമെന്റുകൾ റദ്ദാക്കി. റദ്ദാക്കിയ അപ്പോയിന്റുമെന്റുകൾക്കുള്ള തീയതികൾ പുനഃക്രമീകരിക്കും. അപേക്ഷകളുടെ പുനഃക്രമീകരണം SMS മുഖേന അറിയിക്കും.
- സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു
സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ പിഎസ് മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. എംസി റോഡിൽ കാട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
- എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്
BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം കുറഞ്ഞ ICC ചെയർമാനാണ് 35കാരനായ ജയ് ഷാ. നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1 മുതൽ ജയ് ഷാ ചുമതലയേൽക്കും.
- ഇന്ന് അയ്യങ്കാളി ജയന്തി അവധി
സാമൂഹ്യപരിഷ്കർത്താവും കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനുമായ അയ്യങ്കാളിയുടെ ജന്മദിനമാണ് നാളെ. ഓഗസ്റ്റ് 28ന് കേരളത്തിൽ പൊതു അവധിയാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ പൊതു അവധി കണക്കാക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ വ്യക്തിയാണ് അയ്യങ്കാളി.
- വിദേശികളുടെ വിസകൾ നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ പദ്ധതി തയാറാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ കഴിഞ്ഞ 2 മാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേർ തൊഴിൽ രഹിതരാണ്. ഇതോടെ, വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ട്രൂഡോ പറഞ്ഞു. വിസാ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരെ ഉൾപ്പെടെ ഇത് ബാധിക്കും
- തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 പെൺകുട്ടികൾ തിരിച്ചെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ആണ് കുട്ടികളെ കാണാതായത്. ഉച്ചയ്ക്ക് 12.30ന്റെ ക്ലാസിൽ പങ്കെടുക്കുന്നതിനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെയെത്തുകയായിരുന്നു.
- സൂക്ഷിക്കണം: മോട്ടോർ വാഹന വകുപ്പിന്റെ മൂന്നറിയിപ്പ്!
നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ പിഴവുകൾക്ക് പലപ്പോഴും കനത്ത വില നൽകേണ്ടി വരുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലത് കൈ കൊണ്ട് കുട്ടിയുടെ ഇടതു കൈ പിടിച്ച് വേണം നടക്കാൻ. മാത്രമല്ല കുട്ടിയുടെ കൈ നമ്മൾ പിടിക്കണം. കുട്ടികൾ നമ്മുടെ കൈ പിടിച്ച് നടക്കാൻ വിടരുതെന്നും ചിത്രം സഹിതം പങ്കുവച്ച് എംവിഡി ആവശ്യപ്പെട്ടു.
- ഫുട്ബോൾ പരിശീലകനാകാനില്ലെന്ന് റൊണാൾഡോ
ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ലെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ അത് അൽനസറിൽ നിന്ന് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ കളിക്കാനിഷ്ടപ്പെടുന്നു ഈ രാജ്യത്തും നല്ല അനുഭവമാണ് ഉള്ളതതെന്നും റൊണാൾഡോ പറഞ്ഞു. ഒരു പോർച്ചുഗീസ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
- എന്താണ് പ്രൊഫഷണൽ ടാക്സ്?
വ്യാപാരം, തൊഴിൽ എന്നിവയ്ക്ക് നികുതി ചുമത്താനുള്ള അധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 276 അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന പ്രത്യേക നികുതിയാണ് പ്രൊഫഷണൽ ടാക്സ്. ഡോക്ടർമാർ, എൻജിനീയർമാർ, ടീച്ചർമാർ തുടങ്ങിയവർക്ക് മാത്രമല്ല, ബിസിനസ് ഉടമകൾക്കും ഫ്രീലാൻസർമാർക്കും ഇത് ബാധകമാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഉള്ള വരുമാനത്തിന്മേലാണ് ഈ നികുതി ചുമത്തുന്നത്.
- ആരൊക്കെ പ്രൊഫഷണൽ ടാക്സ് കൊടുക്കേണ്ട?
►സ്ഥിരമായ വൈകല്യമുള്ള കുട്ടികളുണ്ടെങ്കിൽ മാതാപിതാക്കളെ ഒഴിവാക്കിയിട്ടുണ്ട്
► സായുധ സേനയിലെ അംഗങ്ങൾ (ആർമി, എയർഫോഴ്സ്, നേവി) മുതിർന്ന പൗരന്മാർ
►അന്ധത ഉൾപ്പെടെയുള്ള സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികളെ ഒഴിവാക്കിയിട്ടുണ്ട്
മാനസിക വൈകല്യമുള്ള വ്യക്തികളുടെ മാതാപിതാക്കളോ, രക്ഷിതാക്കളോ ഈ നികുതി കൊടുക്കേണ്ട
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
തിരുവചനം | ആഗസ്റ്റ് 28 | വി. മത്തായി 05:27-32