2025 ആഗസ്റ്റ് 24 ഞായർ 1199 ചിങ്ങം 08
വാർത്തകൾ
🗞️👉 തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു; മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയം
തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയമുണ്ട്. മരിച്ചയാളുടെ വീട്ടിലും വീടിനു സമീപത്തെ ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.12 ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം ചികിത്സയിലായിരുന്നത്.
🗞️👉 വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്
വയനാട് കൽപ്പറ്റയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിയെ ആണ് സംഘം ചേർന്ന് ആക്രമിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. കുട്ടി ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. മകനെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും കുട്ടി പ്രതികരിച്ചതോടെ സംഘം ചേർന്ന് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
🗞️👉 കേരളം ഒന്നാകെ രാഹുൽ രാജിവെക്കണമെന്ന് പറയുന്നു; എം വി ഗോവിന്ദൻ
കേരളം ഒന്നാകെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് പറയുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നല്ലെങ്കിൽ നാളെ രാജിവെക്കേണ്ടി വരും. ഉയർന്ന് വന്നത് ആരോപണം അല്ല. തെളിവുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു. ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികളാണ് പിന്നിൽ. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ശരിയായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
🗞️👉 രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരം; മന്ത്രി വി എൻ വാസവൻ
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി എൻ വാസവൻ. കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണം. സിപിഐഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. തെളിവുകൾ ഉണ്ടെങ്കിൽ സിപിഐഎം നേതാക്കൾക്കെതിരെയും നടപടിയെടുക്കാമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി സംഭവങ്ങൾ പുറത്തുവരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സിപിഐഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
🗞️👉 ‘കോൺഗ്രസിന്റെ പ്രശ്നം വ്യക്തികൾ മാറിയാൽ തീരില്ല: രാജീവ് ചന്ദ്രശേഖർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണ്. ചൂഷകനല്ലാത്ത എംഎൽഎ വേണം എന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസിന്റെ പ്രശ്നം വ്യക്തികൾ മാറിയാൽ തീരില്ല, കാരണം അത് അവരുടെ ഡിഎൻഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.













