2025 ആഗസ്റ്റ് 22 വെള്ളി 1199 ചിങ്ങം 06
വാർത്തകൾ
🗞️👉 ജലമാണ് ജീവൻ: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ജനകീയ കർമപരിപാടി
കോട്ടയം: സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്രകർമപരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യഘട്ടം ഓഗസ്റ്റ് 30, 31 തീയതികളിൽ നടത്തും. അതിന്റെ ഭാഗമായി, സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും.
സെപ്റ്റംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവൽക്കരണവും ഹയർ സെക്കൻഡറി സ്കൂളുകളിലെ രസതന്ത്ര ലാബിനോടുചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജലപരിശോധനയും സംഘടിപ്പിക്കും.
🗞️👉 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുൽ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക പറഞ്ഞു.
🗞️👉 മുംബൈയ്ക്ക് അടുത്ത് ബോയിസറിൽ വാതക ചോർച്ച; 4 തൊഴിലാളികൾ മരിച്ചു
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിൽ വാതകചോർച്ച. MEDLEY എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് വാതകചോർച്ച ഉണ്ടായത്. സംഭവത്തിൽ നാല് തൊഴിലാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള ബോയ്സാറിലെ വ്യാവസായിക മേഖലയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് ദുരന്തം ഉണ്ടായത്. തൊഴിലാളികളെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
🗞️👉 കൊച്ചിയ്ക്ക് മുന്നിൽ തകർന്ന് വീണ് ട്രിവാൻഡ്രം റോയൽസ്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രത്തെ മുട്ടുകുത്തിച്ച് കൊച്ചി ബ്ലൂടൈഗേഴ്സ്. സാംസൺ ബ്രദേഴ്സിന്റെ കീഴിലിറങ്ങിയ കൊച്ചി നൂറ് റൺസ് തികയ്ക്കാൻ പോലും അനുവദിക്കാതെ ട്രിവാൻഡ്രത്തെ പുറത്താക്കി. മികച്ച സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ട്രിവാൻഡ്രത്തിന് 20 ഓവറിൽ 97 റൺസ് നേടാനെ കഴിഞ്ഞുള്ളു. അഭിജിത് പ്രവീൺ, ബേസിൽ തമ്പി എന്നിവരുടെ പ്രകടനമാണ് 97 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചത്.













