പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  22

Date:

വാർത്തകൾ

  • അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും അധികം കുടിയേറ്റം നടത്തുന്നത് ക്രൈസ്തവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനിച്ച രാജ്യത്തിന് പുറത്ത് താമസിക്കുന്ന ലോകത്തിലെ 47% ആളുകളും ക്രൈസ്തവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമായ 2020 മുതലുള്ള ഡാറ്റയും 270 സെൻസസ് സർവേകളും അടിസ്ഥാനമാക്കിയാണ് പ്യൂ റിപ്പോർട്ട് തയാറാക്കിയത്.

  • പാലാ ഒരുങ്ങിഇനി പഠനത്തിന്റേയും പ്രാർത്ഥനയുടേയും നാല് ദിനരാത്രങ്ങൾ

പാലാ: സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ഇന്നു മുതൽ 25 വരെ തിയതികളിലായുള്ള അസംബ്ലി പഠനത്തിലും പ്രാർത്ഥനയിലും നിറഞ്ഞുനിൽക്കും. സഭയുടെ അഞ്ചാമത് അസംബ്ലിക്കാണ് ഇന്ന് തുടക്കമാകുന്നത്. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസ്സും പ്രധാനവേദിയായുള്ള അസംബ്ലിയിൽ 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്.

  • കലോത്സവ ചൂടിൽ പാലായുടെ യുവജനങ്ങൾ

എസ്.എം.വൈ.എം – കെ. സി. വൈ. എം പാലാ രൂപതയുടെ കലോത്സവം തരംഗം ത്തിന് 20/08/24 ചൊവാഴ്ച്ച സെന്റ് തോമസ് കോളേജിൽ തുടക്കമായി. തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടി എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്ത രചന മത്സരങ്ങൾക്ക് തുടക്കം കുറിച്ചു പത്തിനങ്ങളിലായി ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്തു. സെപ്റ്റംബർ 21 ശനിയാഴ്ച കലാ മത്സരങ്ങൾ നടത്തപ്പെടുമെന്ന് പ്രസിഡന്റ് എഡ്വിൻ ജോസിയുടെ നേതൃത്വത്തിലുള്ള സമിതി അറിയിച്ചു. ജനറൽ സെക്രട്ടറി മിജോ ജോയ് വൈസ് പ്രസിഡന്റ് റ്റിൻസി ബാബു കലോത്സവം കോഡിനേറ്റർ ബിൽനാ സിബി, റിയ തെരെസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് തരംഗം യുവജന കലോത്സവത്തിന് തയ്യാറെടുപ്പുകൾ നടക്കുന്നത്.

  • ഇന്നലെ ഹർത്താൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു

*വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികളുടെ സമിതി അറിയിച്ചു.

*ബസ്, ട്രെയിൻ, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിച്ചില്ല.

*സ്വകാര്യ വാഹനങ്ങൾ അടക്കം നിർബന്ധിച്ച് ഹർത്താൽ അനുകൂലികൾ തടഞ്ഞില്ല.

തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധത്തിന്റെ ഭാഗമായാണ് ദളിത് സംഘടനകൾ ഇന്നലെ ഹർത്താൽ ആചരിച്ചത്.

  • കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി ഐപിഎൽ താരം ബേസിൽ തമ്പി എത്തും. രഞ്ജി ട്രോഫി താരം സെബാസ്റ്റ്യൻ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ലോഗോ സംവിധായകൻ ബ്ലെസി പ്രകാശനം ചെയ്തു. സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുന്നത്.

  • സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ ഇന്നലെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ടായിരുന്നു. 6 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും നല്കിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 8 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിരുന്നു. കനത്ത മഴയുടെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

  • യുക്രൈനും പോളണ്ടും സന്ദർശിക്കാൻ പുറപ്പെട്ട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്നലെ യാത്ര തിരിച്ചു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷിക ആഘോഷങ്ങളിൽ മോദി ഭാഗമാകും. പോളണ്ട് പ്രസിഡന്റ് ആൻദ്രെജ് ദുഡെയുമായും പ്രധാനമന്ത്രി ഡോണൾഡ് ടസ്‌കുമായും നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

  • കുട്ടിയെ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ കണ്ടെത്തിയത് മലയാളി സമാജം പ്രവർത്തകർ.കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ കുട്ടിയെ താംബരം എക്സ്പ്രസിൽ കണ്ടെത്തിയത്.

  • രാഹുൽ ഗാന്ധിയും ഖാർഗെയും കശ്മീരിൽ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ജമ്മു കാശ്മീർ സന്ദർശിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി ജമ്മു കാശ്മീരിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജമ്മുവിലെ ബാങ്ക്വറ്റ് റിസോർട്ടിൽ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരുമായി യോഗം ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

  • തെങ്ങ് വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്, മരം വീണ് 2 വയസുകാരിക്കും പരിക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ കാറ്റിൽ വ്യാപക നാശം. ആലപ്പുഴയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. നിലമ്പൂർ സ്വദേശി താജുദീനാ (19) ണ് പരിക്കേറ്റത്. ഇടിയപ്പ വിൽപ്പനക്കായി കടകളിലേക്ക് പോകുമ്പോൾ അമ്പലപ്പുഴ വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു അപകടം.  പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

  • നീതിക്കായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാനും മുഹമ്മദനും ഒന്നിച്ചു

യുവ ഡോക്ടറുടെ കൊലപാതകത്തിൽ നീതി തേടി ഫുട്ബോൾ ലോകവും. പ്രതിഷേധത്തിൽ പ്രമുഖ 3 ക്ലബ്ബുകളുടെ മാനേജ്മെന്റ് വൈര്യം മറന്ന് ഒരുമിച്ചു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ ക്ലബ്ബുകളുടെ പ്രതിനിധികളാണ് അസാധാരണ വാർത്താസമ്മേളനം ഒരുമിച്ച് വിളിച്ചു ചേർത്തത്. കളിക്കളത്തിലെ ശത്രുത മറന്ന് കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കാൻ കൈകോർത്ത് പോരാടുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

  • പരിശോധന ശക്തമാക്കി സൗദി ഭരണകൂടം

സൗദിയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധന ശക്തം. പെറ്റ് ഷോപ്പുകൾ, വെറ്റിനറി ക്ലിനിക്കുകൾ, പെറ്റ് ഹോട്ടൽ, റെസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിലാണ് പരിശോധന കടുപ്പിച്ചത്. മൃഗങ്ങളെ പീഡിപ്പിക്കുക, ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുക, മതിയായ ചികിത്സ നിഷേധിക്കുക, എന്നീ നിയമ ലംഘനങ്ങളും പിടികൂടുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

  • കുറ്റകൃത്യം സംശയിക്കപ്പെടേണ്ടതില്ല, കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്

കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂൺ 12 നാണ് എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 44 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരണമടഞ്ഞത്. ഇതിൽ 24 പേർ മലയാളികൾ ആയിരുന്നു.

  • മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും . സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും . രജിസ്റ്റർ ചെയ്തവരും പങ്കെടുക്കാനാഗ്രഹിക്കുന്നവരും 22 ന് രാവിലെ 10 ന് മുമ്പായി എത്തണം . പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ . ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , പി.ടി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ , ജൂബിലി കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും . സമാപന സമ്മേളനത്തിൽ ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ മുഖ്യാതിഥിയായിരിക്കും.

  • നെൽസൺ ഡാൻെറ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ

ആകസ്മികമായി വേർപിരിഞ്ഞ , മൂന്നിലവ്, st. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന, നെൽസൺ ഡാന്റെ സാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 22/08/2024 വ്യാഴാച,ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് മൂന്നി ലവിലുള്ള ടോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 20ലധികം ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

  • പ്രത്യേക ട്രെയിൻ അനുവദിച്ചു

ഓണക്കാലത്ത് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ്. ഓഗസ്റ്റ്- 20,22,25,27,29 സെപ്റ്റംബർ-01,03,05,08,10,12,15,17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്. രാത്രി 9 മണിക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. വൈകുന്നേരം 5 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബെംഗളൂരുവിലെത്തും.

  • ഓഹരി വിപണിയിൽ ഇടിവ്

ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം നഷ്ടത്തോടെ ആരംഭിച്ചു. സെൻസെക്സ് 100 പോയിന്റ് ഇടിവോടെ 80,700 എന്ന നിലയിലും നിഫ്റ്റി 10 പോയിൻ്റ് ഇടിഞ്ഞ് 24,690 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. ടിവിഎസ് മോട്ടോഴ്സ്, ശ്രീറാം ഫിനാൻസ്, അദാനി ഗ്രീൻ എനർജി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. ടാറ്റ പവർ, ജിയോ ഫിനാൻഷ്യൽ, ഐസിഐസിഐ പ്രൂഡൻഷ്യൽ, ടാറ്റ മോട്ടോഴ്സ് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി.

  • ഓണത്തിന് 5,99,000 സൗജന്യ കിറ്റുകൾ വിതരണം ചെയ്യും

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി . ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.

  • മലപ്പുറം നിപ മുക്തം

മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ ഇല്ല. 42 ദിവസം ഡബിൾ ഇൻക്യൂബേഷൻ പീരിയഡ് പൂർത്തിയാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം.

  • മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേർക്ക് രക്തദാനം

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം.

  • ആട് വളര്‍ത്തല്‍ പദ്ധതി

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം മുതല്‍ മുടക്ക് കുറഞ്ഞ ചെറുകിട ഉപവരുമാന പദ്ധതികളിലൂടെ ആളുകള്‍ക്ക് സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.

  • വയനാട് ദുരന്തബാധിത പ്രദേശങ്ങളിൽ സൗജന്യ ഓണക്കിറ്റ്

വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

  • ഹേമ കമ്മിറ്റി റിപ്പോർട്ട്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

  • എംപോക്‌സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

  • മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം

ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഉള്ള ഇസൈന്റിയ എന്ന കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ഗുരുതരമായി പൊള്ളലേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

  • വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

  • നടൻ ജോസ് പായമ്മൽ അന്തരിച്ചു

നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ (90) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. അന്ത്യകർമ്മങ്ങളുടെയും സംസ്കാരത്തിന്റെയും സമയം തീരുമാനിച്ചിട്ടില്ല. 200ൽ അധികം നാടകങ്ങളിൽ അഭിനയിച്ചയാളാണ് ജോസ് പായമ്മൽ. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകൻ: ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ബംഗ്ലാദേശ് ആരാധകൻ ടൈഗര്‍ റോബിയുടെ ആരോപണം തള്ളി പൊലീസ്

സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍...

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന്...

ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ...

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ . ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ...