പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  21

Date:

വാർത്തകൾ

  • വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ!

യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിക്കുന്ന ഒരു ദാനമാണ്. യേശുവിൻറെ ശൈലി മനസ്സിലാക്കാത്തവർ സംശയഗ്രസ്തരായി തുടരുന്നു: മറ്റൊരാളുടെ മാംസം ഭക്ഷിക്കുന്നത് അസാധ്യമായ, ഒരു കാര്യമായി, മനുഷ്യത്വരഹിതമായി പോലും തോന്നുന്നു (യോഹന്നാൻ 6,54 ). എന്നിരുന്നാലും, മാംസവും രക്തവും രക്ഷകൻറെ മനുഷ്യപ്രകൃതിയാണ്, അവൻറെ തന്നെ ജീവൻ നമ്മുടെ ജീവന് പോഷണമായി നല്കപ്പെടുന്നു.

  • ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍

ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് അറിയപ്പെടുന്നത്. നാല് പൂര്‍ണ ചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു ചാന്ദ്ര ദൃശ്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്.

  • ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എട്ടു ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി.

  • പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 
  • ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.
  • സര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രി

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഭിന്നത. ജെഡിയു, എല്‍ജെപി കക്ഷികള്‍ തീരുമാനത്തെ എതിര്‍ത്തു. ലാറ്ററല്‍ എന്‍ട്രി തീരുമാനത്തെ ടിഡിപി അനുകൂലിച്ചു. സംവരണം ഉള്‍പ്പെടെ തടസ്സപ്പെടുമെന്നാണ് ജെഡിയുവിന്റെ വാദം. ലാറ്ററല്‍ എന്‍ട്രി ഭരണനിര്‍വഹണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്ന് ടിഡിപിയും പറഞ്ഞു.

  • തൃശ്ശൂര്‍ പാവറട്ടിയില്‍ കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്.സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നുപേരെയാണ് ഇന്നലെ കാണാതായത്. അഗ്‌നിവേഷ്, അഗ്‌നിദേവ്, രാഹുല്‍ കെ മുരളീധരന്‍ എന്നിവരെയാണാ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. 

  • കുതിപ്പ് ഒന്നടങ്ങി

ദിവസങ്ങളായി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്ത് രൂപ വീതമാണ് വിലയിടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6660 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയിലുമാണ് ഇന്നലത്തെ വ്യാപാരം പുരോഗമിക്കുന്നത്.

  • കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം

കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ തിരമാല ആഞ്ഞടിക്കുന്നത്. താൽക്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. പ്രദേശത്തെ നിരവധി വീടുകളും തകർച്ചാ ഭീഷണിയിലാണ്. ഈ പ്രദേശത്ത് പുലിമുട്ട്, കടൽ ഭിത്തി നിർമാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ൽ ടെണ്ടർ ചെയ്താണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാക്കാഴത്ത് നടന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനവും നിർവഹിച്ചിരുന്നു.

  • എന്റെ അമ്മ എനിക്കുവേണ്ടി മണലിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുമായിരുന്നു : മാർ ജോസഫ് പെരുന്തോട്ടം

ദൈവവിളിക്കുള്ള ആഗ്രഹം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സെമിനാരി ചേരുന്നതിനായി ആരും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ വൈദികനായതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് റോമിൽ പഠനത്തിന് വിട്ട അവസരത്തിൽ അതിന് തൊട്ടുമുമ്പായി അമ്മ എന്നോട് പറഞ്ഞു. രാത്രിയിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. വീട്ടുമുറ്റത്ത് മണലിൽ മുട്ടുകുത്തി നിന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞതായി അഭിവന്ദ്യ പിതാവ് പറഞ്ഞു. ഉപവാസവും, പ്രാർത്ഥനയും, അധ്വാനിക്കുന്ന ജനവിഭാഗത്തിനോടുള്ള കരുതലും സ്നേഹവും, മറ്റുള്ളവരെ കേൾക്കുവാനും ബഹുമാനിക്കുവാനും കൊച്ചു കുട്ടികളോടുള്ള വാത്സല്യവും അഭിവന്ദ്യ പിതാവിന്റെ പ്രത്യേകതയായിരുന്നു.

  • മൊഴികൾ സർക്കാരിന് മുന്നിലില്ല, FIR ഇടാൻ നിയമതടസങ്ങളുണ്ട്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാൻ നിയമപരമായ തടസങ്ങളുണ്ടെന്ന് മുൻ മന്ത്രി എകെ ബാലൻ. കമ്മീഷന് കൊടുത്ത മൊഴികൾ സർക്കാരിന് മുന്നിലില്ല. വ്യക്തിപരമായ പരാമർശം ഇല്ലാത്തതിന്റെ ഭാഗമായി, കേവലം ജനറൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമപരമായി ഇന്ന വ്യക്തികൾക്ക് അല്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • KSFEയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്; 1 കോടി 48 ലക്ഷം വെട്ടിച്ചു!

സംഭവത്തിൽ വളാഞ്ചേരി KSFE ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയം വെച്ച പാലക്കാട് സ്വദേശികളായ അബ്ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആകെ 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ് നടത്തിയത്.

  • ഹേമ കമ്മിറ്റി; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. IPC 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കാക്കി പുറത്ത് വിടാതിരുന്ന ഭാഗത്താണ്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടികൾ മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പേരിൽ കേസെടുക്കുന്നതിൽ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.

  • സർക്കാരിന്റെ 6000 രൂപയ്ക്ക് വാടക വീട് കിട്ടാനില്ല

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട് കിട്ടാനില്ലാത്തതാണ് ദുരന്തബാധിതർക്ക് പ്രതിസന്ധിയാകുന്നത്. അതേസമയം കേരള ഗ്രാമീൺ ബാങ്ക് മുണ്ടക്കൈ ചൂരൽ മേഖലയിൽ നൽകിയത് 16 കോടിയുടെ വായ്പയാണെന്ന കണക്ക് 24 പുറത്ത് വിട്ടു.

  • അത്തോളിയിലെ ജനവാസ മേഖലയിൽ കണ്ടത് കടുവയെയോ

അത്തോളി കൂമുള്ളിയിൽ ജനവാസ മേഖലയിൽ കണ്ടത് കടുവയെ ആണെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാർത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങൾ കണ്ടെത്താനായില്ല. വിദ്യാർത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതിൽ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകർ.

  • കോടികൾ കുടിശ്ശിക

മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം നിർത്തിയത്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ് സി-ഡിറ്റ്  വിശദീകരണം. ഈ മാസം 17 മുതൽ ആണ് താൽക്കാലിക ജീവനക്കാരെ പിൻവലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്. 

  • ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘം രൂപീകരിച്ച് സുപ്രീംകോടതി

കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് രൂപം നല്‍കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്‍റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര്‍ സരിന്‍റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നിലെന്നും കോടതി നിരീക്ഷിച്ചു.  കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. പശ്ചിമബംഗാളില്‍ ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയുണ്ടായെന്ന് കേന്ദ്രം കോടതിയില്‍ കുറ്റപ്പെടുത്തി. 

  • ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ബെന്നി ബഹന്നാൻ ഉത്‌ഘാടനം ചെയ്തു. കെപിസിസി മെമ്പർ അഡ്വ. ഷിയോ പോൾ സ്വാതന്ത്യദിന അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് ജിജേഷ് പി വി അധ്യക്ഷത വഹിച്ചു.

  • .എഫ്.സി ചാമ്പ്യൻസ് ലീഗ്

അറബ് മേഖലയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും, നെയ്മറിന്റെ അൽ ഹിലാലും ഖത്തരി ക്ലബുകൾക്കെതിരെ മത്സരത്തിന് ഇറങ്ങും.

  • നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം

നിരോധിത പെലാജിക് വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് സംഘം പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസിനു വടക്ക്-പടിഞ്ഞാറു 10 നോട്ടിക്കല്‍ ഭാഗത്ത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വലകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തവെയാണ് പ്രത്യേക സംയുക്ത പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

  • മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു

ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ രാഷ്ട്രപതി ലാസറസ് ചക്വേര വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. ഇന്നലെ ആഗസ്റ്റ് പത്തൊൻപതാം തീയതി തിങ്കളാഴ്ച വത്തിക്കാന്‍ കൊട്ടാരത്തില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറും സന്നിഹിതനായിരുന്നു.

  • മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി; തെറ്റായ പ്രചരണങ്ങള്‍ തിരിച്ചറിയണമെന്ന് സഭാനേതൃത്വം

ഓഗസ്റ്റ് 22 മുതൽ 25 വരെ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്നു സഭാനേതൃത്വം. ഇതിനു വിരുദ്ധമായ ചർച്ചകളും പ്രസ്താവനകളും ചില വ്യക്തികൾ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്നു മീഡിയ കമ്മീഷൻ സെക്രട്ടറിയും സീറോമലബാർസഭ പി.ആർ.ഓയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.

  • ജോയിയുടെ അമ്മയ്ക്ക് വീട് ഒരുങ്ങും

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും. തിരുവനന്തപുരം കോര്‍പറേഷൻ നൽകിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്‍റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക.

  • ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആഗസ്റ്റ് 19 തിങ്കളാഴ്ച 4 PM-ന് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് R മാനംതടത്തിൽ, ഇടമറ്റം വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് K.C കൈപ്പുഴ, പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള ഇടയോടിയിൽ പെരിങ്ങുളം, മജോ ജോസഫ് ഇല്ലിക്കൽ പ്ലാശനാൽ, അമ്പിളി ഗോപൻ കൊച്ചുപുരയ്ക്കൽ പ്ലാശനാൽ, സാജു ജെയിംസ് പൊട്ടംപ്ലാക്കൽ ചൊവ്വൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

  • എംഡിഎംഎയുമായി സ്കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട. 104 ഗ്രാം MDMA യുമായി എയ്ഡഡ് സ്ക്കൂൾ മാനേജരടക്കം 2 പേർ പിടിയിലായി. കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ഷമീൽ, ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിൻ്റെ മാനേജരാണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് MDMA പിടിച്ചെടുത്തത്.

  • ബാങ്കുകളിൽ 5,351 ഒഴിവുകൾ

പൊതുമേഖലാ ബാങ്കുകളിലെ 5,351 തസ്തികകൾ നികത്തുന്നതിനുള്ള IBPS അപേക്ഷാ സമയപരിധി നാളെ അവസാനിക്കും. 4,455 PO/മാനേജ്മെന്റ് ട്രെയിനി തസ്തികകളും 896 സ്പെഷ്യലിസ്റ്റ് ഓഫീസറും ഉൾപ്പെടുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിഇ, ബിടെക്, പിജി, എംബിഎ പൂർത്തിയാക്കിയവർക്കാണ് അർഹത. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക് https://www .ibps.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  • ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് സ്ഥാനാർഥിയാകും

സഹമന്ത്രിയായി കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് 9 സ്ഥാനാർഥികളുടെ പേരും BJP പ്രഖ്യാപിച്ചു. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബിജെപിയിൽ ചേരുന്നത്. 3 വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാം മോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം.

  • ഇന്ന്  ഹർത്താൽ

ആദിവാസി-ദളിത് സംഘടനകൾ ഇന്ന് നടത്താനിരിക്കുന്ന ഹർത്താൽ കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്കൂളുകളുടെയും പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹർത്താൽ അനുകൂലികൾ തടസപ്പെടുത്തില്ല. പൊതുഗതാഗതവും സാധാരണ നിലയിലായിരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് പ്രധാന പരിപാടി. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ പൂർണമായി ഒഴിവാക്കി.

  • 9 ലക്ഷം വരെ ശമ്പളം നേടാം

പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ വർഷം 9 ലക്ഷം വരെ ശമ്പളമുള്ള ജോലി നേടാൻ സഹായിക്കുന്ന പ്ലേസ്മെന്റുമായി ഇൻഫോസിസ്. ക്ലൗഡ് കംപ്യൂട്ടിംഗ്, AI/ML, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ കഴിവുള്ളവരെ ലക്ഷ്യമിട്ടാണ് കമ്പനി എത്തുന്നത്. മുമ്പ് 3.5 ലക്ഷം വരെ വർഷം ശമ്പളം കിട്ടുന്ന മേഖലയിലാണ് ഇപ്പോൾ 9 ലക്ഷം വരെ വാഗ്ദ‌ാനം ചെയ്യുന്നത്. 2024-25ൽ 15,000-20,000 പേർക്കാണ് കമ്പനി ജോലി വാഗ്ദാനം ചെയ്യുന്നത്.

  • കേരളം ഇനി ഒരു ബ്രാൻഡ്; പ്രൊഡക്ട് ഓഫ് കേരള നാളെ പുറത്തിറക്കും

ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാനത്തിന്റെ ശ്രമം വിജയം കണ്ടു എന്ന് മന്ത്രി P രാജീവ്. ആദ്യ കേരള ബ്രാൻഡ് ലൈസൻസ് നാളെ കൈമാറും. മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നൽകുന്നത്. മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കേരള ബ്രാൻഡ് ലഭിക്കുക.

  • ഇനി SSLC പരീക്ഷ എളുപ്പമാകും

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സർക്കാർ. പഴയ ചോദ്യപേപ്പറുകൾ പരിശോധിച്ച് പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികൾക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. സമഗ്ര പ്ലസ് പോർട്ടലിലാണ് മുൻകാല എസ്എസ്എൽസി പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന്

http://www.samagra.kite.kerala.gov.in

സന്ദർശിക്കാം.

  • ഓണം വാരാഘോഷം ഒഴിവാക്കി, ഓണക്കിറ്റ് വിതരണം ചെയ്യും’

വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങൾ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമ്മുക്ക് ഒരുമിച്ച് നിൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് ഈ വർഷവും വിതരണം ചെയ്യും. സപ്ലൈകോ ഓണവിപണികൾ സെപ്‌തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു

നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ(56) അന്തരിച്ചു. ചെന്നൈ അയപ്പാക്കം MGRപുരം BBCL അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം ഞായറാഴ്‌ചയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാ വിലാസം കുടുംബാംഗമാണ്. സുജാത ദൂരദർശനിൽ വാർത്താ അവതാരകയ്ക്കൊപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സ്വാതി തിരുനാൾ, പുരാവൃത്തം എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

  • പേപ്പറിൽ പൊതിഞ്ഞ ഭക്ഷണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തട്ടുകടകളിൽ നിന്ന് അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് എണ്ണ ഒപ്പിയെടുക്കും, അതുവഴി ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം. കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ടിഷ്യൂ പേപ്പർ, ബട്ടർ പേപ്പർ എന്നിവ ഉപയോഗിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിക്കുന്നു.

  • ബംഗാൾ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നടന്നത് ഭയാനകമാണ്. ഇത് രാജ്യത്തുടനീളമുള്ള ഡോക്ട‌ർമാരുടെ സുരക്ഷയുടെ പ്രശ്‌നമാണ്. സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, തൊഴിൽ ഇടങ്ങൾ സുരക്ഷിതമല്ലെങ്കിൽ അവർക്ക് തുല്യത നിഷേധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  30

2024 സെപ്റ്റംബർ   30   തിങ്കൾ      1199 കന്നി   14 വാർത്തകൾ സൗഹൃദത്തിന്റെ പാലം പണിയുന്ന...

വീയപുരം കോടതിയിലേക്ക്

നെഹ്റു ട്രോഫി വള്ളംകളി വിജയം സംബന്ധിച്ച് തർക്കം. ഫലപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് ആരോപിച്ച്...

അമലിന്റെ മൃതദേഹം ദില്ലിയിലെത്തിച്ചു

ഉത്തരാഖണ്ഡിൽ ട്രക്കിങിനിടെ മരിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശി അമൽ മോഹന്റെ മൃതദേഹം...

യെച്ചൂരിക്ക് കാരാട്ട്

പദവിയിലിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരം ഇടക്കാല ചുമതല പ്രകാശ് കാരാട്ടിന്...