പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  20

Date:

വാർത്തകൾ

  • ഇന്ന് സമാധാനത്തിന്റെ സുവിശേഷമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ആഗസ്റ്റ് മാസം ഇരുപതാം തീയതിയാണ് പ്രാർത്ഥനാസമ്മേളനം നടക്കുന്നത്. റിമിനിയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ അൻസെൽമിയും സമ്മേളനത്തിൽ സംബന്ധിക്കും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ സഹോദരങ്ങളെ സഹായിക്കുന്ന സംഘടനയാണ് നാസറത്ത് സമൂഹം. ലോകസമാധാനത്തിനു വേണ്ടിയും, ക്രൈസ്തവ മതപീഡനം ഇല്ലാതാക്കുവാനും, വിവിധ ഇടങ്ങളിൽ സമൂഹം മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനാസമ്മേളനങ്ങൾ നടത്താറുണ്ട്. ഈ സംരംഭങ്ങൾക്കെല്ലാം പാപ്പാ പ്രത്യേകമായി നന്ദി പറഞ്ഞു.

  • വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി

പാലാ: വയനാട് ദുരന്തം അത്യന്തം ദുഃഖകരമാണെങ്കിലും അതിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാൻ ഇടയായത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ കർഷക പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗീകമായി കേന്ദ്ര സർക്കാർ തന്നെ കണ്ടതിനാലാണ് പിന്നീട്  ഡോ. കസ്തൂരിരംഗൻ കമ്മറ്റിയെ നിയമിച്ചത്.

  • മിജാർക്ക് ഏഷ്യ

വത്തിക്കാനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര യുവജന സംഘടനയായ മിജാർക്ക് ഏഷ്യയുടെ കേരള പ്രതിനിധിയായി (മാനന്തവാടി രൂപതയിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി) തിരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം രൂപത, സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിലിന് അഭിനന്ദനങ്ങളും ആശംസകളും…

  • ഈശ്വർ മാൽപെ ഇന്നലെ അർജുൻ്റെ വീട്ടിൽ എത്തി

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എത്തി. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ കണ്ടത്. ഇന്നലെ 11 മണിയോടെ ഈശ്വർ മാൽപെ കോഴിക്കോട് എത്തി. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി.

  • റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.

  • അർജുനായുള്ള തിരച്ചിലിന് അനുമതി നൽകിയില്ല

 ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നലെ തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം ഷിരൂരിൽ നിന്ന് മടങ്ങി.തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. ഇന്ന് സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു.

  • ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ

എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.അതേസമയം കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ.

  • കോംഗൊ റിപ്പബ്ലിക്കിൽ നാലു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ 3 വൈദികരും ഒരു സന്ന്യസ്തനുമുൾപ്പടെ നാലുപേർ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, ഇറ്റലിക്കാരൻ വിത്തോറിയൊ ഫാച്ചിൻ (Vittorio Faccin 04/01/1934) കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ (Albert Joubert 18/10/1950) എന്നീ രക്തസാക്ഷികളാണ് ആഗസ്റ്റ് 18-ന് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്. കോംഗൊയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീറ ആണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മ വേദി. കോംഗൊയിലെ കിൻഷാസ അതിരൂരതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസൂംഗു ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികനാകും.

  • സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

53,360 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. ഈ മാസം മാത്രം പവന് കൂടിയത് 1,760 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് സംസ്ഥാനത്തും വില തുടര്‍ച്ചയായി ഉയരാന്‍ കാരണമായത്.

  • മാതൃകാപരമായ നിലപാട് ബാങ്കുകൾ എടുക്കണം;മുഖ്യമന്ത്രി

ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  • സീറോ മലബാർ മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്നലെ ആരംഭിച്ചു

സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ മൂന്നാം സമ്മേളനം ഇന്നലെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസിൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നൽകിയ ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

  • ദുരന്തബാധിതർക്കുള്ള ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായമായി ലഭിച്ച തുകയിൽ നിന്ന്
ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

  • വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് സ്വര്‍ണം തട്ടിയ കേസ്

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. തമിഴ്നാട് സ്വദേശി മധ ജയകുമാറിനെയാണ് കർണാടക തെലുങ്കാന അതിർത്തിയിൽ വച്ച് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസ് പുറപ്പെട്ടു.

  • കാവുംകണ്ടം ഡി .സി . എം . എസ് . സംഘടന ജസ്റ്റീസ് സൺഡേ ആചരിച്ചു

ദളിത് കത്തോലിക്കാ മഹാജനസഭ കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് സൺഡേ ആചരിച്ചു. ബെന്നി .കെ .പി . കുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി. 1950 ഓഗസ്റ്റ് 10ന് ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു . ഇക്കഴിഞ്ഞ 74 വർഷങ്ങളായി ദളിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട വിവിധ അവകാശാനുകൂല്യങ്ങൾ പാടെ നിഷേധിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടി ഭരണഘടനാലംഘനമാണെന്ന് ഫാ. സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും നീതി നിഷേധത്തിനെതിരെ ശബ്ദം ഉയർത്തുന്നതിനും വേണ്ടിയാണ് എല്ലാവർഷവും നീതി ഞായർ ആചരിക്കുന്നത്.. ലൈജു ജോസഫ് താന്നിക്കൽ, ജോഷി കുമ്മേനിയിൽ, ബിന്ദു ശ്രീനി കൊണ്ടൂർ, സിന്ധുര വി കരിഞ്ഞാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇടവകയിലെ എ. കെ. സി. സി, പിതൃവേദി, മാതൃവേദി, എസ് .എം . വൈ. എം, വിൻസെന്റ് ഡീപോള്‍ എന്നീ സംഘടനകളിലെ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിജിമോൻ കരിഞ്ഞാങ്കൽ, സണ്ണി പുളിക്കൽ, ബിനോയി ചാലിൽ , ലാലു കൈപ്പുഴ വള്ളിയിൽ ,ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതത്വം നല്കി.

  • ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം

ഇത്തവണയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ സപ്ലൈകോ. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ സപ്ലൈകോ തുടങ്ങി.

  • ഖത്തറിലെത്തുന്ന സന്ദർശകർക്ക് അടിയന്തര ചികിത്സ തേടാൻ അവസരം

ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ, സന്ദർശകർക്ക് അടിയന്തര ചികിത്സയും സഹായവും സംബന്ധിച്ച വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) വിശദീകരിച്ചു. അടിയന്തര വൈദ്യചികിത്സയും സഹായവും ആവശ്യമുള്ള സന്ദർശകർക്ക് ഖത്തറിലെ സർക്കാരിന് കീഴിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

  • തായ്‌ലൻ്റിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ലോകനേതാക്കൾ അഭിനന്ദിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ഷിനാവത്രയുടെ ഫ്യൂ തായ് പാർട്ടി.

  • ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിം​ഗിൾ‌ ബെഞ്ച് തള്ളി. റിപ്പോർട്ടിന് സ്റ്റേ ഇല്ല. രഞ്ജിനിക്ക് ഹർജി നൽകാൻ അവകാശമില്ലെന്ന് വിവരാവകാശ കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ റിപ്പോർട്ട് പുറത്തേക്ക് വരുന്നതിലെ നിയമ തടസങ്ങൾ മാറി.

  • പി. വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് ഗോകുലം ഗോപാലന്‌

ഈ വർഷത്തെ പി. വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന്. ഒരു മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജീവിതം തുടങ്ങി ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വിജയിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ സേവനത്തെ മുൻ നിർത്തിയാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. വി.ശ്രെയാംസ് കുമാർ ചെയർ മാനും ഡോ. സി. കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറി ഗോകുലം ഗോപാലനെ അവാർഡിനായി തെരെഞ്ഞെടുത്തത്. പി. വി. സാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് ശ്രീനാരായണ സെന്റനറി ഹാളിൽ നടക്കുന്ന ചടങ്ങി ൽ വെച്ച് അവാർഡ് സമ്മാനിക്കും.

  • ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലെന്ന്

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കേരളത്തിന് പ്രളയം ധനസഹായം അനുവ​ദിച്ച് കേന്ദ്ര സർക്കാർ

145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ്...

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്

ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ...

5 ജില്ലകൾ ഒഴികെ ഇന്ന് എല്ലായിടത്തും മഞ്ഞ അലര്‍ട്ട്

തുലാവര്‍ഷത്തില്‍ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....