പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  19

Date:

വാർത്തകൾ

  • സൂപ്പർ താരം ചെൽസി വിടുന്നു

ചെൽസിയുടെ ഫുൾബാക്കായ ബെൻ ചിൽവെൽ ക്ലബ് വിടും. 2027 വരെ കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആണ് ചെൽസിയുടെ തീരുമാനം. ചിൽവെലിനോട് പുതിയ ക്ലബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പരിശീലകൻ മരെസ്ക പറഞ്ഞു. 2021ൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ടീമിലെ അംഗമായിരുന്നു ചിൽവെൽ. ഇതുവരെ ക്ലബിനായി 90 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

  • 42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് മമത സർക്കാർ

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാർ 42 ഡോക്ടർമാരെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ മമത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ മമതാ ബാനർജി സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നു. 42 ഡോക്‌ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് ആരോഗ്യവകുപ്പ് അടിയന്തരമായി റദ്ദാക്കി.

  • മഴ കനക്കും; അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഓറഞ്ച് അലർട്ട്

18/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്

19/08/2024: പത്തനംതിട്ട, എറണാകുളം

യെല്ലോ അലർട്ട്

18/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് 19/08/2024: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

20/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

  • സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും.

  • കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ് ; മന്ത്രി വി.ശിവൻകുട്ടി

മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും മനോനില സാധാരണ നിലയിലാകുന്നത് വരെ കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • റൊണാൾഡോയ്ക്കും അൽ നസറിനും നാണക്കേട്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാലിന്റെ കിരീടനേട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. റൊണാൾഡോയുടെ ഗോളിൽ അൽ നസറാണ് ആദ്യം മുന്നിലെത്തിയത്, പിന്നീട് നാല് ഗോൾ തിരിച്ചടിച്ച് ജയവും കിരീടവും അൽ ഹിലാൽ സ്വന്തമാക്കുകയായിരുന്നു. സെർബിയൻ സൂപ്പർ താരം അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി. അൽ ഹിലാലിന്റെ അഞ്ചാം സൗദി സൂപ്പർ കപ്പ് നേട്ടമാണിത്.

  • വീണ ജോർജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം

പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസിന്റെ പാർട്ടി ഓഫീസ് അനധികൃത നിർമ്മാണം നടത്തിയെന്നും കണ്ടെത്തലുണ്ട്. അതേസമയം ജോർജ് ജോസഫ് ഓടയുടെ അലൈൻമെന്റ് മാറ്റിയെന്ന് ആരോപണം ഉന്നയിച്ച മുതിർന്ന ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരനെ സിപിഐഎം താക്കീത് ചെയ്തു . കോൺഗ്രസ് അനധികൃത നിർമ്മാണം നടത്തി വാടകയ്ക്ക് നൽകിയ കെട്ടിടത്തിനെതിരെ നടപടിയെടുക്കണമെന്ന് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ആവശ്യപ്പെട്ടു.

  • ഇടക്കാല ആശ്വാസം നൽകി കൂടെ; എ.കെ ശശീന്ദ്രൻ

ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്രം ഒപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വാക്ക് തന്നതാണ്. ഇപ്പോഴും കേരള സർക്കാരിന് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ അർത്ഥവത്താക്കാൻ ഇടക്കാല ആശ്വാസം നൽകി കൂടെയെന്നും വനം മന്ത്രി ചോദിച്ചു. ദുരന്ത ഭൂമിയിൽ തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

  • 70 ലക്ഷം ആരുടെ കൈകളിലേക്ക്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ എകെ 665 ലോട്ടറിയുടെ ഫലം അറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ ഫലം അറിഞ്ഞത് . ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.

  • ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം

കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

  • KSRTC കണ്ടക്ടർ മരിച്ചു

പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. ഈമാസം ഒൻപതിന് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി തർ‌ക്കത്തിലേർപ്പെടുകയും മർദിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

  • ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തനും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിലേക്കെന്ന് സൂചന. ചംപയ് സോറന്റെ എക്സ് അക്കൌണ്ടിൽ നിന്ന് ‘ജെഎംഎം’ എന്നുള്ളത് നീക്കം ചെയ്തു. ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലെത്തി. എന്നാൽ ബിജെപിയിൽ ചേരുമെന്ന വാർത്ത ചംപയ് സോറൻ തള്ളി.

  • കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ

കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്.ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിൽ ആണെന്ന് പൊലീസ് വ്യക്തമാക്കി. സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ. ഒത്തുചേരലിന് കളമൊരുക്കിയ ആഷ്ലിൻ ബെൽവിൻ പൊലീസ് റെയ്ഡിന് എത്തും മുൻപ് മുങ്ങിയിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് തോക്ക്,പെപ്പർ സ്പ്രേ, കത്തി എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡിൽ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്ത13 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

  • കാഫിർ സ്ക്രീൻഷോട്ട് വിവാദം

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺ‍​ഗ്രസും തമ്മിൽ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഇതിന് മറുപടയുമായാണ് യൂത്ത് കോൺ​ഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം. റിബേഷ് പ്രതികളെ തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ മറുപടി.

  • ഗ്രന്ഥ ശാലകൾ അനൗദ്യോഗിക സർവ്വ കലാശാലാശാല കളാകണം : മന്ത്രി വി എൻ വാസവൻ

എം എൽ എ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു ഏറ്റുമാനൂർ  എസ് എം എസ് എം പബ്ളിക് ലൈബ്രറി യിൽ സ്ഥാപിച്ച ആധുനിക ഇന്റർ ആക്ടീവ് പാനലും സൗണ്ട് സിസ്റ്റവും സ്വിച്ച് ഓൺ കർമ്മo  നി൪വഹിച്ച്  പ്രസംഗിക്കൂകയായിരുന്നു ആദ്ദേഹം. സർവകലാശാലകൾ അക്കാദമിക് കാര്യങ്ങൾ ഔദ്യോഗികമായും കേന്ദ്രീകൃതമായും നിർവഹിക്കുമ്പോൾ പ്രാദേശിക തലത്തിൽ ഗ്രന്ഥശാലകൾക്കു അക്കാഡമിക് കാര്യങ്ങൾ അനൗദ്യോഗികമായി നിർവഹിക്കുവാൻ കഴിയണം .സാമൂഹ്യ പരിഷ്കരണ രംഗത്തും ഗ്രന്ഥശാലകളുടെ പങ്ക് വലുതാണ്.യുവ തലമുറയ്ക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്ന് നൽകുന്ന പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഗ്രന്ഥശാലകൾ പ്രയോ ജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലൈ ബ്രറി ഫിലിംക്ലബ്ബിന്റെ ഉദ് ഘാടനവും മന്ത്രി നിർ വഹിച്ചു. പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ,  എൻ അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂർ രാധാകൃഷ്ണന്‍, അമ്മിണി സുശീല൯ നായ൪, ഡോ വിദ്യ ആർ പണിക്കർ, എ. പി. സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.എംഎൽഎ  ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു സിസ്റ്റത്തി ന്റെ  ജോലികള്‍ പൂർത്തീകരിച്ച  പിഡബ്ലിയു എഞ്ചിനീയർ മാത്യൂ  ജോൺ,കോൺടാക്റ്റർ മനോജ് കെ വി  എന്നിവർക്ക്  മന്ത്രി ഉപ ഹാരം  നൽകി.തുടർന്നു ഫിലിം പ്രദർശനവും നടന്നു.

  • ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ്

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രചാരണ പദ്ധതികൾ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം.

  • കുട്ടി കർഷക സംഗമം -പാലാ സെൻ്റ്.തോമസ് HSS ൽ വ്യത്യസ്തമായ കർഷകദിനാചരണം.

പുതുവർഷദിനം വ്യത്യസ്തമായ പരിപാടികളോടെ പാലാ സെൻ്റ്.തോമസ് HSS ൽ കർഷകദിനമായി ആചരിച്ചു. കൃഷിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളുടെ സംഗമത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പരിപാടി ക്രമീകരിച്ചത്. കുട്ടികൾക്ക് തൻ്റെ അനുഭവജ്ഞാനത്തിൽ നിന്ന് കൃഷിപാഠം പറഞ്ഞു കൊടുത്ത് പ്ലാവ് കൃഷിയിൽ ലോക റിക്കാർഡിനുടമയായ ശ്രീ. വി. എ.തോമസ് ചക്കാമ്പുഴ ക്ലാസ്സെടുത്തു. അഞ്ചേമുക്കാൽ ഏക്കർ സ്ഥലത്തെ റബ്ബർ മുറിച്ചു മാറ്റി പ്ലാവിൻ തോട്ടമുണ്ടാക്കിയ തോമസ് മാഷിൻ്റെ അനുഭവജ്ഞാനം കുട്ടികൾക്ക് പുതിയ അനുഭവമായി.

  • തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് എല്ലാവരുടെയും  യോജിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി പി.രാജീവ്.

എറണാകുളം: തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരുടേയും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും, ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ കെ.സി.ബി സി യുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടാനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

  • റഷ്യയിൽ ഭൂചലനം; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സർക്കാർ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകളില്ല എന്നാണ് വിവരം. റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്‌സ്ക‌്-കംചത്സ്‌കിയിൽ നിന്ന് 280 മൈൽ അകലെയുമാണിത്.

  • പ്രശസ്ത ഗായിക പി സുശീല ആശുപത്രിയിൽ

പ്രശസ്ത ഗായിക പി സുശീല ആശുപത്രിയിൽ. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സുശീലയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

  • ദേവസ്വം ബോർഡ് നിയമനത്തിന് കോഴ

ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി സിപിഐഎം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നേതൃത്വം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

  • ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊല സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോ​ഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും.

  • സീറോമലബാര്‍സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

പാലാ: സീറോമലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാര്‍സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

  • കർഷകർക്കായി ‘കതിർ ആപ്പ്’

കർഷകർക്ക് ആവശ്യമായ വിവിധ സേവനങ്ങളും വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ ‘കതിർ (KATHIR)’ ആപ്പ് തയാർ. കാലാവസ്ഥാ വിവരങ്ങൾ, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതികൾ തുടങ്ങിയവ ഇവയിലൂടെ അറിയാൻ സാധിക്കും. മലയാള മാസം ചിങ്ങം ഒന്നിനാണ് (ഓഗസ്റ്റ് 17) ആപ്പ് പ്രവർത്തനം ആരംഭിച്ചത്.

  • സ്കൂളിൽ പോകാത്തതിന് വഴക്ക് പറഞ്ഞു; മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആത്മജ (15)യെ ആണ് വീടിനകത്ത് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളിൽ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടർന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

  • മങ്കി പോക്സ് 116 രാജ്യങ്ങളിൽ; കേരളത്തിലും ജാഗ്രത

മങ്കിപോക്സ് 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളവും ജാഗ്രതയിൽ. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇന്ത്യയിൽ ആദ്യമായി 2022ൽ കേരളത്തിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ആൾക്കായിരുന്നു രോഗം.

  • ഗൂഗിൾ മാപ്പ് ചതിച്ചു; കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

വയനാട്ടിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചെത്തിയ കാർ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയതായിരുന്നു ഇവർ. നടക്കാൻ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോൾ മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞു വീണത്.

  • സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്

മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കർണാടക സർക്കാർ. സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സിദ്ധരാമയ്യയ്ക്ക് വേണ്ടി കോൺഗ്രസിലെ ദില്ലിയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരാവും കേസ് വാദിക്കുക.

  • പെരുമ്പാവൂരിൽ ഇന്ന് വ്യാപാരികളുടെ ഹർത്താൽ

പെരുമ്പാവൂരിൽ തിങ്കളാഴ്‌ച വ്യാപാരികളുടെ ഹർത്താൽ. എഎം റോഡിലെ പെറ്റൽസ് കളക്ഷൻസിലെ മാനേജർ സജിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം അനാവശ്യവും അശാസ്ത്രീയവുമായ രീതിയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയും മാനസിക പീഡനവും ആണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി ഐക്യവേദി ഇന്ന് കടകൾ അടച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തത്. ഇന്ന് GST ഓഫിസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

  • പുതിയ കമ്പനിയുമായി അനിൽ അംബാനി

അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്‌ചർ പുതിയ മേഖലകളിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ സബ്സിഡിയറി കമ്പനി രൂപീകരിച്ചു. റിലയൻസ് ജയ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം റിയൽ എസ്റ്റേറ്റ് രംഗത്ത് നേട്ടങ്ങൾ കൊയ്യുകയെന്നതാണ്. മൂന്നാം മോദി സർക്കാർ ആവാസ് യോജന-അർബൻ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിൽ പുതിയ കമ്പനി പ്രഖ്യാപിച്ചത്.

  • പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു

സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട‌് പാലം അടച്ചു. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രേമം സിനിമയിലൂടെയാണ് പാലം പ്രശസ്തമായത്. പ്രദേശവാസികളുടെ അഭ്യർഥനപ്രകാരമാണ് പാലം ശനിയാഴ്ച അടച്ചത്.

  • പീഡന ശ്രമം; CPM നേതാവിനെതിരെ കേസ്

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ CPM നേതാവും ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഏങ്ങണ്ടിയൂർ അശോകന്റെ പേരിൽ ഈസ്റ്റ് പൊലീസ് കേസ് എടുത്തു. തൃശ്ശൂർ കേന്ദ്രമായി അശോകന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ‘ഗൾഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. അശോകൻ്റെ സ്ഥാപനത്തിന്റെ യോഗത്തിനെത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പേര്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...