2025 ആഗസ്റ്റ് 17 ഞായർ 1199 ചിങ്ങം 01
വാർത്തകൾ
🗞️👉 വ്യാജ രേഖകൾ ഉപയോഗിച്ച് സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തെന്ന പരാതി
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും. സിറ്റി പൊലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച വിവരങ്ങൾ കൈമാറാൻ നോട്ടീസ് നൽകി. സുരേഷ് ഗോപിക്കെതിരെ ടി എൻ പ്രതാപൻ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജരേ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ടി എൻ പ്രതാപന്റെ പരാതി. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
🗞️👉 ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി; കണ്ടത് കാറ്റാടി മരങ്ങൾക്കിടയിൽ, ദിവസങ്ങൾ പഴക്കം
എറണാകുളം ചെറായി ബിച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബിച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് പ്രദേശത്തുള്ളവർ ആനയുടെ മൃതദേഹം ആദ്യം കാണുന്നതത്. മൃതദേഹം ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നു.
🗞️👉 ശുഭാൻശു ശുക്ല ഇന്ന് ഇന്ത്യയിലെത്തും
ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭയിൽ ചർച്ച ചെയ്യും. തിങ്കളാഴ്ച ആയിരിക്കും ചർച്ച.ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു ഇത്.
🗞️👉 ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. രാജീവ് ചന്ദ്രശേഖരനെ കണ്ട് നന്ദി പറയാൻ എത്തിയതാണെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചു. ഞങ്ങളോടൊപ്പം ഉണ്ടെന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. കേസ് എൻ ഐ എയ്ക്ക് പോകുന്നതിൽ ആശങ്കയുണ്ട്.ഒപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചത്. തുടർ നടപടികൾക്കും അദ്ദേഹം ഒപ്പം ഉണ്ടാകുമെന്ന് അറിയിച്ചുവെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന് പ്രതികരിച്ചു. ഡൽഹിയിലെത്തിയാണ് കന്യാസ്ത്രീകൾ കൂടിക്കാഴ്ച്ച നടത്തിയത്.
🗞️👉 വോട്ട് കൊള്ള ആരോപണം; ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ തിരുത്താൻ കഴിയുമായിരുന്നു
വോട്ട് കൊള്ള ആരോപണത്തിൽ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ പട്ടിക തയാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ കൂടി ഉൾപ്പെട്ട സംവിധാനമാണ്. ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ, ബന്ധപ്പെട്ട തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്താൻ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉചിതമായ സമയവും അവസരവും നൽകുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടർ പട്ടിക പരിശോധിച്ചില്ല. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉചിതമായ സമയത്ത് ഉന്നയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
🗞️👉 കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു
കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ സംഘമാണ് കവർച്ച നടത്തിയത്. പരുക്കേറ്റ കളക്ഷൻ ഏജന്റ് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്. ഓരോ ദിവസത്തെയും കളക്ഷന്‍ വീട്ടില്‍ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അടുത്ത ദിവസം ബാങ്കിലെത്തി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രാമകൃഷ്ണന്റെ പതിവ്. ഇത് മുന്‍കൂട്ടി അറിഞ്ഞ സംഘമാണ് കവര്‍ച്ച നടത്തിയത്. കളക്ഷനുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം രാമകൃഷ്ണനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത ഒടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മര്‍ദിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













