പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  12

Date:

വാർത്തകൾ

  • സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുമെന്ന് മുന്നറിയിപ്പ്. അസീർ, അൽബഹ, ജിസാൻ, മക്ക തുടങ്ങിയ മേഖലകളിലാണ് മുന്നറിയിപ്പുള്ളത്. മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നൽ സാധ്യതയുണ്ട്. വാദികളിലെ മഴവെള്ളപ്പാച്ചിലിൽ ഇറങ്ങരുതെന്നും, 1000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

  • പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചരുവിളാകം അനു ഭവനിൽ ജയ്നി ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു. ഇതോടെ ആരോഗ്യസ്ഥിതി വഷളായപ്പോൾ ചികിത്സ തേടുകയായിരുന്നു.

  • വയനാട്ടിൽ ജനകീയ തിരച്ചിൽ ഇന്നലെ തുടങ്ങി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും തിരച്ചിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്.

  • വൻ ഓഫറുകളും വിലക്കുറവുകളുമായി സപ്ലൈകോ

വൻ ഓഫറുകളും വിലക്കുറവുകളുമായി സപ്ലൈകോ. അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് എന്ന പദ്ധതി ഓഗസ്റ്റ് 13ന് അവസാനിക്കും. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10 ശതമാനം കുറവ് നൽകുന്ന പദ്ധതിയാണ് ഇത്.

  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 100 കോടി കവിഞ്ഞു

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 1000 കോടി കടന്നു. വ്യവസായികൾ മുതൽ കൊച്ചുകുട്ടികൾ വരെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ദുരിതബാധിതർക്ക് വീടുൾപ്പടെ ഈ തുക കൊണ്ട് നിർമിക്കും.

  • അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുമെന്ന് കളക്ടർ

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ, അർജുന്റെ്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. ഇപ്പോൾ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാൽ തെരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് ജില്ലാ ഭരണ കൂടത്തിൻ്റെ നിഗമനം. കാർവാറിൽ നിന്നുള്ള നാവിക സേനാംഗങ്ങൾ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

  • എന്നേക്കാൾ അർഹതയുള്ളവർ ഉണ്ട്

കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. ‘താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ എന്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല., ക്ഷമിക്കണം. ആശംസിച്ച എല്ലാവർക്കും നന്ദി’, എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചിരിക്കുന്നത്.

  • ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്‌സൺ

അദാനി ഗ്രൂപ്പുമായി വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണ്, ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. സെബി ചെയർപേഴ്‌സണ് അദാനിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടെന്നാണ് ഹിൻഡൻബർഗ് ഇന്നലെ റിപ്പോർട്ട് പുറത്തുവിട്ടത്.

  • വിലങ്ങാട് ഡ്രോൺ സർവേ ഇന്നലെ തുടങ്ങി

വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിലെ നാശനഷ്ടം കണക്കാക്കാൻ നടത്തുന്ന ഡ്രോൺ സർവേ ഇന്നും തുടരും. ഉരുൾപൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സർവേ നടക്കുന്നത്. കർഷകർക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കർഷകരുടെ അപേക്ഷകൾ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു.

  • ഉരുൾപൊട്ടൽ സാധ്യത ക്വാറികളും ക്രഷറുകളും കൂടുതലുള്ള ഇടങ്ങളിൽ

കോഴിക്കോട് ക്വാറികളും ക്രഷറുകളും കൂടുതലായുള്ള സ്ഥലങ്ങളിലാണ് അപകട സാധ്യത നിലവിലുള്ളത്. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് റവന്യു വിഭാഗത്തിൻ്റെ കണക്ക്. NCESS കണ്ടെത്തിയ പ്രദേശങ്ങൾ പലതും 72 ഡിഗ്രി വരെ ചെങ്കുത്തായ പ്രദേശങ്ങളാണ്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ക്വാറി, ക്രഷർ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

  • ഒളിമ്പിക് പരമോന്നത ബഹുമതി നേടി അഭിനവ് ബിന്ദ്ര

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. ഒളിമ്പിക്സിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് IOC നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത്. 2008 ബീജിംഗ് ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വ്യക്തിഗത ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ബിന്ദ്ര.

  • മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്.

  • തൃശ്ശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

തൃശൂർ പേരാമംഗലം മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കൊല്ലം കൊളത്തുപുഴ പള്ളി കിഴക്കേതിൽ ഷെറീഫ (53)യാണ് മരിച്ചത്. ഭർത്താവ് ഷെറീഫ് (60) അത്യാസന്ന നിലയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന ബന്ധുവായ ഫൈസൽ (38) പരുക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലാണ്.

  • മുൻ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ വകുപ്പ് മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളുടെ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂർ മണ്ഡലം പ്രസിഡൻ്റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

  • വിവാഹവാഗ്ദാനം നൽകി ഡോക്ടറുടെ ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതി പിടിയിൽ

സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടു പവൻ സ്വർണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടറുമായി സൗഹൃദം സ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തിയാണ് സംഘം ലക്ഷങ്ങൾ തട്ടിയത്.

  • മഞ്ഞ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. ഓണച്ചന്തകൾ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും. ഒരു മണ്ഡലത്തിൽ ഒന്നു വീതം ചന്തകൾ ഉണ്ടാകും.

  • വയനാട് ഉരുൾപൊട്ടൽ ദുരന്തം കനത്ത മഴ കാരണമെന്ന് കണ്ടെത്തൽ

മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 mm മഴയാണ്, തെറ്റമലയിൽ 409 mm മഴയും പെയ്തു. സ്ഥലത്തിന്റെ ചരിവും മണ്ണിൻ്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് വൻ ദുരന്തം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

  • കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ താൻ തമാശ പറഞ്ഞതാണെന്നാണ് മനോജ് കുമാർ പിന്നീട് മൊഴി നൽകിയത്.

  • പാരിസ് ഒളിമ്പിക്സിന് ഇന്നലെ കൊടിയിങ്ങി

പാരിസ് ഒളിമ്പിക്‌സ് ഇന്നലെ അവസാനിച്ചു. ഷൂട്ടർ മനു ഭാക്കറും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷും സമാപന ചടങ്ങിൽ ത്രിവർണ്ണ പതാക ഉയർത്തും. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിംഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്‌തിയിലും ഹോക്കിയിലും സ്വന്തമായി. ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചിരുന്നു.

  • ഇതിഹാസം ഇനിയും പിറവിയെടുക്കും: ശ്രീജേഷ്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വിരമിച്ചപ്പോൾ വിരാട് കോഹ്ലി ഉടലെടുത്തത് പോലെ തനിക്ക് പകരം ആരെങ്കിലും വരുമെന്ന് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ ഗോൾക്കീപ്പർ പിആർ ശ്രീജേഷ്. ‘അങ്ങനെയൊരു വിടവ് എപ്പോഴും ഉണ്ടാകില്ല, എനിക്ക് പകരം ആരെങ്കിലും അവിടെയെത്തും, സച്ചിൻ ടെൻഡുൽക്കറിന് പകരം വിരാട് കോഹ്ലി ഉണ്ട്. ഇനി കോഹ്ലിക്ക് പകരം പുതിയ ആൾ വരും, അത് പോലെയാണ് എന്റെ കാര്യവും’ താരം പ്രതികരിച്ചു.

  • KPSTA-യുടെ ആഭിമുഖത്തിൽ സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA-യുടെ ആഭിമുഖ്യത്തിൽ ‘സ്വദേശ്  മെഗാക്വിസ്-2024’ സെൻ്റ്. മേരീസ് LP അരുവിത്തുറ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.  ഈരാറ്റുപേട്ട ഉപജില്ലാ പ്രസിഡണ്ട് ശ്രീ. പ്രിൻസ് അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻറ് ശ്രീ. രാജേഷ് R മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻ്റ്. മേരീസ് LP സ്കൂൾ  പ്രഥമാധ്യാപകൻ ശ്രീ. ബിജു  മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

  • പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു -സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ: ഉരുൾ പൊട്ടലിൽ ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ട് വിടും സ്ഥലവും ഇല്ലതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും , പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

  • ചേർപ്പുങ്കൽ ഫൊറോന കലോത്സവം – ധ്വനി 2K24

ചേർപ്പുങ്കൽ ഫൊറോന കലോത്സവം – ധ്വനി 2K24 കടപ്ലാമറ്റം യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ആൻസൻ പി ടോം, ഫൊറോന ഡയറക്ടർ ഫാ. തോമസ് പരിയാരത്ത്, കടപ്ലാമറ്റം യൂണിറ്റ്‌ ഡയറക്ടർ ഫാ. ഡെൻസൻ കുറ്റാരപ്പള്ളി, ഫൊറോന ജോയിന്റ് ഡയറക്ടർ സി.ഡോളി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. കലാമത്സരത്തിൽ കടപ്ലാമറ്റം യൂണിറ്റ്‌ ഓവറോൾ ചാമ്പ്യന്മാർ ആയി.കാഞ്ഞിരമറ്റം, ചേർപ്പുങ്കൽ യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന്‌ സ്ഥാനങ്ങൾ കരസ്ഥമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...