പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  10

Date:

വാർത്തകൾ

  • ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്

വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ”ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും കാരണമാകരുത്”

  • കേന്ദ്ര ബജറ്റ്: തുറന്ന ചർച്ചയും അവലോകനവും   

പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെയും ഇക്കണോമിക്സ് അലുംനി അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2024-’25 നെക്കുറിച്ച് തുറന്ന ചർച്ചയും അവലോകനവും ഇന്നലെ (ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച്ച) നടത്തി. ഉച്ചകഴിഞ്ഞു 1 .30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു.

  • ദുരന്ത ബാധിതർ തെരച്ചിലിന്റെ ഭാഗമാകില്ല

വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്നലെ നടത്തിയ ജനകീയ തെരച്ചിലിൽ വ്യക്തത വരുത്തി ഐജി. ദുരന്തബാധിതർ നേരിട്ട് തെരയുന്നതല്ല ജനകീയ തിരച്ചിൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലക്ഷ്യം രക്ഷാദൗത്യ രീതി ജനത്തെ ബോധ്യപ്പെടുത്തലെന്നും ഐജി സേതുരാമൻ. ഇരയാക്കപ്പെട്ടവരുടെ സംശയം ദുരീകരിക്കാനാണീ നടപടി, ദുരന്തബാധിതർ ചൂണ്ടിക്കാട്ടുന്ന പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുമെന്നും ഐജി പറഞ്ഞു.

  • PSC പുതിയ വിജ്ഞാപനങ്ങൾ

► കമ്പ്യൂട്ടർ പ്രോഗ്രാമർ – ഭാഗം-1 – (പൊതുവിഭാഗം)- കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കെരാഫെഡ്) (ക്യാറ്റ്. നം.242/2024)

► കമ്പ്യൂട്ടർ പ്രോഗ്രാമർ-രണ്ടാം ഭാഗം-(സൊസൈറ്റി വിഭാഗം)-കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കെരാഫെഡ്) (ക്യാറ്റ്. നമ്പർ. 243/2024)

► അനലിസ്റ്റ്-ഭാഗം I-(പൊതുവിഭാഗം)-കേരള കേരകർഷക സഹകരണ ഫെഡറേഷൻ ดู (KERAFED) (Cat.No.244/2024) അപേക്ഷിക്കേണ്ട അവസാന തീയതി 04-09-2024 .

  • മദ്യനയമാറ്റം മദ്യ മുതലാളിമാർക്ക് വേണ്ടി

-കേരള മദ്യവിരുദ്ധ ഏകോപന സമിതി

അങ്കമാലി : ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കം ഉൾപ്പെടെ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡെ ജില്ലതലദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

  • ശ്രീജേഷിനെ അഭിനന്ദിച്ച് സച്ചിൻ

PR ശ്രീജേഷിന് ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ‘അടിപൊളി ശ്രീജേഷ്… ഹോക്കിയോടുള്ള സമർപ്പണവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം മറക്കാനാവില്ല. 10 പേരുമായി 42 മിനിറ്റ് കളിച്ചു. ഗംഭീര പ്രകടനം. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിയ്ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ത്യാഗങ്ങൾക്ക് നന്ദി’ സച്ചിൻ കുറിച്ചു.

  • ഉരുൾപൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഗാഡ്‌ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനയിൽ വരും.

  • ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. പച്ചക്കറി വാങ്ങുന്നതിനായി കോട്ടയം മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയ്. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡന്റായിരുന്നു.

  • വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം

വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദ്‌ദമുണ്ടായതായി നാട്ടുകാർ. ആനപ്പാറ, താഴത്തുവയൽ, എടക്കൽ പ്രദേശങ്ങളിൽ നിന്നാണ് ശബ്ദം കേട്ടത്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണ്. വലിയ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതുവരെ കേൾക്കാത്ത ശബ്‌ദമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. സർക്കാർ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

  • ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്‌ദമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിൽക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. വിദഗ്ദ‌ർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

  • ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറും

അന്തരിച്ച മുതിർന്ന CPM നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിൻ്റെ മൃതശരീരം ഇന്നലെ മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറി.

  • ഡിഗ്രി പാസായവരാണോ?

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളിലായി 4455 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത: കേന്ദ്ര ഗവ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യമാണ് യോഗ്യത. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.in ൽ ലഭിക്കും. അവസാനതീയതി: ഓഗസ്റ്റ് 21.

  • ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

സംസ്ഥാനത്തെ IPS തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ ADGP യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ബെവ്ക്കോ MDയായ IG ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറായിരുന്ന ADGP എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റി. IG എഅക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.

  • എ .കെ .സി .സി . കടനാട് സോണലിൻ്റെ  കാർഷിക സെമിനാർ11-ാം തീയതി ഞായറാഴ്ച

കാവുംകണ്ടം: എ. കെ .സി . സി .  കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ വച്ച് കാർഷിക സെമിനാർ നടത്തുന്നതാണ്. കടനാട് മേഖലാ പ്രസിഡൻ്റ് ബിനു വള്ളോം പുരയിടം സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. എ. കെ .സി . സി . പാലാ രൂപത ഡയറക്ടർ റവ.ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യും. ഫാ.സ്കറിയ വേകത്താനം ആമൂഖ പ്രഭാഷണവും .രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി മുഖ്യപ്രഭാഷണവും നടത്തുന്നതാണ് .കർഷക വേദി ചെയർമാനും എ. കെ. സി .സി .രൂപത സെക്രട്ടറിയുമായ ടോമി കണ്ണീറ്റുമ്യാലിൽ കാർഷിക സെമിനാർ നയിക്കും. എ.കെ.സി.സി.പാലാ രൂപത സംഘടിപ്പിക്കുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിനു മുന്നോടിയായി സൗജന്യ പച്ചക്കറി വിത്ത് കടനാട് പള്ളി വികാരി റവ. റവ ഫാ. അഗസ്റ്റിൻ അരിഞ്ഞാണി പുത്തൻപുര സമ്മേളനത്തിൽ വിതരണോദ്ഘാടനം ചെയ്യും.

  • മോദിയുടെ വയനാട് സന്ദർശനം; സുരക്ഷാ ശക്തമാക്കി

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ദുരന്ത മേഖലയിൽ SPG സുരക്ഷാ ശക്തമാക്കി. ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് കൊണ്ടാണ് ദുരന്ത മേഖലയിൽ നിരീക്ഷണം നടത്തുന്നത്. എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് ദുരന്ത മേഖലയിൽ രണ്ട് തവണ താഴ്ന്ന് പറന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കൽപ്പറ്റയിലെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങുക.

  • ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു.

  • മോദി ഉക്രൈനിലേക്ക്

പ്രധാനമന്ത്രി ഈ മാസം 23ന് ഉക്രൈൻ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. റഷ്യയും ഉക്രൈനുമായി 2 വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി ഉക്രൈനിൽ എത്തുന്നത്. ജി7 ഉച്ചകോടിയിൽ ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

  • ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 07.00 മണി വരെ 0.6 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

  • തൃശ്ശൂരിലെ പ്രശസ്‌തമായ പുലിക്കളി ഈ വർഷം ഇല്ല

ഓണത്തിന് നടത്താറുള്ള തൃശ്ശൂരിലെ പ്രശസ്തമായ പുലിക്കളി ഈ വർഷം ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുലിക്കളിയും കുരുമുളകുപൊടിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന്. തൃശൂർ കോർപ്പറേഷൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

  • ശ്രീജേഷ് ഒളിമ്പിക്സ് പതാക വഹിക്കും

ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാക വഹിക്കും. ജാവലിൻ ത്രോയിൽ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പിടി ഉഷ വ്യക്തമാക്കി. ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ൽ ഷൈനി വിൽസനും 2004ൽ അഞ്ജു ബോബി ജോർജും ഇന്ത്യൻ പതാക വഹിച്ചിട്ടുണ്ട്.

  • ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു; ലോക്‌സഭയിൽ ഷാഫി

വയനാട്ടിലെ പോലെ വിലങ്ങാട് ഉണ്ടായതും വലിയ ഉരുൾപൊട്ടലാണെന്ന് ഷാഫി പറമ്പിൽ എംപി ലോക്‌സഭയിൽ പറഞ്ഞു. 150 ഓളം വീടുകൾ തകർന്നിട്ടുണ്ട്. ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു. കർഷകരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വിലങ്ങാടിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കണം. വിലങ്ങാടിന് അത് ആവശ്യമുണ്ടെന്നും ഷാഫി ലോക്സസഭയിൽ പറഞ്ഞു.

  • തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കം?

നാലു ജില്ലകളിലുണ്ടായ പ്രകമ്പനത്തിന് ശേഷം തൃശൂർ ജില്ലയിലെ ചാവക്കാടും ഭൂമിക്കടിയിൽ മുഴക്കമുണ്ടതായി നാട്ടുകാർ. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് മുഴക്കം ഉണ്ടായതായി പറയുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.15 നാണ് സംഭവം. പ്രകമ്പനത്തിൽ ക്വാർട്ടേഴ്സിന്റെ ചുവരിന് നേരിയ പൊട്ടൽ ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം.

  • കായലിൽ വീണ വിദ്യാർഥിനി മരണപ്പെട്ടു

എറണാകുളത്ത് കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വലയിൽ കുടുങ്ങിയ നിലയിൽ മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി കായലിൽ? വീഴുകയായിരുന്നു. മലപ്പുറം പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫിദയാണ് (16) മരണപ്പെട്ടത്. നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ.

  • ശ്രീജേഷിനെ ഐഎഎസ് നൽകണം

തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് പി ആർ ശ്രീജേഷ്.

  • വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ

ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്ക് എയർഇന്ത്യ ആഴ്ചയിൽ നാലു സർവീസുകളാണ് നടത്തുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...