2025 ആഗസ്റ്റ് 04 തിങ്കൾ 1199 കർക്കടകം 19
വാർത്തകൾ
🗞️👉 പന്നിയങ്കര ക്ഷേത്രത്തിനുണ്ട് മൂന്നു പെരുമാക്കന്മാരുടെ പെരുമ
കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി. പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ കൃത്യമായി ഡോ. എം.ജി.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാസ്കരരവിവർമ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞു പോയതിനാൽ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല.
🗞️👉 കേരള സിനിമ പോളിസി കോണ്‍ക്ലേവിന് തിരശ്ശീലവീണു; സമഗ്ര സിനിമാ നയം മൂന്നുമാസത്തിനകമെന്ന് മന്ത്രി
സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവിന് തിരശീലവീണു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും മലയാള സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സമഗ്ര സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
🗞️👉 ബോബിയുടെ മരണം; പൊലീസിനെതിരെ വിമർശനവുമായി പഞ്ചായത്ത് പ്രസിഡൻ്റ് കെ സജിത്ത്
തൊട്ടിൽപ്പാലം പശുക്കടവിലെ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്. മരണം സംഭവിച്ചതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മേയാൻ വിട്ട പശുവിനെ തേടിയാണ് ബോബി കോങ്ങോട് മലയിലേക്ക് പോയത്. രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒരു മണിയോടെ ബോബിയുടെയും വളർത്തു പശുവിന്റെയും മൃതദേഹങ്ങൾ കൊക്കോത്തോട്ടത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കൊക്കോമരത്തിൽ ഫെൻസിങ് ഘടിപ്പിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും മരണം ഷോക്കേറ്റാണ് എന്ന് സ്ഥിരീകരിച്ചു.
🗞️👉 കൊല്ലത്ത് കാർ തടഞ്ഞുനിർത്തി തീയിട്ടു ; കേസെടുത്ത് പൊലീസ്
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി. പൂതക്കുളം സ്വദേശിയായ ശംഭുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🗞️👉 മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്
പാലക്കാട്, മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. സംഭവത്തിൽ ഒത്തുതീർപ്പിന് പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും കുടുംബം ഒത്തുതീർപ്പിന് തയാറല്ലെന്ന് അറിയിച്ചു.
🗞️👉 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം മറ്റൊരു അനാസ്ഥകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്.
🗞️👉 തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം ; പി.കെ.ഫിറോസ്
ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.














