2025 ആഗസ്റ്റ് 03 ഞായർ 1199 കർക്കടകം 18
വാർത്തകൾ
🗞️👉 പ്രൊഫ. എം.കെ സാനു അന്തരിച്ചു
പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനു അന്തരിച്ചു. 98 വയസ്സായിരകുന്നു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു. നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
🗞️👉 അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി
അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ, എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനധന സഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.
🗞️👉 പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.
🗞️👉 ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ .
കാഞ്ഞിരമറ്റം: ദളിത് വിമോചനത്തെ ഭയക്കുന്നവർ ന്യൂനപക്ഷ വിഭാഗങ്ങളെ ദുർബലമാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണ് ഛത്തീസ്ഗഡ്സംഭവമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ . അജ്ഞതയുടെയും അടിമത്വത്തിൻ്റെയും അവസ്ഥയിൽ നിന്ന് ദളിത്, ആദിവാസി ജന വിഭാഗങ്ങൾക്ക് അക്ഷരജ്ഞാനവും അക്ക ബോധവും പകർന്ന് വിവിധ തൊഴിലവസരങ്ങളിലേക്ക് കൈപിടിച്ചു നയിക്കുന്ന ക്രൈസ്തവ സിസ്റ്റേഴ്സിൻ്റെ നേർക്ക് ഉണ്ടാകുന്ന അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായല്ല മറിച്ച് ആസൂത്രിത നീക്കമായി കാണേണ്ടതുണ്ടെന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.
🗞️👉 സിനിമ കോൺക്ലേവിൽ താരങ്ങൾ തമ്മിൽ തർക്കം
സിനിമ കോൺക്ലേവിൽ താരങ്ങൾ തമ്മിൽ തർക്കം. ഡബ്ല്യുസിസിക്ക് പ്രാധാന്യം നൽകി എന്നാരോപിച്ചാണ് താരങ്ങൾ തമ്മിൽ തർക്കം ഉണ്ടായത്. നടൻ രഞ്ജി പണിക്കർ ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചതിന് നടി രേവതി പ്രതികരിച്ചതോടെയാണ് തർക്കമുണ്ടായത്. പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഡബ്ല്യുസിസിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ഇതാണ് അമ്മ അംഗങ്ങളെ ചൊടിപ്പിച്ചത്.
🗞️👉 തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശി മരിച്ച സംഭവം; രണ്ട് പേർക്ക് സസ്പെൻഷൻ
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമിൽ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ.
🗞️👉 കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു കണ്ടെത്തി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി.ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകുന്നേരമാണ് സ്‌ഫോടക വസ്തു കണ്ടെത്തി. ഒരു കവറിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. വിദ്യാർഥികളാണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്. തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെ അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ ശേഷം സ്ഫോടക വസ്തു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂരിൽ നിന്ന് വിദഗ്ദ സംഘമെത്തി പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
🗞️👉 കാസർഗോഡ് കുമ്പളയിലെ മണൽവേട്ട
കാസർഗോഡ് കുമ്പളയിലെ മണൽവേട്ടയെ തുടർന്ന് രാത്രിയിലും കർശന പരിശോധന. തോണികൾ പിടിച്ചെടുത്തു നശിപ്പിക്കുന്നു. മണൽ കടത്തിയ വഞ്ചികളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത്. മൊഗ്രാൽ അഴിമുഖത്താണ് പരിശോധന നടത്തുന്നത്. മണൽക്കടത്ത് മാഫിയയ്ക്ക് വിവരങ്ങൾ കൈമാറിയ കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുമ്പള പൊലീസ് സ്റ്റേഷനിലെ 40 കിലോമീറ്റർ തീരദേശ മേഖലയിൽ പരിശോധന കർശനമാക്കിയത്.














