2024 ഏപ്രിൽ 22 ചൊവ്വ 1199 മേടം 09
വാർത്തകൾ
🗞️ 👉 ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.
🗞️ 👉 മാര്‍പാപ്പയുടെ വിടവാങ്ങല്‍ ചടങ്ങുകള്‍
സ്‌നേഹത്തിന്റേയും ചേര്‍ത്തുപിടിക്കലിന്റെ പ്രതിരൂപം. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാ ഇടയന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്. പരമ്പരാഗതമായി മാര്‍പാപ്പമാരുടെ വിയോഗം ലോകത്തെ അറിയിക്കുന്നത് കാമര്‍ലെംഗോ ( മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍) ആണ്. ഐറിഷ് വംശജനായ കെവിന്‍ ഫാരെല്‍ ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം ഇത്തരത്തില്‍ സ്ഥിരീകരിച്ചത്. വൈദ്യസംഘം ഉള്‍പ്പടെ മരണം സ്ഥിരീകരിച്ചതോടെ ഇനി ചടങ്ങുകളിലേക്ക് കടക്കും. പോപ്പ് ഫ്രാന്‍സിസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ട ഉടനെ വത്തിക്കാന്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലമായ Novendiale പ്രഖ്യാപിക്കും. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെളുത്ത കാസക്ക് (cassock ) ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരംകൊണ്ട് നിര്‍മിച്ച പേടകത്തില്‍ കിടത്തും. സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചാണ് മുന്‍പ് ഈ മഞ്ചങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ 2024ല്‍ പോപ് ഫ്രാന്‍സിസ് സംസ്‌കാര നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.
🗞️ 👉 വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി
മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിൻ്റെ സ്ഥലം മാറ്റവും വാദം നീട്ടിവയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് ആധാരവും പറവൂർ സബ്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണൽ പരിശോധിച്ചത്
🗞️ 👉 ആശാ സമരം നാലാം ഘട്ടത്തിലേക്ക്
ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കും. മെയ് 5 മുതൽ കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളിൽ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും.
🗞️ 👉 മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25ന്
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. 4- 6 പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ വ്യതിയാനങ്ങൾ മനസിലാക്കുന്നതിനും അവസരമുണ്ട്.വിദഗ്ധ ഡോക്ടർമാരും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളും നേതൃത്വം നൽകുന്നതാണ്. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 8281699263
🗞️ 👉 മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി
മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലേയെന്ന് സുപ്രിംകോടതി. ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ്. നടപടിക്രമങ്ങൾ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
🗞️ 👉 അഭീഷ്ട വരദായിനി പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിലെ തിരു ഉത്സവം
പാലാ:പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവം ഏപ്രിൽ 22 ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് ക്ഷേത്രാചാര അനുഷ്ടാനങ്ങളോടെ ബ്രഹ്‌മശ്രീ വടക്കും പുറം ശശിധരൻ തന്ത്രികളുടെയും ശ്രീ മുകേഷ് ശാന്തിക്കളുടെയും മുഖ്യകർമികത്വത്തിൽ ആരംഭിച്ച് ഏപ്രിൽ 23 ബുധഴ്ച്ച വൈകിട്ട് നടക്കുന്ന ദീപാരാധന, പൂമൂടൽ, ഗുരുതി, വലിയ കാണിക്ക ചടങ്ങുകളോടെ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
🗞️ 👉 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
പ്രവിത്താനം :പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം ഇടവകയുടെ 400 വർഷത്തെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്സൈറ്റിൽ കഴിഞ്ഞകാലങ്ങളിൽ ഇടവകയെ നയിച്ച വികാരിമാർ, ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ മാർ മാത്യു കാവുകാട്ട്, മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ, മഹാകവി പി.എം. ദേവസ്യ എന്നിവരെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള വെബ്സൈറ്റിൽ പ്രവിത്താനം ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 400 വർഷക്കാലമായി പ്രവിത്താനത്തിന്റെ ആത്മീയ തേജസ്സായി വിരാജിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വളർച്ചയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ ‘വിശ്വാസത്തിൽ മുന്നോട്ട്’ എന്ന ആപ്തവാക്യത്തെ അധിഷ്ഠിതമാക്കിയാണ് www.pravithanamchurch.com എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ രൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് കണിയോടിക്കൽ,വികാരി വെരി. റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ, സഹ വികാരിമാരായ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ.ആന്റണി കൊല്ലിയിൽ, കൈക്കാരന്മാരായ മാത്യൂസ് എബ്രഹാം പുതിയിടം,ജിമ്മിച്ചൻ സി. എ. ചന്ദ്രൻകുന്നേൽ, ജോണി ജോസഫ് പൈക്കാട്ട്,ജോഫ് തോമസ് വെള്ളിയേപ്പള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
🗞️ 👉 സീനിയര്‍ സിറ്റിസണ്‍സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം 24-ന്
ഏറ്റുമാനൂര്‍: സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഏപ്രില്‍ 24-ന് രവിലെ 9.15-ന് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ഡോ.വി.വി.സോമന്‍അധ്യക്ഷത വഹിക്കും.ഇരുനൂറോളം പേര്‍ക്കിരിക്കാവുന്ന ഹാളും 50 -പേരെ ഉള്‍ക്കൊള്ളാവുന്ന ബാല്‍ക്കണിയും ഓഫീസും ചേര്‍ന്നതാണ് മന്ദിരം . മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് , ട്രെയിനിങ് സെന്റര്‍ , നിര്‍മാണ യൂണിറ്റ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നതന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.പ്രധാന ഹാള്‍നാമകരണം ജോസ്.കെ.മാണിഎംപിയും,ഓഫീസ് ഉദ്ഘാടനം കെ.ഫ്രാന്‍സീസ്‌ജോര്‍ജ്എംപി.യും നിര്‍വഹിക്കും.പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ഡോ.വി.വി.സോമന്‍,സെക്രട്ടറി എം.അബ്ദുള്‍ റഹീം,ഡോ.ജോസ്ചന്ദര്‍, എന്‍.അരവിന്ദാക്ഷന്‍നായര്‍,പി.എന്‍.രാധാകൃഷ്ണ്‍ എന്നിവര്‍ പങ്കെടുത്തു.
🗞️ 👉 അത്യപൂർവ ട്രിപ്പിൾ കൺജങ്ഷൻ ഈ മാസം 25 ന്
ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂർവ പ്രതിഭാസം കാണാൻ ഉടൻ അവസരം. ശുക്രൻ ,ശനി ,ചന്ദ്രൻ എന്നിവയുടെ ഒരുമിച്ചുള്ള ഈ സംഗമത്തെ ട്രിപ്പിൾ കൺജങ്ഷൻ എന്നാണ് അറിയപ്പെടുന്നത്.ഈ മാസം 25 ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇവ ദൃശ്യമാവുക. ഇവർ മൂവരും ചേർന്ന് സ്മൈലി രൂപത്തിൽ ആണ് പ്രത്യക്ഷപ്പെടുക. മുഖത്തെ രണ്ട് കണ്ണുകളായി ശുക്രനും ശനിയും എത്തുമ്പോൾ പുഞ്ചിരി സമ്പൂർണ്ണമാക്കാൻ ചന്ദ്രക്കലയും കൂടി ചേരും,ഇങ്ങനെ ഇവർ മൂവരും ചേർന്ന് ആകാശത്ത് പുഞ്ചിരി തീർക്കും.