2024 ഏപ്രിൽ 10 വ്യാഴം 1199 മീനം 27
വാർത്തകൾ
🗞️ 👉 അരുവിത്തുറ വല്യച്ഛൻ മല തീർത്ഥാടനം പിതൃവേദി രൂപതാ സമിതി
പാലാ 40 ആം വെള്ളി ആചരണത്തിന്റെ ഭാഗമായി പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം നടത്തുന്നു. രൂപതയിലെ 120 ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അരുവിത്തുറ പള്ളി അങ്കണത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നു. 9:15ന് അടിവാരത്ത് എത്തിച്ചേരും. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേരുമ്പോൾ ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. പ്രസിഡന്റ് ജോസ് മുത്തനാട്ട്, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് തൊടുകയിൽ, ജോസുകുട്ടി അറയ്ക്ക പറമ്പിൽ ആൻഡ്രൂസ് തെക്കേക്കണ്ടം ജോസഫ് വടക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
🗞️ 👉 വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
വെള്ളികുളം: മധ്യകേരളത്തിലുള്ള കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും പഴക്കം ചെന്ന തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല . നോമ്പുകാലത്ത് ഓരോ വെള്ളിയാഴ്ചയും വിവിധ ഇടവകകളുടെ നേതൃത്വത്തിലാണ് വാഗൺ കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നത്. ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ആഘോഷമായ സ്ലീവാപാതയിലും വിശുദ്ധ കുർബാനയിലും നൂറുകണക്കിനാ ളുകളാണ് പങ്കെടുക്കുന്നത്.നാല്പതാംവെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ വാഗമൺ കുരിശുമലയിലേക്ക് തീർത്ഥാടനം നടത്തപ്പെടും.രാവിലെ 9 മണിക്ക്
കല്ലിലാ കവലയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ സ്ലീവാ പാതയ്ക്ക് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം,അടിവാരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ,ഫാ. ജേക്കബ് താന്നിക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകും. 10 മണിക്ക് മലമുകളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് നേർച്ചകഞ്ഞി വിതരണം . ഫാ.ആൻറണി വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്, ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ, ജോബി നെല്ലിയേകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
🗞️ 👉 കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം
പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓരോ ജില്ലയിലും എസ് ഐ മാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധികം തസ്തികകൾ സർക്കാർ സൃഷ്ടിക്കുമെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. 2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു.
🗞️ 👉 കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി: രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് ബിജെപി അധ്യക്ഷൻ്റെ കുറിപ്പ്.
🗞️ 👉 അമേരിക്കയിലെ ബധിര കത്തോലിക്കരുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
അമേരിക്കയിലുടനീളമുള്ള കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡില്‍ ഒരുമിച്ച് കൂടിയത് ഇരുനൂറിലധികം പേര്‍. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യാനാപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബധിര കത്തോലിക്കാ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്. ഏപ്രിൽ 4-6 തീയതികളിൽ മേരിലാൻഡിലെ എമിറ്റ്‌സ്‌ബർഗിലുള്ള സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന പരിപാടി ബധിര സമൂഹത്തിനു വലിയ വിശ്വാസ അനുഭവമായി.
🗞️ 👉 ജനങ്ങൾ നൽകിയ പിന്തുണ സർക്കാരിനെ നേട്ടങ്ങളിലേക്ക് എത്തിച്ചു; മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും സർക്കാരും കൈകോർത്ത് നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികാഘോഷങ്ങൾ 21 ന് കാസർഗോഡ് ആരംഭിക്കും. മെയ് 30 വരെ ആഘോഷിക്കും. തിരുവനന്തപുരത്ത് സമാപിക്കും.
🗞️ 👉 സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേ; മുഖ്യമന്ത്രി
ആശാവർക്കേഴ്സിന്റെ സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ല. ഇതിൽ വാശിയൊന്നും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ 6000 രൂപയാണ് ഓണറേറിയത്തിൽ വർധിപ്പിച്ചത്. 13000 രൂപയിൽ 10000 രൂപയും സംസ്ഥാനമാണ് നൽകുന്നത്. ഇത്രയും നൽകുന്ന സർക്കാരിന് എതിരെയാണോ, അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാർ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
🗞️ 👉 ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍
ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. ലഹരിക്കെതിരെ വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🗞️ 👉 ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം
ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം. നാല് ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തത്.ബെഗുസാരായിയിൽ അഞ്ച് മരണങ്ങളും. ദർഭംഗയിൽ നാല് മരണങ്ങളും. മധുബാനിയിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സമസ്തിപൂരിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ മഴയിൽ ഈ മേഖലകളിൽ കനത്ത നാശനഷ്ടം ഉണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.