2024 ഏപ്രിൽ 01 ചൊവ്വ 1199 മീനം 18
വാർത്തകൾ
- വോഡഫോൺ ഐഡിയയിൽ 36950 കോടിയുടെ ഓഹരികൾ കൂടി കേന്ദ്രസർക്കാരിന്
സ്പെക്ട്രം ലേല കുടിശികയ്ക്ക് പകരമായി 36950 കോടി രൂപയുടെ പുതിയ ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ വോഡഫോൺ ഐഡിയയിലെ ഓഹരി 48.99 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തും. ഇതിനോടകം കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരികളുള്ളത് കേന്ദ്രസർക്കാരിൻ്റെ കൈവശമായതിനാൽ ഇതും സർക്കാരിന് നേട്ടമാണ്.
- വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സിബിസിഐ
വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളുവെന്നും സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
- കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി
പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.
- SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് വൈകും
മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുക.
- പൃഥ്വിരാജിന്റെ കുടുംബത്തെ കടന്നാക്രമിച്ച് ബി ഗോപാലകൃഷ്ണന്‍
എമ്പുരാന്‍ സിനിമയുടെ പേരില്‍ പൃഥ്വിരാജിന്റെ കുടുംബത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം എന്നാണ് പരാമര്‍ശം. മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് സിനിമയെ കുറിച്ചല്ലെന്നും മേജര്‍ രവിയെ ഒറ്റപ്പെടുത്തിയിട്ടുള്ളതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
- ഞങ്ങളെ സഹായിക്കണം; യാചനയുമായി മ്യാൻമർ ആര്‍ച്ച് ബിഷപ്പ്
മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ സഹായം യാചിച്ച് മ്യാൻമർ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ. ഭക്ഷണം, പാർപ്പിടം, മരുന്ന്, മറ്റ് എല്ലാ സുപ്രധാന വസ്തുക്കളും ഉള്‍പ്പെടെ ജനത്തിന് എല്ലാം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. 7.7 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, മ്യാൻമറിൽ ഇതുവരെ 1700 ൽ അധികം പേർ മരിക്കുകയും മൂവായിരത്തില്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. മറ്റ് വസ്തുകളെക്കാള്‍ ഉപരി രാജ്യത്തിന് സമാധാനമാണ് ആവശ്യമെന്നും യാങ്കൂണിലെ ആർച്ച് ബിഷപ്പ് കൂടിയായ ചാൾസ് ബോ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
- കാസര്‍ഗോഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കാസര്‍ഗോഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായിരുന്നു അബ്ദുള്‍ ബാസിത്. ബാസിതിനെ പിടികൂടുന്നതിനായാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്. ആ സമയത്ത് കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇരുവരും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
- പുതിയ സിറിയൻ സർക്കാർ മന്ത്രി സഭയില്‍ ക്രൈസ്തവ വനിതയും
സിറിയയില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സർക്കാർ മന്ത്രിസഭയില്‍ ഒരേയൊരു ക്രൈസ്തവ വിശ്വാസി. സാമൂഹിക കാര്യ, തൊഴിൽ മന്ത്രിയായി നിയമിതയായ ഹിന്ദ് കബാവത്താണ് രാജ്യത്തെ പുതിയ ഭരണകൂടത്തിലെ ഏക ക്രൈസ്തവ വിശ്വാസി. ഇസ്ളാമിക നിലപാടുള്ള പുതിയ സർക്കാരിൽ നിയമിക്കപ്പെട്ട ഒരേയൊരു വനിതയും ഹിന്ദാണ്. ഗ്രീക്ക് കത്തോലിക്ക – ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളായ ഹിന്ദ് അബൗദ് അഭിഭാഷക, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരിന്നു.
- ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ
ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7 ബില്യൺ ഡോളറായിരുന്നു കടം. 2024 സെപ്റ്റംബർ അവസാനം 712.7 ബില്യൺ യുഎസ് ഡോളറായിരുന്നു വിദേശ കടം.
- കരുണയുടെ മിഷ്ണറിമാരുടെ ജൂബിലി സമ്മേളനത്തിന് സമാപനം
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കരുണയുടെ മിഷ്ണറിമാരായ വൈദികരുടെ ജൂബിലി സമ്മേളനത്തിന് സമാപനം. ഇന്നലെ റോമിലെ വിശുദ്ധ അന്ത്രെയാ ദെല്ല വാല്ലെ ബസിലിക്കയിൽവച്ചു നടന്ന വിശുദ്ധ ബലിയോടെയാണ് ജൂബിലി സമ്മേളനം സമാപിച്ചത്. വിശുദ്ധ ബലിക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിച്ചു.
- പെറുവില്‍ ജീവന്റെ പ്രഘോഷണവുമായി രണ്ടുലക്ഷത്തോളം വിശ്വാസികളുടെ റാലി
ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവില്‍ ഗര്‍ഭസ്ഥ ശിശുക്കളെയും അമൂല്യമായ ജീവനെയും പ്രഘോഷിച്ച് രണ്ടുലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തതോടെ പ്രോലൈഫ് റാലി. മാർച്ച് 29 ശനിയാഴ്ച അരെക്വിപയിൽ നടന്ന 18-ാമത് ലൈഫ് ആൻഡ് ഫാമിലി പരേഡില്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരേഹൃദയത്തോടെ ഒന്നിച്ചുകൂടുകയായിരിന്നു. 2006 മുതൽ അൺബോൺ ചൈൽഡ് ഡേ എന്ന പേരില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക ദിനാചരണം നടത്തിവരുന്നുണ്ട്. 2025 റാലിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു നടന്ന റാലിയില്‍ ബാനറുകൾ, മുദ്രാവാക്യ വിളികളുമായി കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ അണിചേര്‍ന്നു.