പാലാ വിഷൻ ന്യൂസ്
ഫെബ്രുവരി 28, 2023 ചൊവ്വ 1198 കുംഭം 16
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. എട്ട് കോടിയിലധികം കര്‍ഷകര്‍ക്കാണ് 16800 കോടി രൂപ വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 11, 12 ഗഡുകള്‍ കഴിഞ്ഞ വര്‍ഷം മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു.
🗞🏵 തുർക്കിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദക്ഷിണ തുര്‍ക്കിയിലാണ് തിങ്കളാഴ്ച രാവിലെ വീണ്ടും ഭൂചലനമുണ്ടായത്. ഭൂകന്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. വന്‍ നാശം വിതച്ച ഭൂകമ്പങ്ങള്‍ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്.
🗞🏵 ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ആണ് കന്പനി 200-ൽ അധികം പേരെ പിരിച്ചുവിട്ടത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. ഇ-മെയിലിലൂടെയാണ് ജീവനക്കാർ പിരിച്ചുവിട്ട വിവരമറിഞ്ഞത്. ഇലോണ്‍ മസ്ക് നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ 3,700 ഓളം ജീവനക്കാരെ ട്വിറ്റർ നവംബറിൽ പിരിച്ചുവിട്ടിരുന്നു.
🗞🏵 റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അദ്ദേഹത്തിന്റെ അനുയായികളാൽ തന്നെ കൊല്ലപ്പെടുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി. യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് സെലൻസ്കിയുടെ വിവാദ പരാമർശം. പുടിന്റെ ഭരണത്തിന്റെ ദുർബലത റഷ്യയ്ക്കുള്ളിൽ അനുഭവപ്പെടുന്ന ഒരു നിമിഷം തീർച്ചയായും ഉണ്ടാകും. അപ്പോൾ ഈ വേട്ടക്കാരനെ മറ്റു വേട്ടക്കാർ വിഴുങ്ങും
🗞🏵 മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ കോടതി അനുവദിച്ചത്. സിബിഐ ജഡ്ജി എൻ. കെ. നാഗ്പാലിന്റേതാണ് ഉത്തരവ്. മാർച്ച് നാലിന് ഉച്ചയ്ക്ക് രണ്ടിന് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണo
🗞🏵 നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗലാൻഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. അതേസമയം മേഘാലയയിൽ എൻപിപിക്കാണ് മൂൻതൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സർക്കാരുകൾ തുടരുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം.
🗞🏵 സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5135 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു.
🗞🏵 ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ. തൃശൂർ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റിയത്. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടിയുള്ള രാമൻ തിടമ്പേറ്റുന്നത് എല്ലാവർക്കും കൗതുക കാഴ്ച്ചയായിരുന്നു.
🗞🏵 കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ ചേര്‍ത്തല കോടം തുരുത്തിലെ എമറാള്‍ഡ് പ്രിസ്റ്റീനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകൾ അടക്കം മുഴുവന് കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണം എന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
🗞🏵 ജോഷിമഠിൽ വീണ്ടും ആശങ്ക. ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകി വരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ജോഷിമഠിലെ നർസിംഗ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്. ഈ വർഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു
🗞🏵 ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിക്കാൻ അബ്ദുൾനാസർ മഅദ്‌നി. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുൾനാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്
🗞🏵 സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റ്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിനി ഡോ. പ്രീതി ആണ് മരിച്ചത്. കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ആരോപണം.
🗞🏵 വിദേശ ആക്രമണകാരികൾ മാറ്റിയ ചരിത്രപരവും സാംസ്കാരികവും മതപരവുമായ സ്ഥലങ്ങളുടെ യഥാർത്ഥ പേരുകൾ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് ‘പേരുമാറ്റൽ കമ്മീഷൻ’ രൂപീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു.
🗞🏵 നടിയും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബു ഇനി ദേശീയ വനിതാ കമ്മീഷന്‍ അംഗം. താരത്തെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നന് ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
🗞🏵 റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് ഇനി വില കൂടും. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഒരു പഴംപൊരിക്ക് 20 രൂപയാണ്. നേരത്തെ പഴംപൊരിക്ക് 13 രൂപയായിരുന്നു വില. ഇതാണ് 20 ആക്കി ഉയർത്തിയിരിക്കുന്നത്. കൂടാതെ, ഊണിന് 95 രൂപ ഇനി നൽകണം. നേരത്തെ ഊണിന് 55 ആയിരുന്നു. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻ ബിരിയാണിക്ക് 100 രൂപയുമായി.
🗞🏵 രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി പുതുച്ചേരിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന മൂന്നംഗ സംഘം പോത്തൻകോട് പൊലീസിന്റെ പിടിയിൽ. സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ഓടിച്ചിട്ട് ആണ് പിടികൂടിയത്. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എഎസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പിടികൂടിയത്.
🗞🏵 കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കല്യാണം വിളിക്കാത്തതിൽ തുടങ്ങിയ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു
🗞🏵 പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച കറാച്ചിയിലെ ഗുലിസ്ഥാന്‍-ഇ-ജൗഹര്‍ ഏരിയയിലാണ് സംഭവം
🗞🏵 ആർജെഡി മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്കും ഐആർസിടിസി അഴിമതിക്കേസിൽ സമൻസ്. ഡൽഹി സിബിഐ കോടതിയാണ് സമൻസ് അയച്ചത്. മാർച്ച് പതിനഞ്ചിന് കോടതിയിൽ ഹാജരാകണം.
🗞🏵 വിദ്യാർഥികൾക്കുള്ള കണ്സഷൻ കെഎസ്ആർടിസി വെട്ടിച്ചുരുക്കുന്നു. സർക്കാർ, അർധ സർക്കാർ കോളജുകൾ, സർക്കാർ, അർധ സർക്കാർ പ്രഫഷണൽ കോളജുകൾ, ഐടിസികൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ആദായ നികുതി നൽകുന്നവരുടെ മക്കൾക്ക് കണ്സഷൻ അനുവദിക്കില്ല. ബാക്കി കുട്ടികൾക്ക് കണ്സഷൻ അനുവദിക്കും. സ്വാശ്രയ കോളജുകളിലേയും സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളിലേയും ബിപിഎൽ പരിധിയിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കണ്സഷൻ അനുവദിക്കും.
🗞🏵 മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി യോഗം 5,681 കോടി രൂപയുടെ പദ്ധതികൾക്ക് ധനാനുമതി നൽകി. 64 പദ്ധതികൾക്കായാണ് ഇൗ തുക. ഇതോടെ കിഫ്ബിക്കു കീഴിൽ 80,352 കോടിയുടെ (1057 എണ്ണം) പദ്ധതികളായി. 23,095 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ ചെലവിട്ടത്. 12,089 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
🗞🏵 മേഘാലയയിൽ അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗിൽനിന്നു സിമന്റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിർ ദിശയിൽ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിൻ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിർക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാൻ എന്നിവരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്.
🗞🏵 ടിക്ക്ടോക്ക്, ഗൂഗിൾ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകളെ മറികടന്ന് ആപ്പ് സ്റ്റോറിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറ്റവുമായി കത്തോലിക്ക ആപ്ലിക്കേഷൻ ഹാല്ലോ. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ചയാണ് റെക്കോർഡ് നേട്ടമുണ്ടായത്. അവിശ്വസനീയമായ ഒരു കാര്യമാണ് ദൈവം ചെയ്യുന്നതെന്ന് ആപ്ലിക്കേഷന് തുടക്കം കുറിച്ച അലക്സ് ജോൺസ് ഡെയിലി വെയർ എന്ന മാധ്യമത്തോട് പറഞ്ഞു. നോട്രഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ അലക്സ് ജോൺസ്, അലസാൻട്രോ ഡിസാന്തോ, എറിച്ച് കെറിക്സ് എന്നിവരാണ് 2018ൽ ഹാല്ലോ ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നത്.
🗞🏵 അമേരിക്കയിലെ കെന്റക്കിയില്‍ പ്രോലൈഫ് സംഘടന സ്ഥാപിച്ച ‘ബേബി ബോക്സ്’ല്‍ ഉപേക്ഷിക്കപ്പെട്ട കുരുന്നിനു പുതുജീവിതം. കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ കഴിയാത്ത സാഹചര്യമോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഉള്ള അമ്മമാര്‍ക്ക് നിയമപരമായും, രഹസ്യമായും കുട്ടികളെ നിക്ഷേപിക്കുവാനായി പ്രോലൈഫ് സംഘടനയായ ‘സേഫ് ഹാവെന്‍ ബേബി ബോക്സ് ഓര്‍ഗനൈസേഷന്‍’ സ്ഥാപിച്ചിട്ടുള്ള ‘ബേബി ബോക്സ്’ല്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബൗളിംഗ് ഗ്രീന്‍ നഗരത്തിലെ ഫയര്‍ സ്റ്റേഷന് മുന്നില്‍ സംഘടന സ്ഥാപിച്ചിരുന്ന ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സില്‍ നിക്ഷേപിക്കപ്പെട്ട ആദ്യ ശിശുവാണിത്. പ്രോലൈഫ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി ശിശുവിനെ പുറത്തെടുക്കുകയായിരുന്നു.
🗞🏵 അമേരിക്കയിലെ കെന്റക്കി ആസ്ബറി സര്‍വ്വകലാശാലയില്‍ ഒരു ദിവസത്തേക്കെന്ന രീതിയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ യാതൊരു പരസ്യ പ്രചരണവും കൂടാതെ തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം നീണ്ടതിന്റെ അതേ ആവേശത്തോടെയും ചൈതന്യത്തോടെയും നോമ്പുകാലത്തെ സമീപിക്കണമെന്ന് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ‘ഫോക്സ് ന്യൂസ്’ന് അഭിമുഖത്തിലാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം.
🗞🏵 റഷ്യ യുക്രൈനു മേല്‍ നടത്തുന്ന യുദ്ധത്തിന് ഒരു വര്‍ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നുള്ള വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതുപോലുള്ള സമയങ്ങളിലാണ് ധീരന്മാരും വിശുദ്ധരും ജനിക്കുന്നതെന്നും, യുക്രൈന്‍ ജനതയുടെ വിശ്വാസത്തിന് മലയെപ്പോലും ഇളക്കുവാന്‍ കഴിയുമെന്നും യുക്രൈനിലെ ഖാര്‍കീവ് സ്വദേശിയും ‘സ്കൈനിയ’ എന്ന കത്തോലിക്കാ മാഗസിന്റെ ഡയറക്ടറുമായ ഫാ. ജൂരിജ് ബ്ലാസേജെവ്സ്കി പറഞ്ഞു. യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഒരു വര്‍ഷം തികഞ്ഞത്. ക്രിസ്തു യുക്രൈന്‍ നഗരങ്ങളിലൂടെ കുരിശും വഹിച്ചു കൊണ്ട് നടക്കുക മാത്രമല്ല ചെയ്യുന്നത്. ബുച്ച, മരിയുപോള്‍, ഇസിയും എന്നിവിടങ്ങളില്‍ പ്രായമായ സ്ത്രീകളും, കുട്ടികളും, സൈനികര്‍ക്കുമൊപ്പം അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നു ഫാ. ബ്ലാസേജെവ്സ്കി സ്മരിച്ചു.
◾പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് സജ്ജമായി. മെയ് മൂന്നു വരെ സംയുക്ത ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരം രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന് അവസരം.
◾വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ സൗജന്യത്തില്‍ നിയന്ത്രണവുമായി കെഎസ്ആര്‍ടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുക. 25 വയസില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കില്ല.
◾സംസ്ഥാനത്ത് ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. വ്യാപാരികള്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേയാണു സമരം.
◾സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം നാളെ മുതല്‍ ഗ്രാമീണ മേഖലയിലേക്കു വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കു നിയമിക്കും. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ ഇങ്ങനെ വിന്യസിക്കുന്നത്.
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞു. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്തത്.
◾കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പതിനായിരം കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി.
◾ക്വട്ടേഷന്‍ സംഘത്തലവന്‍ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ്. ആറു മാസത്തേക്കു കരുതല്‍ തടങ്കലില്‍ വയ്ക്കും.
◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും സിബിഐയെയും വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.
◾പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലു മുളച്ചിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റിനു മുന്നിലേക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരന്‍ ചോദിച്ചു.
◾പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയുടെ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിതയുടെ രക്ത സാമ്പിളും മുടിയും പരിശോധനക്കായി ഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് ക്രൈംബ്രാഞ്ച് അയച്ചു. ഡ്രൈവറും സഹായിയും ആയിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതി.
◾സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവു നടപ്പാക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകള്‍ കിട്ടാനില്ലാത്തതിനാലും സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ കാമറ നിര്‍ബന്ധമാക്കിയാല്‍ ബസ് സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നും കുമരകത്ത് റിയാസ് പറഞ്ഞു
◾അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനുള്ള ചെലവ് തുകയായി 1,41,000 രൂപ അനുവദിച്ചു. നേരത്തെ ചെലവുതക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു നിലപാട്. കേസിന്റെ സവിശേഷത മാനിച്ച് ചെലവു പണവും അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.
◾മുതലമട ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരെ വശത്താക്കി യുഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ഒരു വോട്ടിനു പരാജയപ്പെട്ടു. എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് സ്വതന്ത്ര അംഗം പി കല്‍പനാദേവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റും സി പി എം പ്രതിനിധിയുമായ ബേബി സുധയെയാണ് കല്‍പനാദേവി തോല്‍പ്പിച്ചത്.
◾മൂന്നാറില്‍ പൂഴയോരം കൈയേറി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണം. റവന്യുവകുപ്പ് അനുമതി നിഷേധിച്ചിട്ടും പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്. ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പണികള്‍ നടത്തുന്നത്.
◾ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ മയക്കുമരുന്ന് വിറ്റെന്ന് ആരോപിച്ച് ബ്യൂട്ടീഷനെ അറസ്റ്റു ചെയ്തു. 12 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയാണ് അറസ്റ്റിലായത്.
◾പാലക്കാട് പുതുശേരിയില്‍ കുടുംബ ഭഗവതി ക്ഷേത്രോല്‍സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ദേശീയപാതയിലൂടെ ഓടിയ ആനയെ പിന്നീടു തളച്ചു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. രാത്രി ഒമ്പതോടെയാണു സംഭവം. ആന ആക്രമിക്കുമെന്നു ഭയന്ന് വാഹനങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങി ഓടി.
◾കൊടുങ്ങല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. കൊടുങ്ങല്ലൂര്‍ മേത്തല ചള്ളിയില്‍ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാറാടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.
◾ആലപ്പുഴയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചേര്‍ത്തല പതിനെട്ടാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് വീട്ടില്‍ തങ്കരാജ് – രമ ദമ്പതികളുടെ മകന്‍ അനന്തരാജ് (26) ആണ് മരിച്ചത്.
◾വയനാട് പനമരത്തിനടുത്ത് കേണിച്ചിറ വളാഞ്ചേരിയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി എളമ്പാശ്ശേരി വര്‍ഗ്ഗീസ് (75), ബെന്നി (51), ജിജോ ജോണി (35) അഭിജിത്ത് (10) തുടങ്ങിയവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
◾മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നു സിബിഐ വാദിച്ചു. എന്നാല്‍ തനിക്കെതിരേ തെളിവില്ലെന്നാണു മനീഷ് സിസോദിയയുടെ വാദം.
◾ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
◾ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. യാത്രക്കാര്‍ ബസ്സിലിരിക്കെ സംഘര്‍ഷത്തിലേര്‍പ്പെട്ട ജീവനക്കാരന്‍ മറ്റൊരു ബസ്സിന്റെ കണ്ണാടിച്ചില്ല് അടിച്ചു തകര്‍ത്തു.
◾ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ത്രിപുരയില്‍ നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡെയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോള്‍ ഫലം. സിപിഎം ആറു മുതല്‍ 11 വരെയും തിപ്രമോദ പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റുകളും നേടും. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടും. എട്ടു മുതല്‍ 13 വരെ സീറ്റ് ടിഎംസിക്കു ലഭിക്കും. ആറ് മുതല്‍ 13 വരെ സീറ്റുമായി ബിജെപി മൂന്നാം സ്ഥാനത്താകും. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേക്കെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 35 മുതല്‍ 43 വരെ സീറ്റുകള്‍ ബിജെപി സഖ്യത്തിനു കിട്ടുമെന്നാണ് പ്രവചിനം. രണ്ടു മുതല്‍ അഞ്ചു സീറ്റ് വരെ എന്‍പിഫും മൂന്നു വരെ സീറ്റ് കോണ്‍ഗ്രസും നേടും.
◾ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ നാടായ ശിവമൊഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 622.38 ഏക്കര്‍ സ്ഥലത്ത് താമരയുടെ ആകൃതിയില്‍ 384 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്.
◾മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റാണെങ്കിലും റിമോട്ട് കണ്‍ട്രോള്‍ ആരുടെ കൈയിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖാര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി ആരോപിച്ചു.
◾ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും ഡല്‍ഹി സിബിഐ കോടതിയുടെ സമന്‍സ്. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ മാര്‍ച്ച് 15 നു ഹാജരാകണം. സിബിഐ 16 പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിരുന്നു.
◾തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനു 184 പേരെ അറസ്റ്റു ചെയ്തു. കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. ഇനിയും അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
◾സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അമ്മ സിസിഎല്‍ ഓര്‍ഗനൈസിംഗ് സ്ഥാനത്ത് നിന്നും പിന്‍മാറിയിട്ടുണ്ട്. അതേ സമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സിസിഎല്ലില്‍ പങ്കെടുക്കാം. പക്ഷെ മോഹന്‍ലാലിന്റെയോ, അമ്മയുടെയോ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അമ്മയുടെ നേതൃത്വം പറയുന്നത്.
◾ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷതാരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീന താരം ലയണല്‍ മെസി. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ പിന്നിലാക്കിയാണ് മെസി ഏഴാം തവണ മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.
◾ബംഗ്ലാദേശിലേക്കുള്ള അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പഴയ അഞ്ചു രൂപ നാണയം നിര്‍മ്മിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടികൂടിയ പഴയ അഞ്ചു രൂപയുടെ നാണയം പഴയപോലെ അധികം കാണാനുമില്ല. ഇപ്പോള്‍ കനംകുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. ചെമ്പും നിക്കലും ചേര്‍ന്ന പഴയ നാണയങ്ങള്‍ക്ക് 9.00 ഗ്രാമാണ് തൂക്കം. വലിയ തോതിലാണ് പഴയ അഞ്ചു രൂപ നാണയങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്. ഇവ ഉരുക്കി ബ്ലേഡാണ് ഉണ്ടാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നാണയം ഉപയോഗിച്ച് ആറ് ബ്ലേഡ് വരെ നിര്‍മ്മിച്ചിരുന്നതായാണ് വിവരം. ഓരോ ബ്ലേഡും രണ്ടുരൂപയ്ക്കാണ് വിറ്റിരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ വിവരം റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കനംകുറഞ്ഞ നാണയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്. നിലവില്‍ കുറഞ്ഞ ചെലവിലാണ് അഞ്ചു രൂപ നാണയത്തിന്റെ നിര്‍മ്മാണം. ലോഹവുമായി കുറഞ്ഞ വിലയുള്ള മൂലകങ്ങള്‍ ചേര്‍ത്താണ് നിര്‍മ്മാണം. ഇതോടെ പുതിയ അഞ്ചു രൂപയുടെ നാണയം കടത്തിയാലും ആദായകരമായ രീതിയില്‍ ബ്ലേഡ് നിര്‍മ്മിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ഉരുക്കുമ്പോള്‍ പഴയ അഞ്ചു രൂപയുടെ നാണയത്തില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ മൂല്യം അഞ്ചു രൂപയ്ക്ക് മുകളിലായിരുന്നു. ഇതാണ് കള്ളക്കടത്തുകാര്‍ അവസരമായി കണ്ടിരുന്നത്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ അഞ്ചു രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.
◾നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്.
◾ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
◾ജനുവരി 12ന് നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച 5-ഡോര്‍ ജിംനിയും ഫ്രോങ്‌സും ഇതുവരെ 30,000ത്തിലധികം ബുക്കിംഗുകള്‍ നേടിയതായി കമ്പനി. മാരുതിയുടെ നെക്‌സ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മുഖാന്തരമാണ് ജിംനിയും ഫ്രോങ്‌സും വില്‍ക്കുക. ജിംനിക്ക് 20,000 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍, ഫ്രോങ്‌സിന് ഇതുവരെ ലഭിച്ചത് 10,000 ഓര്‍ഡറുകളാണ്. രണ്ട് എസ്യുവികളുടെ വില പ്രഖ്യാപനവും, ഉപഭോക്തൃ ഡെലിവറിയും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വകഭേദങ്ങളാണ് ഫ്രോങ്‌സിന് നല്‍കിയിരിക്കുന്നത്. ജിംനിയാവട്ടെ സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ ലഭ്യമാവും. വിലയുടെ കാര്യത്തില്‍, മാരുതി സുസുക്കി ജിംനി 9 ലക്ഷം മുതല്‍ 13 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയും, മാരുതി സുസുക്കി ഫ്രോങ്സിന് 6.50 ലക്ഷം മുതല്‍ 11 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയും ആവാനാണ് സാധ്യത.
◾മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകള്‍ക്ക് മുന്നില്‍ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരില്‍ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകള്‍ നിറയുന്നു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു. ‘കഥ പറയാനൊരു മുത്തശ്ശി’. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 237 രൂപ.