🗞🏵 പാലാ വിഷൻ പ്രഭാത വാർത്തകൾ 🗞🏵
മാർച്ച് 8 , 2023 ബുധൻ 1198 കുംഭം 24
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടി രൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല.
🗞🏵 ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഒൻപതര മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു. ഇഡി ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതിരിക്കാന്‍ രവീന്ദ്രന് തയാറായില്ല.
🗞🏵 ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കുന്ന പാർട്ടിക്കാർപോലും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട സ്ഥിതിയാണെന്ന കണ്ടെത്തലുമായി സി.പി.എം. തിരുത്തൽ രേഖ. സമൂഹത്തിന് മാതൃകയാകുന്നവിധത്തിലാകണം പാർട്ടി അംഗങ്ങളുടെ പ്രവർത്തനവും ജീവിതരീതിയും. യുവാക്കളെ ആകർഷിക്കുംവിധം കായികമേഖലയിലെ പാർട്ടി ഇടപെടൽ മാറണം. എന്നാൽ അംഗങ്ങളുടെ മയക്കുമരുന്ന് ഉപയോഗം ഇതിനെല്ലൊം തടസമാകുന്നു.
🗞🏵 നിശ്ചയിച്ച തീയതിയും തീരുമാനിച്ച മാനദണ്ഡങ്ങളും പലവട്ടം മാറിമറിഞ്ഞപ്പോൾ വഴിമുട്ടിയ കോൺഗ്രസ് പുനഃസംഘടന നേതൃതലത്തിൽതന്നെ തർക്കത്തിലേക്ക് മാറുന്നു. ചർച്ചകളെല്ലാം അവസാനിപ്പിച്ച് ഭാരവാഹിസ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകൾ അടിയന്തരമായി കൈമാറാൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നിർദേശം നൽകി.
🗞🏵 മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ രണ്ടിടത്തും ചടങ്ങിൽ പങ്കെടുത്തു. ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
🗞🏵 ഉത്തര കൊറിയയുടെ പരീക്ഷണ മിസൈലുകൾ വെടിവച്ചിടുന്നത് യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് ഏകാധിപതി കിംജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭീഷണി മുഴക്കി. പസിഫിക് സമുദ്രത്തിലേക്ക് കൂടുതൽ മിസൈലുകൾ വിടുമെന്ന സൂചനയും ജോങ് നൽകി. ഇതുവരെ യുഎസോ സഖ്യരാഷ്ട്രങ്ങളോ ഉത്തര കൊറിയയുടെ മിസൈലുകൾ വെടിവച്ചിട്ടിട്ടില്ല.
🗞🏵 ആഴ്ചകളായി കനത്ത ഏറ്റുമുട്ടൽ തുടരുന്ന കിഴക്കൻ നഗരമായ ബഹ്‌മുതിൽ റഷ്യൻ സേനയ്ക്ക് വൻ ആൾനാശമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 1600 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണു വിവരം. റഷ്യൻപക്ഷത്തെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ സേനാമുന്നേറ്റം ദുർബലമാക്കിയിട്ടുണ്ട്. നഗരം വിട്ടുകൊടുക്കില്ലെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു.
🗞🏵 ഒഡീഷമന്ത്രി നബ കിഷോർ ദാസിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ പോലീസ് കോൺസ്റ്റബിൾ ഗോപാൽദാസിന് മാനസിക ബുദ്ധിമുട്ടുകൾ ഇല്ലെന്നു ജാർസുഗുഡ ജില്ലാ കോടതി. മെഡിക്കൽ ബോർഡ് പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതി വ്യക്തമാക്കി.
🗞🏵 കർണാടകയിൽ മുന്നു മുൻ ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. ചാമരാജ് ജില്ലയിലെ കൊല്ലഗൽ എംഎൽഎയായിരുന്ന ജി.എൻ. നഞ്ചുണ്ട സ്വാമി, ദൊഡബല്ലാപുര മുൻ എംഎൽഎ നരസിംഹ സ്വാമി, വിജയപുര മുൻ എംഎൽഎ മനോഹരൻ ജ്ഞാനപുര എന്നിവരാണു കോൺഗ്രസിൽ ചേർന്നത്.
🗞🏵 അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ പാർക്ക്, രാമക്കൽമേട്, പാഞ്ചലിമേട് , ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ്, അണക്കര അരുവിക്കുഴി പാർക്ക്, മൂന്നാർ ബോട്ടാനിക്കൽ ഗാർഡൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് വനിതകൾക്ക് സൗജന്യമായിരിക്കും.
🗞🏵 സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. ഡോ. സഞ്ജീബ് പട്ജോഷിക്കു പകരമായാണ് ശ്രീറാമിന്റെ നിയമനം. നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചു. സപ്ലൈകോ ജനറൽ മാനേജർ ആയിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ അധിക ചുമതല നൽകുകയായിരുന്നു.
🗞🏵 ഇടുക്കി മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്കായി മൂന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്.
🗞🏵 തിരുവനന്തപുരത്ത് പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
🗞🏵 മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മധുരയിലാണ് സംഭവം. 40- ഓളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയിച്ചിരിക്കുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
🗞🏵 സൈനികര്‍ ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗം. ചൈനീസ് മൊബൈല്‍ഫോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
🗞🏵 മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നടന്ന 13-ാമത് മിസ്റ്റർ ജൂനിയർ ബോഡി ബിൽഡിംഗ് മത്സരം രാഷ്ട്രീയ യുദ്ധത്തിന് വഴിയൊരുക്കിയിരിക്കുന്നു. ഹനുമാന്റെ പ്രതിമയ്ക്ക് മുന്നിൽ സ്ത്രീകൾ ബിക്കിനി വേഷത്തിൽ എത്തിയത് വിവാദമാകുന്നു. ബിജെപി മേയർ പ്രഹ്ലാദ് പട്ടേൽ അടങ്ങുന്ന കമ്മിറ്റി സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തെ രാഷ്ട്രീയവത്ക്കരിച്ച് വിവാദമാക്കിയിരിക്കുന്നത് കോൺഗ്രസാണ്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയത്.
🗞🏵 അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.
🗞🏵 ഗുജറാത്തില്‍ 425 കോടി വിലവരുന്ന ഹെറോയിനുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍. 61 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന അഞ്ച് ഇറാനിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടിച്ചെടുത്തത്.
🗞🏵 ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ് പ്രതിദിനം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നത്. വിപണി വിലയേക്കാള്‍ 50% മുതല്‍ 90% വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്ന മരുന്നുകള്‍.
🗞🏵 തോക്കുമായെത്തി യുവാവിന്റെ കവർച്ചാ ശ്രമം. മണ്ണാർക്കാട് തച്ചമ്പാറയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാഫറാലിയാണ് വീട്ടിൽ കയറി തോക്ക് ചൂണ്ടി മോഷണം നടത്താൻ ശ്രമിച്ചത്. മുള്ളത്ത് പാറയിലെ ഒരു വീട്ടിൽ ജാഫറാലി കയറി തോക്കു ചൂണ്ടി സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു
🗞🏵 മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 29.76 കോടി രൂപ മൂല്യം വരുന്ന ലഹരിമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ പിടിയിലായി. വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 167 ക്യാപ്സൂളുകളാണ് പിടികൂടിയത്. 2.97 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച ക്യാപ്സൂളുകൾ മൂന്ന് ദിവസമെടുത്താണ് ഇവർ വിഴുങ്ങിത്തീർത്തത്.
🗞🏵 ഇറാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്ക് വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി കുറച്ചാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്‌മദി പറഞ്ഞു.
🗞🏵 സാമൂഹികമാധ്യമങ്ങളിലെ സ്‌പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം. ഇതിനായുള്ള മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കി. പ്രതിഫലംവാങ്ങിചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം.ശുപാർശചെയ്യുന്ന ഉത്പന്നങ്ങൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
🗞🏵 ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകാവതരണം നടത്തിയതില്‍ വ്യാപക പ്രതിഷേധം. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്. ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം ശക്തമാണ്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ നാടകം. സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
🗞🏵 കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ നിന്നും കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയ കാമറൂണ്‍ സ്വദേശിയായ ക്ലരീഷ്യന്‍ വൈദികന്‍ ഫാ. അന്റോയിന്‍ മക്കെയര്‍ മോചിതനായി. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഒ-പ്രിന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ വൈദികനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും, 10 ദിവസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ പുറത്തു പോയ സമയത്താണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ഫാ. ക്രൂസ് ‘സി.എന്‍.എ’യുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു.
🗞🏵 ഫ്രാന്‍സിസ് പാപ്പ, പരിശുദ്ധ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുവാനിരിക്കെ പാപ്പ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സഞ്ചരിച്ച ദൂരം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഏതാണ്ട് 2,55,000-മൈലുകളാണ് ഇക്കാലയളവില്‍ നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത്. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ നാല്‍പ്പതോളം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് പാപ്പ നടത്തിയിരിക്കുന്നത്. ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും, 18 ഏഷ്യന്‍ രാജ്യങ്ങളും, 20 യൂറോപ്യന്‍ രാജ്യങ്ങളും, 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും.
🗞🏵 നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡപകടം എന്ന പേരില്‍ എഴുതിത്തള്ളിയ അര്‍ജന്റീനയിലെ കത്തോലിക്ക മെത്രാന്റെ മരണത്തേക്കുറിച്ചുള്ള പുനരന്വേഷണത്തിനു സാധ്യതയേറുന്നു. അര്‍ജന്റീനയിലെ സാന്‍ നിക്കോളാസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് കാര്‍ലോസ് ഹൊറാസിയോ പോണ്‍സ് ഡെ ലിയോണിന്റെ മരണം റോഡപകടം മൂലമെന്ന് വിധിച്ച 1978-ലെ കോടതി വിധി റോസാരിയോയിലെ അപ്പീല്‍ കോടതി അടുത്ത നാളില്‍ റദ്ദാക്കിയതാണ് പുനരന്വേഷണത്തിലേക്ക് നയിച്ചത്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന സിവില്‍ – മിലിട്ടറി ഏകാധിപത്യ ഭരണകൂടത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിനും, ഭീഷണിക്കും മെത്രാന്‍ ഇരയായിരുന്നുവെന്ന വസ്തുത തെളിയിക്കപ്പെട്ടതാണെന്നു റോസാരിയോ അപ്പീല്‍ കോടതി വ്യക്തമാക്കി.
🗞🏵 ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം കൂടുതല്‍ ശക്തമായെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭവനകേന്ദ്രീകൃത കൂട്ടായ്മകളെ ഇല്ലാതാക്കുകയും, ക്രൈസ്തവരെ കണ്ടെത്തി കൊലപ്പെടുത്തുകയും, ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുന്നതും രാജ്യത്തു പതിവായിരിക്കുകയാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.