🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 7 , 2023 ചൊവ്വ 1198 കുംഭം 23
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 രാജ്യത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. കാട്ടുതീ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണം. ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാർഥികൾക്കു പരിശീലനം നൽകണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 യുക്രെയ്നിൽ യുദ്ധം നടത്തുന്ന റഷ്യയുടെ സ്വകാര്യ സൈന്യമായ ‘വാഗ്നർ’ ആയുധം ലഭിക്കാതെ വലയുന്നതായി വെളിപ്പെടുത്തൽ. യുക്രെയ്ന്റെ കിഴക്കൻ നഗരങ്ങളിലാണു വാഗ്നർ പോരാട്ടം നടത്തുന്നത്. ആയുധങ്ങൾ ലഭിക്കുന്നില്ലെന്നു വാഗ്നർ മേധാവി യെഗുനി പ്രിഗോഷിൻ തന്നെയാണു വെളിപ്പെടുത്തിയത്. ആയുധങ്ങൾ എത്തിക്കാത്തതു ചതിയുടെ ഭാഗമായാണോ എന്നു സംശയിക്കുന്നുവെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു.
🗞🏵 സിനിമയിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചനു (80) പരുക്കേറ്റു. വാരിയെല്ലിനു പൊട്ടലും പേശികൾക്കു ക്ഷതവുമുണ്ടെന്നും മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്നും താരം ബ്ലോഗിൽ കുറിച്ചു. ഹൈദരാബാദിൽ വച്ചാണു താരത്തിനു പരുക്കേറ്റത്. ഷൂട്ടിങ് നിർത്തിവച്ച് അദ്ദേഹം മുംബൈയിലേക്കു മടങ്ങി.
🗞🏵 മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ രംഗത്ത്. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിയിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും അവർ പറഞ്ഞു.
🗞🏵 ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപില്‍ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജന്‍സിയിലെ പ്രകൃതിദുരന്തത്തില്‍ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജന്‍സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 ഉള്ളിക്ക് തുച്ഛമായ വിലയേ ലഭിക്കുന്നുള്ളൂ എന്ന് ആരോപിച്ച് ഒന്നരയേക്കർ ഉള്ളി പാടത്തിനു തീയിട്ട് കർഷകൻ. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെയായി വില ഇടിഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കൃഷ്ണ ഡോംഗ്രേ എന്ന കർഷകൻ ഇത്തരത്തിൽ തന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചത്.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണു പ്രശ്നങ്ങൾക്കു കാരണമെന്നു കർഷകൻ വാദിക്കുന്നു.
🗞🏵 വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവും തമിഴ്നാടും ചേർന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെടുകയായിരുന്നു.
🗞🏵 തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് ഏറ്റെടുത്തു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് മലയാളം സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ചുമതലയേറ്റത്.
🗞🏵 ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമണത്തിനിരയാകുന്നുവെന്ന് ധരിപ്പിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ബിഹാറിൽ യുവാവ് അറസ്റ്റിൽ. ജമൂയിലെ ലക്ഷ്മിപുർ നിവാസി അമൻ കുമാറാണ് അറസ്റ്റിലായത്. അമൻ കുമാർ, രാകേഷ് തിവാരി, യുവരാജ് സിംഗ് രാജ്പുട്, മനീഷ് കാശ്യപ് എന്നിവർക്കെതിരേ കേസെടുത്തുവെന്നും ബിഹാർ പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ യൂണിറ്റ് (ഇഒയു) വ്യക്തമാക്കി.
🗞🏵 പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒൻപത് പോലീസുകാർ ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. പോലീസ് ട്രക്കിലേക്ക് ബെെക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ട്രക്കിന്റെ പിന്നിൽ നിന്നാണ് ചാവേർ ബെെക്ക് ഇടിച്ചു കയറ്റിയതെന്നും പോലീസ് പറഞ്ഞു.
🗞🏵 ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. എംഎൽഎമാർ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും.
🗞🏵 ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കത്തുനൽകിയത്.
🗞🏵 കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലന്പ്ര ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മുരളീധരന്റെ തലയിൽ 36 തുന്നലുകളുണ്ട്.
🗞🏵 കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കോതമംഗലത്താണ് സംഭവം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.വെള്ളാരംകുത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്
🗞🏵 കോഴിക്കോട് തിരുവള്ളൂരിലെ മുന്‍ എസ് ഡി പി ഐ നേതാവ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ദേശീയ ന്യൂനപക്ഷ മോർച്ച നേതാക്കളുടെ സാന്നിധ്യത്തില്‍ ഇവർക്ക് സ്വീകരണം നല്‍കി, ജില്ല അധ്യക്ഷന്‍ വികെ സജീവന്‍ ഉള്‍പ്പടേയുള്ളവർ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാ തലയോഗത്തിലാണ് ബി.ജെ.പി ഇരുവര്‍ക്കും സ്വീകരണം നല്‍കിയത്.
🗞🏵 അധ്യയനവർഷം അവസാനിക്കാറായിട്ടും ഒഇസി – ദളിത് ക്രിസ്ത്യൻ പ്ലസ് ടു മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എത്രയും വേഗം അവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
🗞🏵 പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പാസ്‌പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ വഴി മാത്രം ചെയ്യണമെന്നും അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
🗞🏵 ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. തന്റെ വീട്ടിൽ വച്ച് ആണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.അംബജാരി പ്രദേശത്തെ താമസക്കാരിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.
🗞🏵 ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കലബുര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത് . യെദിയൂരപ്പ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുവാന്‍ ഒരുങ്ങുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയരുകയായിരുന്നു.
🗞🏵 മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഭഗവദ്ഗീത, ഡയറി, പേന തുടങ്ങിയവ ജയിലില്‍കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു. സിസോദിയയുടെ ആവശ്യ പ്രകാരമാണ് കോടതി അനുമതി നല്‍കിയത്.
🗞🏵 ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് നിർമ്മിച്ച അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം ‘ഹിസ് ഒണ്‍ലി സൺ’ ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക്. ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ എയ്ഞ്ചൽ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം അടക്കമുള്ളതിന്റെ ചുക്കാൻ പിടിക്കുന്നത്. ദ ചോസൺ പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നതും എയ്ഞ്ചൽ സ്റ്റുഡിയോസാണ്.
🗞🏵 തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അറസ്റ്റിലായ യുവാവിന് മോചനം. വചനപ്രഘോഷകന്‍ കൂടിയായ യൂസഫ് നദർക്കാനിയ്ക്കാണ് 1979-ലെ വിപ്ലവത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് മോചനം ലഭിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹാദി റഹീമി, സമാൻ ഫാദേയ് എന്നീ രണ്ട് പേർക്ക് കൂടി നേരത്തെ മോചനം ലഭിച്ചിരുന്നു. 2010ലാണ് നദർക്കാനി ജയിലിൽ അടയ്ക്കപ്പെടുന്നത്. ആരോപിക്കപ്പെട്ടിരിന്ന കേസുകളുടെ പേരിൽ നിരവധി വർഷങ്ങളായി മൂവർക്കും ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.
🗞🏵 ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ സൽസാനോ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷിൽ തർജ്ജമ പ്രസിദ്ധീകരിച്ചു. ‘മൈ സൺ കാർളോ: കാർളോ അക്യുറ്റിസ് ത്രൂ ദി ഐസ് ഓഫ് ഹിസ് മദർ’ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിതനായി പതിനഞ്ചാം വയസ്സിൽ കാർളോ മരണപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2006ൽ മരണമടഞ്ഞ അക്യുറ്റിസ് യുവജനങ്ങളുടെയും, കംപ്യൂട്ടറിൽ തൽപരരായവരുടെയും ഇടയിൽ പ്രസിദ്ധനാണ്. 2022 ഒക്ടോബർ മാസം ഇറ്റാലിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം അമ്മയുടെ കണ്ണുകളിലൂടെ കാർളോ അക്യുറ്റിസിന്റെ ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന വിധത്തിലാണ് രചിച്ചിരിക്കുന്നത്.
🗞🏵 വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. യൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലാണ് ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളുള്ളത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം കനക്കുകയാണ്. അധികാര ധാര്‍ഷ്ട്യ മറവില്‍ എസ്‌എഫ്‌ഐ ക്രൈസ്തവ സമൂഹത്തോട് നടത്തിയ വെല്ലുവിളിയായാണ് പലരും ഇതിനെ നിരീക്ഷിക്കുന്നത്.
🗞🏵 കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പാര്‍ട്ടാമ മരിയന്‍ ദേവാലയത്തില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ തീര്‍ത്ഥാടനം നടക്കുന്നത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാപ്പോലീത്ത ജോണ്‍ ബര്‍വ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 55 വൈദികരും, 25 സന്യസ്തരും ഉള്‍പ്പെടെ ഏതാണ്ട് അരലക്ഷത്തോളം ആളുകള്‍ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയെന്നു ഹോളി റോസറി ദാരിങ്ങ്ബാദി ഇടവക വികാരി ഫാ. മുകുന്ദ് ദേവാണ് വെളിപ്പെടുത്തിയത്